
തേർഡ് ഐ ബ്യൂറോ
കോട്ടയം: സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷന്റെയും, ബാറുകളുടെയും മുന്നിലെ തിരക്കു നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ പുറത്തിറക്കിയ മദ്യ ശാലയ്ക്കു മുന്നിലെ ക്യൂ നിയന്ത്രിക്കുന്നതിനുള്ള ആപ്ലിക്കേഷൻ ഹിറ്റ്..! ആദ്യ മണിക്കൂറിൽ തന്നെ പതിനായിരങ്ങളാണ് ആപ്പ് ഡൗൺ ലോഡ് ചെയ്തത്. ഇതോടെ വ്യാഴാഴ്ച രാവിലെ ഒൻപത് മണി മുതൽ സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലകളിലും ബാറുകളിലെ ചില്ലറ കൗണ്ടറുകളിലും എത്തി മദ്യം വാങ്ങാം.
ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലകൾ വഴിയും ബാറുകൾ വഴിയും മദ്യം വാങ്ങുന്നതിനു ഇന്നു രാവിലെ മുതൽ അനുവാദം നൽകി മന്ത്രി ടി.പി രാമകൃഷ്ണൻ ഉത്തരവിറക്കിയത്. ലോക്ക് ഡൗണിനെ തുടർന്നു മാർച്ച് പകുതിയോടെയാണ് സംസ്ഥാനത്തെ മദ്യശാലകൾ അടച്ചിട്ടത്. ഇതിനു ശേഷം ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ കള്ളുഷാപ്പുകൾ തുറന്നിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, ബിവറേജസ് ഷോപ്പുകൾ വഴിയും ബാറുകൾ വഴിയും മദ്യം ചില്ലറയായി വിൽപ്പന നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും ഇവിടങ്ങളിൽ തിരക്ക് ക്രമാതീതമായി വർദ്ധിക്കുമെന്നതും, ഇത് രോഗ സാധ്യത ഇരട്ടിയാക്കുമെന്നതും കണ്ടതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ മദ്യവിൽപ്പന ശാലകൾക്കു മുന്നിലെ ക്യൂ നിയന്ത്രിക്കുന്നതിനായി ആപ്പ് നിർമ്മിച്ച് രംഗത്തിറക്കിയത്.
ഇതിനായി കൊച്ചിയിലെ ഫെയർ കോഡ് ടെക്‌നോജീസ് എന്ന സ്വകാര്യ കമ്പനിയെയാണ് ആപ്പ് നിർമ്മാണം ഏൽപ്പിച്ചിരുന്നത്. ആപ്പ് നിർമ്മാണം നടത്തിയ കമ്പനി കഴിഞ്ഞ ശനിയാഴ്ച തന്നെ ആപ്പ് പൂർത്തിയാക്കി ഗൂഗിളിന്റെ അംഗീകാരത്തിനായി അയച്ചു നൽകി. ഗൂഗിളിന്റെ അംഗീകാരം ലഭിച്ചതിനു പിന്നാലെ ആപ്പ് ചൊവ്വാഴ്ച തന്നെ ഫെയർ കോഡ് ബിവറേജസ് കോർപ്പറേഷനു അയച്ചു നൽകിയിരുന്നു.
ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ഫെയർകോഡിന്റെ ആപ്ലിക്കേഷൻ സംസ്ഥാന സർക്കാർ അംഗീകരിച്ചത്. തുടർന്നു ബുധനാഴ്ച രാത്രി വൈകി ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ എത്തി. എന്നാൽ, പ്ലേ സ്റ്റോറിൽ സെർച്ച് ചെയ്താൽ ഇപ്പോഴും ആപ്പ് ലഭിക്കുന്നില്ല. ലിങ്ക് ഉപയോഗിച്ചാണ് ഉപഭോക്താക്കൾ ആപ്പ് ഇപ്പോൾ ഇൻസ്റ്റാൾ ചെയ്യുന്നത്. ഇന്ന് രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ചു മണിവരെയാണ് മദ്യം വാങ്ങുന്നതിനു ബിവറേജസ് കോർപ്പറേഷനിൽ എത്താൻ സാധിക്കുന്നത്.
രാവിലെ ആറു മുതൽ രാത്രി പത്തു മണി വരെ ആപ്പ് ഉപയോഗിച്ച് മദ്യം വാങ്ങുന്നതിനുള്ള ക്യൂ ബുക്ക് ചെയ്യുന്നതിനും സാധിക്കും. എസ്.എം.എസ് വഴിയും ക്യൂ ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.