നീലിമംഗലത്തെ ബൈക്ക് അപകടം: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കെ.എസ്.ആർ.ടി.സി ബസ് പിടിച്ചെടുക്കാനാവാതെ പൊലീസ്

നീലിമംഗലത്തെ ബൈക്ക് അപകടം: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കെ.എസ്.ആർ.ടി.സി ബസ് പിടിച്ചെടുക്കാനാവാതെ പൊലീസ്

സ്വന്തം ലേഖകൻ
കോട്ടയം: നീലിമംലഗലം പാലത്തിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹിൽ അരൂക്കുഴുപ്പിൽ അലൻ ആന്റണിയാണ് (29) മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ മരിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അലൻ ആന്റണി മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്നു മണിക്കൂറുകളായി. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയാണ് മരണം സംഭവിച്ചത്.

കോതനല്ലൂരിലെ സ്വകാര്യ സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്നു അലൻ. സൂപ്പർ മാർക്കറ്റിലെ ജോലി സംബന്ധമായ ആവശ്യത്തിനായി കോട്ടയത്ത് പോയ ശേഷം തിരികെ മടങ്ങുന്നതിനിടെയായിരുന്നു അപകടം. ആറു മാസം മുൻപ് മാത്രമാണ് ഇവിടെ അലൻ ജോലിയ്ക്കായി എത്തിയത്. അച്ഛൻ ആന്റണി (ബിവറേജസ് ജീവനക്കാരൻ), അമ്മ ഓമന. സഹോദരി – ഐഡ. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
അപകടത്തിനിടയാക്കിയ കെ.എസ്.ആർ.ടി.സി ബസിന്റെ നമ്പർ സഹിതം അന്വേഷണം ആരംഭിച്ചതായി ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ അനൂപ് ജോസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗാന്ധിനഗർ പൊലീസ് കേസെടുത്തു.