ബിരിയാണിയിൽ നിന്ന് ബാൻഡേജ് ; രംഗോലി  റസ്റ്ററന്റ് അടച്ച് പൂട്ടി

ബിരിയാണിയിൽ നിന്ന് ബാൻഡേജ് ; രംഗോലി റസ്റ്ററന്റ് അടച്ച് പൂട്ടി

സ്വന്തംലേഖിക

കഴക്കൂട്ടം : നാലുമാസം മുമ്പ് ചിക്കൻ ടിക്കയിൽനിന്ന് പുഴുവിനെ ലഭിച്ച അതേ ഫുഡ് കോർട്ടിൽ നിന്ന് കഴിഞ്ഞ ദിവസം ബിരിയാണിയിൽനിന്ന് കിട്ടിയത് ആരോ ഉപയോഗിച്ച ബാൻഡേജ്.ടെക്‌നോപാർക്ക് ഫുഡ്‌കോർട്ടിലാണ് സംഭവം നടന്നത്.നാളുകളായി സമാനമായ പരാതികളുയർന്ന നിള ബിൽഡിങ്ങിലെ രംഗോലി റസ്റ്ററന്റാണ് ടെക്‌നോപാർക്ക് ഇടപെട്ട് വീണ്ടും അടച്ചത്. തുടർച്ചയായി പരാതികൾ ഉയർന്നിട്ടും കൂസലില്ലാത്ത അധികൃതർക്കെതിരെ ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനിയും രംഗത്തു വന്നു.രംഗോലിയിൽ നിന്നു വാങ്ങിയ ബിരിയാണിയിൽ നിന്നാണ് ഐടി ജീവനക്കാരന് രക്തവും മരുന്നും പുരണ്ട ബാൻഡേജ് ലഭിച്ചത്. ഉടൻ തന്നെ ടെക്‌നോപാർക്ക് അധികൃതർക്കു പരാതി നൽകുകയും ചെയ്തു.കഴിഞ്ഞ ഫെബ്രുവരി 18നാണ് ഇവിടെ നിന്നു വാങ്ങിയ ചിക്കൻ ടിക്കയിൽ നിന്നു പുഴുവിനെ കണ്ടെത്തിയത്. കട താൽക്കാലികമായി അടയ്ക്കുകയും ചെയ്തു.ടെക്‌നോപാർക്കിലെ വിവിധ റസ്റ്ററന്റുകൾ കേന്ദ്രീകരിച്ച് മേയറുടെ നേതൃത്വത്തിൽ പരിശോധനയും അന്നു നടത്തിയിരുന്നു. ജനുവരി പകുതിയോടെയാണു ദുരൂഹമായ നിലയിൽ ടെക്‌നോപാർക്ക് ജീവനക്കാർക്കിടയിൽ വയറിളക്കവും, ഛർദ്ദിലും വ്യാപകമായത്. ഇതോടെയാണ് ഭക്ഷ്യവിഷബാധയാണെന്ന് തെളിഞ്ഞത്.