video
play-sharp-fill

തെരഞ്ഞെടുപ്പോ, ഡോളര്‍കടത്തോ, ആഴക്കടല്‍ കൊള്ളയോ, കര്‍ഷക സമരമോ മലയാളിക്ക് അറിയേണ്ട; ബിഗ് ബോസിലെ തമ്മില്‍തല്ലും  പേളി മാണിയുടെ ഗര്‍ഭവും സീരിയലുകളിലെ പേക്കൂത്തും ഗ്ലാമര്‍ ഫോട്ടോ ഷൂട്ടും റേറ്റിംഗ് കയ്യടക്കുമ്പോള്‍ ;കേരളത്തിലെ യുവതലമുറ പൊട്ടക്കിണറ്റിലെ തവളകളാകുന്നു; ആര് ആരോട് പറയാൻ!

തെരഞ്ഞെടുപ്പോ, ഡോളര്‍കടത്തോ, ആഴക്കടല്‍ കൊള്ളയോ, കര്‍ഷക സമരമോ മലയാളിക്ക് അറിയേണ്ട; ബിഗ് ബോസിലെ തമ്മില്‍തല്ലും പേളി മാണിയുടെ ഗര്‍ഭവും സീരിയലുകളിലെ പേക്കൂത്തും ഗ്ലാമര്‍ ഫോട്ടോ ഷൂട്ടും റേറ്റിംഗ് കയ്യടക്കുമ്പോള്‍ ;കേരളത്തിലെ യുവതലമുറ പൊട്ടക്കിണറ്റിലെ തവളകളാകുന്നു; ആര് ആരോട് പറയാൻ!

Spread the love

ഏ.കെ ശ്രീകുമാർ

കോട്ടയം: അസംബ്ലി തിരഞ്ഞെടുപ്പ്, സ്വര്‍ണ്ണക്കടത്ത്, കടല്‍കൊള്ള, കര്‍ഷക സമരം, പെട്രോൾ, ഗ്യാസ് വിലവർദ്ധനവ് തുടങ്ങി നാട് അറിയേണ്ട വിഷയങ്ങളിലൊന്നും യാതൊരു താല്പര്യവുമില്ലാത്ത ഒരു ജനതയാണ് കേരളത്തില്‍ വളര്‍ന്ന് വരുന്നത്. ഇതിന്റെ ഉത്തമ ഉദാഹരണമാണ് യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റുകളിലും മൂന്നാംകിട ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകള്‍. പേര്‍ളി മാണിയുടെ ഗര്‍ഭ വിശേഷങ്ങള്‍ക്കും, ബിഗ്‌ബോസിലെ തമ്മില്‍ തല്ലിനും പ്രേമ നാടകങ്ങള്‍ക്കും സീരിയല്‍ ഗോസിപ്പുകള്‍ക്കും ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ആരാധകരുണ്ട്.

പണ്ട് വനിതാ മാഗസിനിലെ ഡോക്ടറോട് ചോദിക്കുക എന്ന പംക്തി വായിച്ചുകൊണ്ട് ദീര്‍ഘനിശ്വാസം വിടുന്നവരും കണ്ണീരും കിനാവും ഒളിച്ചിരുന്ന വായിക്കുന്നവരും ഇന്ന്, ഗോസിപ്പും ഫോട്ടോഷൂട്ടുകളും മാത്രം അറിയാന്‍ വാര്‍ത്താ മാധ്യമങ്ങള്‍ ഫോളോ ചെയ്യുന്നവരും ഏകദേശം ഒരേ മാനസിക നിലയുള്ളവരാണ്. കാലവും കോലവും മാറി എന്ന് മാത്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ധാരാളം വഴിവിട്ട ബന്ധങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ വാതില്‍ തുറന്നുകൊടുത്തു. പത്തും ഇരുപതും പേരടങ്ങിയ ആണ്‍ പെണ്‍ ഗ്രൂപ്പുകള്‍ ഫേസ്ബുക്കിനെയും വാട്‌സാപ്പിനെയുമൊക്കെ ഉപേക്ഷിച്ച് ‘ടെലഗ്രാം’ എന്ന സോഷ്യല്‍ മീഡിയയിലൂടെ കൊക്കൈന്‍, എല്‍എസ്ഡി, എംഡിഎംഎ തുടങ്ങിയ ലഹരിയുമായി യാത്രകള്‍ തുടരുകയാണ്. സമാന സ്വഭാവക്കാരായ ആണ്‍പെണ്‍ സൗഹൃദങ്ങള്‍ ഹിമാലയത്തിലേക്കും ഗോവയിലേക്കും ബംഗളൂര്‍ മുന്തിരിത്തോപ്പുകളിലേക്കും ഊട്ടി കൊടൈക്കനാല്‍ റിസോര്‍ട്ടുകളിലേക്കും യാത്ര തിരിക്കുമ്പോള്‍ സദാചാരം ഇടിഞ്ഞ് വീഴേണ്ട ആവശ്യമില്ലെങ്കിലും ലഹരിയും സെക്‌സ് റാക്കറ്റുകളും വിരിക്കുന്ന കെണി യുവതലമുറയിലേക്ക് വേഗത്തില്‍ വ്യാപിക്കുകയാണ് എന്ന തിരിച്ചറിവ് ഉണ്ടായിരിക്കേണം.

കര്‍ഷക സമരം എന്തിനാണെന്നോ ചെങ്കോട്ടയില്‍ കലാപം ഉണ്ടായത് എങ്ങനെയാണെന്നോ, എന്തിനധികം സ്വന്തം പഞ്ചായത്ത് മെമ്പര്‍ ആരാണെന്ന് പോലും അറിയാത്തവര്‍ കുറവല്ല നമ്മുടെ ഇടയില്‍. എല്ലാ കുറ്റവും പുതിയ തലമുറയുടെ മുകളില്‍ വയ്‌ക്കേണ്ട ആവശ്യമില്ല. പണ്ട് ചായക്കടകളില്‍ രാഷ്ട്രീയവും പത്രവിചാരണയും നടത്തിയിരുന്നവര്‍ ഇന്ന് ബിഗ് ബോസ്സിലെ ഡിമ്പലിന്റെയും മജ്‌സിയയുടെയും സൗഹൃദവും മണിക്കുട്ടൻ്റെ പ്രേമ നാടകവുമാണ് ലോക കാര്യങ്ങളായി കണ്ട് ചര്‍ച്ച ചെയ്യുന്നത്.

പൊട്ടക്കിണറ്റിലെ തവളകളായ് മാറുകയാണ് ഓരോരുത്തരും. എപ്പോഴും രാഷ്ട്രീയവും സാമൂഹിക കാര്യങ്ങളും മാത്രം ചര്‍ച്ച ചെയ്യണമെന്നല്ല. പക്ഷേ, ജീവിക്കുന്ന നാട്ടിലെ വിവരങ്ങളെപ്പറ്റി വ്യക്തമായ ബോധം ഉണ്ടാകേണ്ടത് ആത്യാവശ്യമാണ്. സീരിയലുകളും ബിഗ്‌ബോസും കാണുന്നത് തെറ്റല്ല, അതായിരിക്കരുത് മുന്‍ഗണന എന്ന് മാത്രം. കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പ് കയ്യെത്തും ദൂരത്താണ്. വ്യക്തമായ ബോധ്യങ്ങളോടെയായിരിക്കണം ജനാധിപത്യ അവകാശം വിനിയോഗിക്കാന്‍. അതിന് സ്വന്തം പഞ്ചായത്തിലെ അഴിമതി മുതല്‍ ബൈഡന്റെ വൈറ്റ് ഹൗസില്‍ നടക്കുന്ന കാര്യങ്ങളെപ്പറ്റി വരെ മിനിമം അറിവുണ്ടായിരിക്കണം. ഇതൊക്കെ പഠിക്കാനോ, അറിവ് സമ്പാദിക്കാനോ ഇന്നത്തെ യുവതലമുറയ്ക്ക് യാതൊരു താല്പര്യവുമില്ല. ആര് ആരോട് പറയാൻ?