Spread the love

ദില്ലി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയയെ സെർച്ച് കമ്മറ്റി ചെയർപേഴ്സണാക്കി ഉത്തരവിട്ട് സുപ്രീം കോടതി. ജഡ്ജിയെ സെർച്ച് കമ്മിറ്റിയുടെ ചെയർപേഴ്സൺ ആക്കണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ കേരളത്തിന്‍റെ ആവശ്യം കോടതി അംഗീകരിച്ചിരിക്കുകയാണ്. സ്ഥിരം വിസി നിയമനത്തിന് സംസ്ഥാനവും ഗവര്‍ണറും നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ കമ്മറ്റി രൂപീകരിക്കുമെന്നും രണ്ടുപേർ ചാൻസിലറുടെ നോമിനി, രണ്ടുപേർ സംസ്ഥാനത്തിന്റെ നോമിനി എന്ന നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കുമെന്നും കോടതി വ്യക്തമാക്കി. രണ്ടാഴ്ചക്കുള്ളിൽ സമിതി രൂപീകരിക്കണം. ഒരു മാസത്തിനുള്ളിൽ നടപടികളിൽ പുരോഗതി അറിയിക്കണം എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

video
play-sharp-fill

ഗവർണർക്കെതിരായി കേരള സര്‍ക്കാര്‍ നല്‍കിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഗവർണറുടെ ഭാഗത്ത് നിന്ന് സഹകരണമില്ലെന്നാണ് സംസ്ഥാനം കോടതിയെ നേരത്തെ അറിയിച്ചിരുന്നു. സഹകരണത്തിനു വേണ്ടി പരമാവധി ശ്രമിച്ചെന്ന് സംസ്ഥാനം അറിയിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഒരു ശ്രമവും ഇല്ലെന്നാണ് അറ്റോർണി ജനറൽ കോടതിയില്‍ പറഞ്ഞത്. പിന്നാലെ വിസി നിയമനവുമായി ബന്ധപ്പെട്ട് സെര്‍ച്ച് കമ്മറ്റി രൂപീകരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ഇതിനായി കേരള സര്‍ക്കാരിനോടും ഗവര്‍ണറോടും പാനല്‍ പട്ടിക തയ്യാറാക്കി സമര്‍പ്പിക്കാനും ഉത്തരവിട്ടിരുന്നു. സെർച്ച് കമ്മിറ്റിയിലേക്കുള്ള വിദ​ഗ്ധരുടെ പട്ടിക സംസ്ഥാന സർക്കാരിന് ഗവർണർ ഇന്നലെയാണ് കൈമാറിയത്. നാലുപേരുടെ പട്ടികയാണ് സർക്കാർ അഭിഭാഷകന് ഗവര്‍ണര്‍ കൈമാറിയത്. സർക്കാരും ഗവർണറും പട്ടിക പരസ്പരം കൈമാറണം എന്ന് സുപ്രീംകോടതിയുടെ നിർദേശം ഉണ്ടായിരുന്നു. ഇന്ന് കേസ് വീണ്ടും പരിഗണിച്ചതോടുകൂടി സര്‍ക്കാര്‍ പട്ടിക സുപ്രീം കോടതിക്ക് കൈമാറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group