പീഡനക്കേസില്‍ ജയില്‍വാസം ഒഴിവാക്കാന്‍ കോടിയേരിയുടെ മകന്‍; യുവതിയുമായി ബന്ധമില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും എല്ലാ ആരോപണങ്ങളും ശരിയല്ലെന്നാണ് ചൂണ്ടിക്കാട്ടിയിരുന്നതെന്നും വാദം; കുട്ടിയുടെ പിതൃത്വവും ബിനോയ് ഏറ്റെടുത്തുവെന്നും സൂചന; വിഷയത്തിൽ പ്രതികരിക്കരുതെന്ന് സിപിഎം സെക്രട്ടറി കോടിയേരിക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം; ബോംബെ കേസ് ഒത്തുതീർപ്പിലേക്ക്….
സ്വന്തം ലേഖിക
മുംബൈ: ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡനക്കേസ് ഒത്തുതീര്‍ക്കാനുള്ള അപേക്ഷയില്‍ ബോംബെ ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ കേരളത്തില്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കും എന്നതിൽ സംശയമില്ല.
എന്നാൽ വിഷയത്തില്‍ ഒരു പ്രതികരണവും നടത്തരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേസില്‍ ബോംബെ ഹൈക്കോടതിയില്‍ ബിനോയ് കോടിയേരിയും പരാതിക്കാരിയും 13നു മറുപടി നല്‍കണം. യുവതിക്കു ജനിച്ച കുട്ടിയുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം വേണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമപ്രകാരം വിവാഹിതരായോ എന്നതിന് അതെ എന്നു യുവതിയും അല്ലന്നു ബിനോയിയും മറുപടി നല്‍കിയിരുന്നു. ഇതിലും വ്യക്തത വരുത്തണം. ഇതിനൊപ്പം കുട്ടിയുടെ ഭാവി എന്താകുമെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമുണ്ടായില്ല. ഇക്കാര്യങ്ങളില്‍ ഇരുവരുടെയും മറുപടികളും തുടര്‍ചോദ്യങ്ങളുണ്ടെങ്കില്‍ അവയ്ക്കുള്ള ഉത്തരവും വിലയിരുത്തിയ ശേഷമാകും അന്തിമ തീരുമാനം.
യുവതിയുമായി ബന്ധമില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും എല്ലാ ആരോപണങ്ങളും ശരിയല്ലെന്നാണ് ചൂണ്ടിക്കാട്ടിയിരുന്നതെന്നും ബിനോയ് പ്രതികരിച്ചു. കേസ് ഒത്തുതീര്‍ക്കാന്‍ കുറച്ചുകാലമായി യുവതിക്കു താല്‍പര്യമുണ്ടായിരുന്നു. കുട്ടിയുടെ ഭാവിയോര്‍ത്താണ് പ്രശ്‌നപരിഹാരത്തിനു ശ്രമിച്ചത്. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ഇപ്പോള്‍ പുറത്തു പറയാനാകില്ല. അനുകൂലവിധി ഉടന്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും ബിനോയ് അറിയിച്ചു.
കുട്ടിയുടെ പിതൃത്വവും ബിനോയ് ഏറ്റെടുത്തുവെന്നാണ് സൂചന.
ഹൈക്കോടതിയില്‍ രഹസ്യരേഖയായി നല്‍കിയിട്ടുള്ള ഡിഎന്‍എ പരിശോധനാഫലം പുറത്തുവരും മുന്‍പാണ് കുഞ്ഞിന്റെ പിതൃത്വം ബിനോയ് പരോക്ഷമായി അംഗീകരിച്ചിരിക്കുന്നത്. ഇതു പുറത്തു വന്നാല്‍ യുവതിയുടെ പരാതി ശരിയെന്ന് തെളിയും. ഈ സാഹചര്യമാണ് ബിനോയിയെ പ്രതിക്കൂട്ടിലാക്കിയത്. മഹാരാഷ്ട്രയില്‍ ബിജെപി ഭരണമെത്തുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയാകും. ഇതാണ് ബിനോയിയെ ഒത്തുതീര്‍പ്പിന് പ്രേരിപ്പിച്ചത്.
നേരത്തേ, യുവതിയുടെ ആരോപണം കള്ളമാണെന്നും കേസ് തള്ളണമെന്നും ആവശ്യപ്പെട്ട് ബിനോയ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡിഎന്‍എ പരിശോധനയ്ക്ക് ഹൈക്കോടതി നിര്‍ദേശിച്ചത്. കേസ് നീണ്ടുപോവുന്നതിനാലും ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലെന്നുമിരിക്കെ, കുട്ടിക്ക് ജീവനാംശം ലഭിച്ചാല്‍ ഒത്തുതീര്‍പ്പിന് തയാറാണെന്നതാണ് യുവതിയുടെ നിലപാട്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിച്ച് 2019 ജൂണിലാണ് യുവതി മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
കേസില്‍ ബോംബെ കോടതി വിധി എല്ലാം നിശ്ചയിക്കും. ഒത്തുതീര്‍പ്പിലായെന്ന് കാണിച്ച് പരാതിക്കാരിയായ ബീഹാര്‍ സ്വദേശിനിയും ബിനോയിയും ഒപ്പിട്ട രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഒത്തുതീര്‍പ്പ് കരാറിലെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. രേഖയില്‍ കുട്ടി തന്റേതാണെന്ന് ബിനോയ് അംഗീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ കുട്ടി വളര്‍ന്നുവരുകയാണെന്നും അവന്റെ ഭാവിയെ കരുതിയാണ് കേസ് ഒത്തുതീര്‍ക്കാന്‍ തീരുമാനിച്ചതെന്നും രേഖയിലുണ്ട്. ബലാത്സംഗം അടക്കമുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ കുറ്റപത്രത്തിലുള്ളതിനാല്‍ ഒത്തുതീര്‍ക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.