കോടികളുടെ വസ്തുക്കൾ വ്യാജ രേഖകൾ ചമച്ച് വിറ്റ സ്ത്രീ ആര്; പോലീസ് അന്വേഷണം മന്ദഗതിയിൽ

Spread the love

സ്വന്തം ലേഖകൻ

ചേർത്തല: കോടികൾ വിലയുള്ള വസ്തുക്കൾ വിൽപ്പന നടത്തിയത് വ്യാജ മുക്ത്യാർ ഉപയോഗിച്ചാണെന്നു കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥനായ കുത്തിയതോട് സി.ഐ. ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകിയതായി ഡിവൈ.എസ്.പി എ.ജി. ലാൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രേഖകൾ വിശദമായി പരിശോധിച്ചശേഷം ഇന്നു ജില്ലാ പോലീസ് മേധാവിയുമായി ചർച്ചചെയ്ത് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ബിന്ദു പത്മനാഭനെന്ന പേരിൽ രജിസ്ട്രാർ ഓഫിസിലെത്തി മുക്ത്യാറിൽ ഒപ്പിട്ടതായി കുറ്റസമ്മതം നടത്തിയ കുറുപ്പംകുളങ്ങര സ്വദേശിനിയെ പോലീസ് ചോദ്യം ചെയ്തിട്ടില്ല. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നാണു നിഗമനം. എറണാകുളത്തെയും ചേർത്തലയിലേയും ചിലർ പോലീസ് നിരീക്ഷണത്തിലാണ്. ബിന്ദു പത്മനാഭൻ ജീവിച്ചിരിപ്പുണ്ടോയെന്നതിലും വ്യക്തത വരുത്താൻ പോലീസിനു കഴിഞ്ഞിട്ടില്ല. അഞ്ചു വർഷമായി ഇവർ കുടുംബ പെൻഷൻ കൈപ്പറ്റുന്നില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. ബിന്ദുവിന്റെ പിതാവ് സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. ഇദ്ദേഹത്തിന്റെ പെൻഷനാണ് അവിവാഹിതയായ ബിന്ദുവിന് ലഭിച്ചിരുന്നത്. നേരത്തെ ട്രഷറിയിൽ എത്തിയാണ് പെൻഷൻ വാങ്ങിയിരുന്നത്. വ്യാജ വിൽപത്രവും മറ്റു രേഖകളും ചമച്ച് കോടികളുടെ സ്വത്തുക്കൾ കൈക്കലാക്കിയശേഷം സഹോദരിയെ കൊലപ്പെടുത്തിയതായി സംശയിക്കുന്നത് കാട്ടി വിദേശത്തുള്ള സഹോദരൻ കടക്കരപ്പള്ളി ആലുങ്കൽ പത്മ നിവാസിൽ പി. പ്രവീൺ കുമാർ നൽകിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.