അത്താണിയിൽ ഗുണ്ടയെ വെട്ടിക്കൊന്ന കേസിലെ മൂന്നൂ പ്രതികൾ പിടിയിൽ
സ്വന്തം ലേഖിക
നെടുമ്പാശേരി: അത്താണിയിൽ ഗുണ്ടാസംഘത്തലവൻ നെടുമ്പാശേരി തുരുത്തിശേരി വല്ലത്തുകാരൻ ‘ഗില്ലപ്പി’യെന്ന ബിനോയിയെ (40) കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളായ മൂന്നുപേർ പൊലീസ് പിടിയിലായി.
ഒന്നുമുതൽ മൂന്നുവരെ പ്രതികളായ അത്താണി തുരുത്തിശേരി വിഷ്ണുവിഹാറിൽ വിനു വിക്രമൻ (28), മൂക്കന്നൂർ മഞ്ഞിക്കാട് താബോർ കോഴിക്കോടൻ വീട്ടിൽ ഗ്രിന്റേഷ് തങ്കപ്പൻ (33), കരിയാട് തിരുവിലാംകുന്ന് കിഴക്കേടത്ത് വീട്ടിൽ ലാൽകിച്ചു കൃഷ്ണൻകുട്ടി (35) എന്നിവരാണ് പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികളെല്ലാം കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. സംഭവത്തിനുശേഷം ഒന്നും രണ്ടും പ്രതികൾ കോയമ്പത്തൂരിലും മൂന്നാം പ്രതി തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളിലുമാണ് ഒളിവിൽ താമസിച്ചത്.
കേസിൽ ഗൂഢാലോചന കേസിൽ ആറുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. നെടുമ്പാശേരി മേക്കാട് മാളിയേക്കൽ അഖിൽ, നിഖിൽ, മേക്കാട് മാളിയേക്കൽ അരുൺ, പൊയ്ക്കാട്ടുശേരി വേണാട്ടുപറമ്പിൽ ജസ്റ്റിൻ, കാരക്കാട്ടുകുന്ന് കിഴക്കേപ്പാട്ട് ജിജീഷ്, മേക്കാട് സെന്റ് മേരീസ് പള്ളിക്ക് സമീപം നമ്പ്യാരത്ത് പാറയിൽ എൽദോ ഏലിയാസ് എന്നിവർ നിലവിൽ റിമാൻഡിലാണ്. ഈ കേസിൽ രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്. കഴിഞ്ഞ 17ന് രാത്രി എട്ടരയോടെയായിരുന്നു സംഭവം
കാപ്പ’യടക്കം ഇരുപതോളം വധശ്രമക്കേസുകളിൽ പ്രതിയാണ് വിനു വിക്രമൻ. കാപ്പക്കേസിൽ ഉൾപ്പെട്ട വിനു കോടതി ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് പറവൂർ, ചെങ്ങമനാട്, നെടുമ്പാശേരി സ്റ്റേഷനുകളിൽ നിലവിൽ കേസുണ്ട്. കൊലപാതക ശ്രമമടക്കം പത്തോളം കേസുകളിലെ പ്രതിയാണ് ഗ്രിന്റേഷ് തങ്കപ്പൻ. ലാൽ കിച്ചുവിനെതിരെ നാല് ക്രിമിനൽ കേസുകളുണ്ട്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിക്കുകയും ഒന്നും രണ്ടും പ്രതികളെ കൊരട്ടി പൊങ്ങം പെട്രോൾ ബങ്കിന് സമീപത്ത് നിന്നും മൂന്നാം പ്രതി ലാൽ കിച്ചുവിനെ ഹൈക്കോടതിക്ക് സമീപത്ത് നിന്നുമാണ് ശനിയാഴ്ച രാത്രി പൊലീസ് പിടികൂടിയത്.
മൂന്ന് പ്രതികളെയും ആലുവ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലാ റൂറൽ എസ്.പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി ജി. വേണു, സർക്കിൾ ഇൻസ്പെക്ടർമാരായ പി.എം. ബൈജു, പി.വി. വിനേഷ്‌കുമാർ, എസ്. മുഹമ്മദ് റിയാസ്, പി.ജെ. നോബിൾ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മുഖ്യപ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിന് ഇന്ന് കോടതിയിൽ അപേക്ഷ നൽകുമെന്ന് സി.ഐ വിനേഷ്‌കുമാർ പറഞ്ഞു.