
ഭർത്താവിനെ കൊലപ്പെടുത്തിയ കാമുകനെ രക്ഷിക്കാൻ വീട്ടമ്മയുടെ ശ്രമം ; മകന്റെ രഹസ്യമൊഴി എതിരായി,ബ്യൂട്ടിപാർലർ ഉടമയായ രാഖി അറസ്റ്റിൽ
സ്വന്തംലേഖിക
വെമ്പായം: വട്ടപ്പാറ കല്ലയം കാരമൂട് നമ്പാട് സ്വദേശി വിനോദിനെ കൊലപ്പെടുത്തിയ കേസിൽ വിനോദിൻറെ ഭാര്യ രാഖിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മകൻറെ രഹസ്യ മൊഴിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. വിനോദിൻറെ വധവുമായി ബന്ധപ്പെട്ട് ആഴ്ചകൾക്ക് മുമ്പ് രാഖിയുടെ സുഹ്യത്ത് മനോജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിനോദ് മരിച്ചതിനുശേഷം തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിലായി ഒളിച്ചു കഴിഞ്ഞ് മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതിനിടയിലാണ് മനോജിനെ പോലീസ് അറസ്റ്റ് ചെയ്തത്. മനോജിനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് രാഖിയുടെ പങ്കിനെ കുറിച്ച് പോലീസിന് മനസിലാകുന്നത്. വിനോദ് മരിച്ച ദിവസം വീട്ടിൽ നിന്നും അമ്മയുടെ സുഹൃത്ത് ഓടിപ്പോകുന്നതു കണ്ടു എന്ന മകൻറെ മൊഴിയാണ് മനോജിലേക്ക് എത്താൻ പേലീസിനു സഹായകമായത്. അച്ഛൻ അമ്മയുമായി വഴക്കുണ്ടാക്കുന്നതിനിടയിൽ കഴുത്ത് മുറിക്കുകയായിരുന്ന എന്നായിരുന്നു മകൻറെ ആദ്യ മൊഴി. പിന്നീട് വീട്ടിൽ നിന്ന് മനോജ് ഓടിപ്പോകുന്നത് കണ്ടു എന്ന് മൊഴി നൽകി.പള്ളിയിൽ പോയി തിരിച്ച് വീട്ടിലെത്തിയ വിനോദും ഭാര്യ രാഖിയും വഴക്കുണ്ടാക്കന്നതിനിടെ വീടിൻറെ അടുക്കളയിൽ ഒളിച്ചിരിക്കുകയായിരുന്ന മനോജ് അടുക്കളയിൽ നിന്നെടുത്ത കത്തി ഉപയോഗിച്ച് വിനോദിനെ കഴുത്തിൽ കുത്തുകയായിരുന്നു. തുടർന്ന് മനോജ് സംഭവ സ്ഥലത്തു നിന്നും ഓടിപ്പോകുകയായിരുന്നു. മനോജിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നുമാണ് രാഖിയും പ്രതിയാണ് എന്ന് പോലീസ് കണ്ടെത്തുന്നത്. ബ്യുട്ടിപാർലർ ജീവനക്കാരിയായ രാഖിയെ അന്വേഷണ സംഘം മുമ്പ് കസ്റ്റഡിലെടുത്ത് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തി വിട്ടയക്കുകയും ചെയ്തിരുന്നു. രാഖിയെ വട്ടപ്പാറ സിഐ ബിജുലാലിൻറെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.