‘പെൺകുഞ്ഞല്ലേ, മരിച്ചോട്ടെ’, പോഷകാഹാരക്കുറവ് മൂലം മധ്യപ്രദേശിൽ ഒരു ശിശുമരണം കൂടി, ഒന്നരവയസുകാരി മരിക്കുമ്പോൾ ഭാരം 3.7 കിലോ

Spread the love

ഭോപ്പാൽ: പോഷകാഹാരക്കുറവ് മൂലം മധ്യപ്രദേശിൽ ഒരു കുഞ്ഞ് കൂടി മരിച്ചു. ശനിയാഴ്ചയാണ് 15 മാസം പ്രായമുള്ള ദിവ്യാൻശി മരിച്ചത്. ശിവപുരി സ്വദേശിയായ ഒന്നരവയസുകാരിക്ക് 3.7 കിലോ ഭാരമാണ് മരിക്കുമ്പോൾ ഉണ്ടായിരുന്നത്. ജില്ലാ ആശുപത്രിയിലാണ് ഒന്നര വയസുകാരി പോഷകാഹാരക്കുറവ് മൂലം മരിക്കുന്നത്. ദിവ്യാൻശിയുടെ ഹീമോഗ്ലോബിൻ നില 7.4 ഗ്രാം ആയിരുന്നു. അതിജീവിക്കാൻ ആവശ്യമായതിനേക്കാൾ വളരെ കുറവാണ് ഇതെന്നാണ് ആശുപത്രി അധികൃതർ വിശദമാക്കിയത്.

കുഞ്ഞിന് പോഷകാഹാരക്കുറവ് ഉള്ളതിനാൽ ആശുപത്രിയിലെ ന്യൂട്രീഷൻ റീഹാബിലറ്റേഷൻ കേന്ദ്രത്തിൽ കുട്ടിയെ പ്രവേശിപ്പിക്കണമെന്ന് ഒന്നര വയസുകാരിയുടെ അമ്മയ്ക്ക് നിരവധി തവണ നിർദ്ദേശം നൽകിയിരുന്നതായാണ് ആശുപത്രി അധികൃതർ വിശദമാക്കുന്നത്. എന്നാൽ ഭർതൃവീട്ടുകാർ പെൺകുഞ്ഞായതിന്റെ പേരിൽ ചികിത്സയുടെ ആവശ്യമില്ലെന്ന് വിശദമാക്കുകയായിരുന്നു.

കുഞ്ഞ് തീർത്തും അവശയാവുന്ന സമയത്ത് പെൺകുഞ്ഞല്ലേ മരിക്കട്ടെയെന്നാണ് ഭർതൃവീട്ടുകാ‍ർ വിശദമാക്കിയിരുന്നതെന്നാണ് ഒന്നര വയസുകാരിയുടെ അമ്മ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്. സംസ്ഥാനത്തെ പോഷകാഹാരക്കുറവ് സംബന്ധിയായ പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഒന്നരവയസുകാരിയുടെ മരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിവസങ്ങൾക്ക് മുൻപാണ് ഷിയോപൂർ സ്വദേശിയായ രാധികയെന്ന ഒന്നരവയസുകാരി പോഷകാഹാരക്കുറവ് മൂലം മരിച്ചത്. 2.5 കിലോ ഭാരമായിരുന്നു മരിക്കുന്ന സമയത്ത് രാധികയുടേത്. ജനന സമയത്ത് കുഞ്ഞിന് ഭാരമുണ്ടായിരുന്നുവെന്നും എന്നാൽ മാസങ്ങൾക്കുള്ളിൽ കൈകാലുകൾ ശോഷിച്ചുവെന്നാണ് അമ്മ അധികൃതരോട് രാധികയേക്കുറിച്ച് വിശദമാക്കിയത്. ഭിന്ദ് ജില്ലയിലും ജൂലൈ മാസത്തിൽ ഒരു കുഞ്ഞ് കൂടി പോഷകാഹാരക്കുറവ് മൂലം മരിച്ചിരുന്നു. ഒന്നിന് പുറകേ ഒന്നായുള്ള ശിശുമരണങ്ങൾ മധ്യപ്രദേശിലെ പോഷകാഹാരക്കുറവ് വ്യക്തമാക്കുന്നതെന്നാണ് ആരോഗ്യ പ്രവർത്തകർ പ്രതികരിക്കുന്നത്. 2020 നും 2025 ജൂണിനും ഇടയിൽ 85330 കുട്ടികളെയാണ് ന്യൂട്രീഷൻ റീഹാബിലറ്റേഷൻ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചത്.

ഓരോ വർഷവും 11566 കുട്ടികളാണ് ഇത്തരത്തിൽ റീഹാബിലറ്റേഷൻ കേന്ദ്രങ്ങളിൽ എത്തുന്നത്. മധ്യപ്രദേശിൽ മാത്രം 10 ലക്ഷം കുട്ടികൾക്ക് പോഷകാഹാരക്കുറവ് ഉള്ളതായാണ് സർക്കാർ രേഖകൾ. ഏപ്രിൽ 2025ലെ ദേശീയ ശരാശരി 5.40 ശതമാനം എന്നിരിക്കെ മധ്യപ്രദേശിൽ ഇത് 7.79 ശതമാനമാണ്. മധ്യപ്രദേശിലെ 57 ശതമാനം സ്ത്രീകളും വിളർച്ചയുള്ളവരാണ്.

മെയ് 2025ലെ കണക്കുകൾ അനുസരിച്ച് മധ്യപ്രദേശിലെ 55ൽ 45 ജില്ലകളും റെഡ് സോണിൽ ഉൾപ്പെടുന്നു. ഇവിടങ്ങളിലെ 20 ശതമാനം കുട്ടികൾക്കും ആവശ്യമായ ഭാരമുള്ളവരല്ല. 2025-26 വർഷത്തെ ബഡ്ജറ്റിൽ 4895 കോടി രൂപയാണ് പോഷകഹാര പദ്ധതികൾക്കായി നീക്കിവച്ചിട്ടുള്ളത്. എന്നാൽ താഴേത്തട്ടിൽ പദ്ധതിയുടെ ഗുണങ്ങൾ എത്തുന്നില്ലെന്നതാണ് നിലവിലെ ശിശുമരണങ്ങൾ വ്യക്തമാക്കുന്നത്.