play-sharp-fill
കനത്ത മഴയ്ക്കൊപ്പം കാറ്റ് വീശിയടിച്ചു ; ബെവ്കോ ഔട്ട്‌ലെറ്റില്‍ അലമാരയില്‍ സൂക്ഷിച്ച ആയിരത്തോളം മദ്യക്കുപ്പികള്‍ താഴെ വീണു ; വലിയ നാശനഷ്ടം

കനത്ത മഴയ്ക്കൊപ്പം കാറ്റ് വീശിയടിച്ചു ; ബെവ്കോ ഔട്ട്‌ലെറ്റില്‍ അലമാരയില്‍ സൂക്ഷിച്ച ആയിരത്തോളം മദ്യക്കുപ്പികള്‍ താഴെ വീണു ; വലിയ നാശനഷ്ടം

സ്വന്തം ലേഖകൻ 

കൊച്ചി: കനത്ത മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റില്‍ ബെവ്കോ ഔട്ട്ലെറ്റില്‍ വലിയ നാശനഷ്ടം. കാക്കനാട് ഇൻഫോപാര്‍ക്കിലെ ബെവ്കോ ഔട്ട്ലെറ്റിന്റെ പ്രീമിയം കൗണ്ടറിലാണ് നാശനഷ്ടമുണ്ടായത്.

ആഞ്ഞുവീശിയ കാറ്റില്‍ ബെവ്കോ ഔട്ട്ലെറ്റിന്റെ അലമാരയില്‍ സൂക്ഷിച്ച ആയിരത്തോളം മദ്യക്കുപ്പികള്‍ താഴെ വീഴുകയായിരുന്നു. കാറ്റിനിടെ ജനലിന്റെ ചില്ലുകള്‍ തകര്‍ന്ന് മദ്യം സൂക്ഷിച്ചിരുന്ന റാക്കിലേക്ക് വീഴുകയായിരുന്നു. ഇതിന് പിന്നാലെ റാക്കിലുണ്ടായിരുന്ന കുപ്പികള്‍ ഒന്നൊന്നായി താഴെ വീണു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് വൈകിട്ട് കനത്ത മഴയും കാറ്റുമാണ് പ്രദേശത്ത് ഉണ്ടായത്. നിരവധി മരങ്ങള്‍ കടപുഴകി വീണു. ഇലക്‌ട്രിക് പോസ്റ്റുകള്‍ പലയിടത്തും തകര്‍ന്നത് വൈദ്യുതി തടസപ്പെടാൻ കാരണമായി. ഇൻഫോപാര്‍ക്കിന് സമീപം എക്സ്പ്രസ് വേയിലും സമീപ റോഡുകളിലുമാണ് മരങ്ങള്‍ ഒടിഞ്ഞുവീണത്. ചില വാഹനങ്ങള്‍ക്ക് മുകളിലേക്ക് ഇലക്‌ട്രിക് പോസ്റ്റുകള്‍ അടക്കം മറിഞ്ഞു. നിലവില്‍ ആര്‍ക്കും പരിക്കില്ല.

സംസ്ഥാനത്തു ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഏറ്റവും ഒടുവില്‍ അറിയിച്ച മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്. എറണാകുളം അടക്കം എട്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം നാളെ മുതല്‍ മഴ ദുര്‍ബലമാകുമെന്നാണ് കരുതുന്നത്. നാളെ ഒരു ജില്ലയിലും അലര്‍ട്ട് പുറപ്പെടുവിച്ചിട്ടില്ല.