പുരപ്പുറത്ത് കയറിയവനും സീറ്റ് ചോദിച്ച് വരുമെന്ന പേടിയില്‍ ഉമ്മന്‍ചാണ്ടി; കരഞ്ഞ് നിലവിളിച്ച് സീറ്റ് നേടി ബിന്ദു കൃഷ്ണ; സീറ്റ് കിട്ടാത്തതിന്റെ പേരില്‍ മൊട്ടയടിച്ച ലതികാ സുഭാഷ് കോണ്‍ഗ്രസിന്റെ അന്ത്യം കുറിക്കുമോ?; കോണ്‍ഗ്രസ് സീറ്റ് നിര്‍ണ്ണയം കണ്ണീരില്‍ കുതിര്‍ന്നത്
സ്വന്തം ലേഖകന്‍
കോട്ടയം: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം എല്ലാ മുന്നണികളിലും ഒരു സുനാമി അടിക്കുന്നത് പതിവാണ്. മുന്നണികളുടെ പൊതുസ്വഭാവം അനുസരിച്ച് അതിന്റെ തീവ്രത കൂടിയും കുറഞ്ഞുമിരിക്കും എന്ന് മാത്രം. ഇടത് മുന്നണി കൃത്യമായ സംഘടനാ ചട്ടക്കൂട്ടില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ട് തന്നെ, പ്രശ്‌നങ്ങള്‍ പരമാവധി പാര്‍ട്ടിക്കുള്ളില്‍ തന്നെ ‘ഒതുക്കും’. എന്നാല്‍ ഐക്യജനാധിപത്യ മുന്നണിയിലും ഭാരതീയ ജനതാ പാര്‍ട്ടിയിലും ഇതല്ല അവസ്ഥ. അണികളേക്കാള്‍ അധികം നേതാക്കന്മാരുള്ള മുന്നണികളായതിനാല്‍ ഇവിടുത്തെ പ്രശ്‌നങ്ങള്‍ അകത്തുള്ളവര്‍ അറിയും മുന്‍പേ നാട് മുഴുവന്‍ പാട്ടാകും.
ലതികാ സുഭാഷിന്റെ മൊട്ടയടിയില്‍ എന്റെ ഈ കരച്ചില്‍ മുക്കി കളയരുതെന്ന് മാധ്യമങ്ങളോട് ഒരാള്‍ പറയാതെ പറഞ്ഞിരുന്നു. മറ്റാരുമല്ല, കൊല്ലം ഡിസിസി അദ്ധ്യക്ഷ ബിന്ദു കൃഷ്ണ. കൊല്ലം സീറ്റില്‍ വിഷ്ണുനാഥിനെയാണ് എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചിരുന്നത്. തന്റെ വിശ്വസ്തനായ വിഷ്ണുനാഥിന് കൊല്ലത്ത് സീറ്റ് ഉറപ്പിക്കാനായി കനത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നു ഉമ്മന്‍ ചാണ്ടി. തുടര്‍ന്ന് കുണ്ടറ സീറ്റില്‍ മത്സരിക്കാന്‍ ചെന്നിത്തല ബിന്ദു കൃഷ്ണയോട് ആവശ്യപ്പെടുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ നാല് കൊല്ലത്തോളമായി താന്‍ കൊല്ലം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുകയാണെന്നും കൊല്ലത്ത് അല്ലാതെ വേറൊരു സീറ്റിലും താന്‍ മത്സരിക്കാനില്ലെന്നുമുള്ള നിലപാടിലായിരുന്നു ബിന്ദു കൃഷ്ണ.
കൊല്ലത്തെ സ്ഥാനാര്‍ത്ഥിയായി ബിന്ദു കൃഷ്ണയെയാണ് പിന്തുണയ്ക്കുന്നതെന്ന് ഭൂരിഭാഗം ബ്ലോക്ക് മണ്ഡലം പ്രസിഡന്റുമാരും യോഗത്തില്‍ പറഞ്ഞു. ബിന്ദുവിന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് രണ്ട് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റുമാരും മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരും ഇന്നലെ രാജിവച്ചു.
ഇതിനിടയില്‍ വനിതാ പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികള്‍ക്ക് നടുവില്‍പ്പെട്ട ബിന്ദു വികാരാധീനയായി പൊട്ടിക്കരഞ്ഞു. ശേഷം കൊല്ലം ഡിസിസി ഓഫീസില്‍ അരങ്ങേറിയ നാടകീയ രംഗങ്ങള്‍ ചാനല്‍ ക്യാമറകള്‍ മുഴുവനായി ഒപ്പിയെടുത്തു. സ്ത്രീ പ്രാതിനിധ്യത്തെപ്പറ്റി അന്തിച്ചര്‍ച്ച സംഘടിപ്പിക്കാനല്ല, പൊളിറ്റിക്കല്‍ സറ്റയര്‍ പരിപാടികളില്‍ ഇഷ്ടാനുസരണം വെട്ടിക്കുത്തി കയറ്റാന്‍, വിത്ത് മ്യൂസിക്. ബിന്ദുവിന്റെ കരച്ചിലില്‍ മനം നൊന്തിട്ടാണോ, ഒരു ‘മുട്ടയേറ്’ കൂടി കൊള്ളാന്‍ വയ്യാഞ്ഞിട്ടാണോ എന്നറിയില്ല, നാടകീയ രംഗങ്ങള്‍ക്ക് മുന്നണി തിരശ്ശീലയിട്ടത് കൊല്ലം സീറ്റ് ബിന്ദു കൃഷ്ണയ്ക്ക് എന്ന പ്രഖ്യാപനത്തോടെയാണ്.
(വാല്‍: തന്റെ കരച്ചില്‍ നാടകമാണെന്ന് മനുഷ്യത്വമുള്ള ആരും പറയില്ലെന്ന് ബിന്ദു കൃഷ്ണ..! )
ലതികാ സുഭാഷ് തല മുണ്ഡനം ചെയ്ത് പ്രതിഷേധമറിയിച്ചതും ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് തീരുമാനിച്ചതും മുന്നണിയെ ചെറുതല്ലതാതെ ചൊടിപ്പിച്ചിട്ടുണ്ട്. മുടി പിന്നെയും കിളിര്‍ത്ത് വരും, പാര്‍ട്ടിക്കുണ്ടായ അപമാനം ആര് മായ്ക്കും എന്ന് ലാലി വിന്‍സെന്റിനെക്കൊണ്ട് പത്രസമ്മേളനം നടത്തി പറയിച്ചെങ്കിലും ലതികയുടെ പ്രതിഷേധം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഉറപ്പാണ്. രാഷ്ട്രീയഭേദമന്യേ ലതികാ സുഭഷിന് ലഭിച്ച പിന്തുണയും ഏവരെയും ഞെട്ടിച്ചു.
സീറ്റ് വടംവലികള്‍ക്ക് ഏകദേശം തീരുമാനമായെങ്കിലും അവസാന നിമിഷം സീറ്റ് ചോദിച്ച് ഒരാള്‍ കൂടി വരാന്‍ സാധ്യതയുണ്ടെന്ന് ട്രോളന്മാര്‍ പറയുന്നുണ്ട്. അത്യുന്നതങ്ങളില്‍ കയറി യുഡിഎഫിന് വേണ്ടിയും പ്രിയ നേതാവിന് വേണ്ടിയും ജീവത്യാഗം ചെയ്യാന്‍ മടിയില്ലാത്ത ഒരാള്‍… കൊടിപിടിച്ച് ഉമ്മന്‍ചാണ്ടിയുടെ പുരപ്പുറത്ത് കയറിയ ദി മോസ്റ്റ് അണ്ടര്‍റേറ്റഡ് പൊളിറ്റീഷ്യന്‍..! സീറ്റ് ചോദിച്ച് അയാള്‍ കൂടി എത്തിയാല്‍ ഈ തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ തീരുമാനമാകും.
പ്രചരണം ആരംഭിച്ച സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച ചരിത്രം കോണ്‍ഗ്രസ് നേതൃത്വത്തിന് ഉണ്ടെങ്കിലും ഇത്തവണത്തെ കോണ്‍ഗ്രസ് സീറ്റ് നിര്‍ണ്ണയം മലയാളം സീരിയല്‍ പോലെ കണ്ണീരില്‍ കുതിര്‍ന്നതായിപ്പോയി. സ്ഥാനാര്‍ത്ഥികളുടെ കിനാവ് കോണ്‍ഗ്രസിന്റെ ചിറക് ഒടിക്കുമോ എന്ന് കണ്ടറിയണം…