
കോഴിക്കോട്: ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ച കാര്‍ നിര്‍ത്താതെ കടന്നുകളഞ്ഞു. സംസ്ഥാന പാതയില്‍ താമരശ്ശേരി കോരങ്ങാടാണ് ഇന്നലെ രാത്രി എട്ടോടെ അപകടം ഉണ്ടായത്.
ബൈക്ക് യാത്രികരായ പട്ടാമ്പി സ്വദേശി ഷാമില്‍ (25), തിരൂര്‍ സ്വദേശി മുഹമ്മദാലി (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
താമരശ്ശേരി ഭാഗത്തു നിന്ന് വരികയായിരുന്ന ഇരുവരെയും പൂനൂര്‍ ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ ചുവപ്പ് നിറത്തിലുള്ള ഹ്യൂണ്ടെ ഐ 20 കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
എന്നാല്‍ അപകടം നടന്നിട്ടും കാര്‍ നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവര്‍ മറ്റ് വാഹനങ്ങളില്‍ കാറിനെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല.
ബൈക്ക് യാത്രക്കാരില്‍ ഒരാളുടെ വിരല്‍ അറ്റുപോയ നിലയിലാണ്. ഇരുവരെയും ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിന്റെ പൊട്ടിയ കണ്ണാടി സംഭവ സ്ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ട്.
വാഹനത്തെ പിന്തുടര്‍ന്നവര്‍ പകര്‍ത്തിയ കാറിന്റെ ചിത്രം പോലീസിന് കൈമാറിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group