ഗൃഹനാഥന്റെ തലയോട്ടി വച്ച് പണത്തിനായി വിലപേശി ഭാരത് ആശുപത്രി..! നാലുമായമായി ആശുപത്രിയിലെ ഫ്രീസറിൽ വച്ചിരിയ്ക്കുന്ന തലയോട്ടി തിരികെ പിടിപ്പിക്കാൻ ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ട് ക്രൂരതയുടെ സകല സീമയും ലംഘിച്ച് ഭാരത് ആശുപത്രി ഗ്രൂപ്പ്; ആനയ്ക്ക് പട്ടവാങ്ങാൻ ചിലവാക്കുന്ന പണത്തിന്റെ വില പോലും മനുഷ്യ ജീവന് മുന്നിൽ കാട്ടാതെ ആശുപത്രി മാനേജ്‌മെന്റ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: തിരുനക്കര എഴുന്നെള്ളത്തിനു മുന്നിൽ നിർത്തി അഭിമാനം സംരക്ഷിക്കാൻ സ്വന്തമായി രണ്ട് കൊമ്പന്മാരെ ലക്ഷങ്ങൾ കൊടുത്തു വാങ്ങിയ ഭാരത് ആശുപത്രി ഗ്രൂപ്പ് മനുഷ്യ ജീവനു നൽകുന്നത് പുല്ലുവില. ശസ്ത്രക്രിയ്ക്കു ശേഷമുള്ള പണം അടയ്ക്കാൻ വൈകിയതിനാൽ ഏറ്റുമാനൂർ സ്വദേശിയായ യുവാവിന്റെ തലയോട്ടി കഴിഞ്ഞ നാലുമാസമായി ഭാരത് ആശുപത്രി ഗ്രൂപ്പിന്റെ ശസ്ത്രക്രിയാ മുറിയിലെ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഏറ്റുമാനൂർ പട്ടിത്താനം പ്രണവം വീട്ടിൽ കൃഷ്ണൻകുട്ടി നായരുടെ മകൻ ബിനു കെ. നായരാണ് (42) മരണത്തോട് മല്ലടിച്ച് ഭാരത് ആശുപത്രിയുടെ ക്രൂരതയ്ക്ക് ഇരയായി കഴിയുന്നത്. ശസ്ത്രക്രിയക്കായി നീക്കിയ, യുവാവിന്റെ തലയോട്ടിയുടെ ഒരു ഭാഗമാണ് ആശുപത്രിയുടെ ഫ്രീസറിൽ വച്ച് ഭാരത് ഗ്രൂപ്പ് വില പേശുന്നത്. നാലു മാസം മുൻപ് ശസ്ത്രക്രിയ നടത്തിയതിന് ശേഷം ബാക്കി പണം അടയ്ക്കാൻ മാർഗമില്ലാത്തതിനാലാണ് തലയോട്ടിയുടെ ഭാഗം പുന:സ്ഥാപിക്കാൻ ആശുപത്രി അധികൃതർ തയ്യാറാവാത്തതെന്നാണ് ഉയരുന്ന ആരോപണം.

ഒന്നരലക്ഷം രൂപ നൽകിയാലേ ശസ്ത്രക്രിയ നടത്തി തലയോട്ടിയുടെ ഭാഗം പുനസ്ഥാപിക്കൂവെന്ന് ആശുപത്രി അധികൃതർ പറഞ്ഞായി ബിനുവിന്റെ ഭാര്യ സൗമ്യ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. ഏറ്റുമാനൂരിലെ സ്വകാര്യ റബ്ബർ കമ്പനിയിലെ ജീവനക്കാരനായിരുന്ന ബിനു കെ. നായരെ നെഞ്ചുവേദനയെതുടർന്ന് കഴിഞ്ഞവർഷം ഒക്ടോബർ 29നാണ് ഏറ്റുമാനൂർ ഇ.എസ്.ഐ ആശുപത്രിയിൽ ആദ്യം എത്തിച്ചത്. തുടർന്നു, വടവാതൂർ ഇ.എസ്.ഐ ആശുപത്രിയിലേയ്ക്കു മാറ്റി. തുടർന്നു, രോഗം ഭേദമാകാതെ വന്നതോടെ തിരുനക്കരയിലെ ഭാരത് ആശുപത്രിയിലേയ്ക്ക് പ്രവേശിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ എത്തിച്ച അന്നുതന്നെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. കടുത്ത തലവേദനയെതുടർന്ന് 31 ന് ഓർമ നഷ്ടപ്പെട്ടതോടെ സി.ടി. സ്‌കാൻ ചെയ്തു. തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെതുടർന്ന് അടിയന്തരമായി തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തി. തലയിൽ നീരുവന്നതിനാൽ തലയോട്ടിയുടെ ഒരുഭാഗം ആശുപത്രിയിലെ ഫ്രീസറിൽ വെച്ചു. നീരു മാറിയശേഷമേ സർജറി നടത്തി തിരിച്ചുവെക്കാനാവൂ എന്നാണ് പറഞ്ഞിരുന്നത്. 23 ദിവസം ഐ.സി.യുവിലടക്കം കിടന്നശേഷം ഡിസ്ചാർജ് ചെയ്തു.

എന്നാൽ നിരവധി തവണ ആവശ്യപ്പെട്ടിട്ടും വീണ്ടും സർജറി നടത്തി തലയോട്ടിയുടെ ഭാഗങ്ങൾ പുന:സ്ഥാപിക്കാൻ ആശുപത്രി അധികൃതർ തയ്യാറാവുന്നില്ല. ചികിത്സ നൽകിയ ഡോക്ടർ ശസ്ത്രക്രിയക്ക് തയ്യാറാണെങ്കിലും പണം നൽകിയാൽ മാത്രമേ സർജറി നടത്താനാവൂ എന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. ഇ.എസ്.ഐ സൗജന്യ ചികിത്സ അനുവദിച്ചിട്ടുള്ള ആശുപത്രിയായതിനാൽ ഫെബ്രുവരിയിൽ ഇ.എസ്.ഐ റീജണൽ ഡയറക്ടർക്ക് പരാതി നൽകി. തുടർന്ന് പ്രത്യേക കേസായി പരിഗണിച്ച് ചികിത്സ നൽകാൻ സംസ്ഥാന മെഡിക്കൽ ഓഫിസർ വടവാതൂർ ഇ.എസ്.ഐ സൂപ്രണ്ടിന് നിർദേശം കൊടുത്തു.

എന്നാൽ സൂപ്രണ്ടും ജില്ല ലേബർഓഫിസറും ഇടപെട്ടിട്ടും ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിട്ടും കാര്യങ്ങൾക്ക് മാറ്റമുണ്ടായില്ല. കോവിഡ് സാഹചര്യത്തിൽ അണുബാധയുടെ ഭീതി ഉള്ളതിനാൽ മറ്റൊരു ആശുപത്രിയെ സമീപിക്കാനും ഇവർക്ക് ധൈര്യമില്ല. ബിനുവിന്റെ പിതാവ് പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിലാണ്. ബിനുവിന്റെ ശസ്ത്രക്രിയക്ക് ശേഷമേ അദ്ദേഹത്തിന്റെ ചികിത്സ നടത്താനാവൂ. ഗ്ലൗസ് നിർമിക്കുന്ന ഫാക്ടറിയിലെ ജീവനക്കാരിയായിരുന്ന സൗമ്യ ഭർത്താവിനെ ഒറ്റക്കാക്കി പോകാൻ കഴിയാത്തതിനാൽ ജോലി വിട്ടു.

ബിനുവിന്റെ കമ്പനിയിൽനിന്ന് ശമ്പള ഇനത്തിൽ നൽകുന്ന പണം കൊണ്ടാണ് ജീവിതം തള്ളിനീക്കുന്നത്. 10, ഏഴ്, രണ്ട് ക്ലാസുകളിൽ പഠിക്കുന്ന മൂന്ന് മക്കളാണിവർക്ക്. ബിനു മുറ്റത്തിറങ്ങി നടക്കുമെങ്കിലും തട്ടിവീഴരുതെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകിയിട്ടുള്ളതിനാൽ രണ്ടാൾ എപ്പോഴും പുറകെയുണ്ടാവണം. ഹൃദയാഘാതം വന്നതിനെതുടർന്ന് ഓർമക്കും പ്രശ്‌നമുണ്ട്. ഇടതുവശത്ത് തലയോട്ടിയുടെ ഭാഗം ഇല്ലാത്തതിനാൽ ചെരിഞ്ഞുകിടക്കാൻ പോലും സമ്മതിക്കാതെ ബിനുവിന് കാവലിരിക്കുകയാണ് സൗമ്യയും മക്കളും. തുടരും