വീട്ടുമുറ്റത്ത് ബെൻസ് കാറുകളുടെ നീണ്ട നിര; പൂജയ്ക്കും വിശ്വാസം വർദ്ധിപ്പിക്കുന്നതിനുമായി വീട്ടുവളപ്പിൽ ക്ഷേത്രം; മലയാളവും ഇംഗ്ലീഷും പച്ച വെള്ളം പോലെ: കോട്ടയത്തെ തട്ടിപ്പുകാരൻ ജയകുമാർ കുടുങ്ങിയത് നോട്ടിരട്ടിപ്പ് തട്ടിപ്പിൽ
ക്രൈം ഡെസ്ക്
കോട്ടയം: ആരെയും വാക്കിൽ മയക്കാനുള്ള കഴിവുണ്ടായിരുന്നു തട്ടിപ്പുകാരൻ ജയകുമാറിന്. ഒരു കോടി കൊടുത്താൽ മുപ്പത് കോടി രൂപയാക്കി തിരിച്ച് നൽകുമെന്നാണ് തട്ടിപ്പ് സംഘത്തിന്റെ വാഗ്ദാനം. കോടികൾ സ്വപ്നം കണ്ട് ഏറ്റുമാനൂര്‍ പട്ടിത്താനം സ്വദേശി ചെരുവില്‍ ജയകുമാറിന്റെ വീട്ടിലെത്തുന്ന ആരെയും വളയ്ക്കാനുള്ളതെല്ലാം വീട്ടിൽ തന്നെ ഒരുക്കിയിരുന്നു. അഞ്ചും ആറും ബെൻസ് കാറുകൾ വീട്ടിൽ തന്നെ നിരത്തിയിട്ടിരിക്കുകയാണ്.
ചൈതന്യം നിറയുന്ന ചെറിയൊരു അമ്പലം. വീടും അമ്പലവുമെല്ലാം ടിന്‍ ഷീറ്റുകൊണ്ട് 15 അടി ഉയരത്തില്‍ മറച്ചിട്ടുണ്ട്. ചുറ്റിലും സി.സി ടി.വി നിരീക്ഷണവും. പിന്നെ വ്യക്തവും വടിവൊത്തതുമായ അക്ഷരത്തില്‍ ഒരു ബോര്‍ഡും ; നിങ്ങള്‍ സി.സി.ടി.വി നിരീക്ഷണത്തിലാണ്. അമ്പലമാണ്. ഇവിടെ മൂത്രം ഒഴിക്കരുത്! അകത്തുകയറിയാല്‍ ഇതിലും കൂടുതല്‍ കാണാനുണ്ട്. അത് ജയകുമാറാണ്. മലയാളവും ഇംഗ്ലീഷും തമിഴും പച്ചവെള്ളം പോലെ സംസാരിക്കുന്ന വെറും ഒന്‍പതാം ക്ലാസുകാരനായ ജയകുമാര്‍. ആറ് അടി പൊക്കം. പൊലീസ് ഓഫീസറെ വെല്ലുന്ന ആകാരവടിവ്. സിനിമാനടനെ വെല്ലുന്ന മേക്കപ്പ്. വിലകൂടിയ വസ്ത്രങ്ങള്‍. 40 പവന്റെ സ്വര്‍ണ്ണമാല. ആരുടെയും കണ്ണ് മഞ്ഞളിച്ചു പോകും. ഈ പകിട്ടുകാണിച്ച് പലരില്‍ നിന്നായി ജയകുമാര്‍ തട്ടിയത് കോടികള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളം സ്വദേശിനിയുടെ പരാതിയെതുടര്‍ന്ന് ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥിയും സംഘവും ഇയാളുടെ പട്ടിത്താനത്തെ വീട്ടിലെത്തുമ്പോള്‍ ‘ജയകുമാര്‍ സാറിനെ’ മുഖംകാണിക്കാന്‍ എത്തിയവരുടെ നീണ്ട നിരയായിരുന്നു. പൊലീസിനെ കണ്ടിട്ടും ഒട്ടും പതറാതെ നിന്ന ജയകുമാര്‍ ‘എന്തുണ്ട് വിശേഷങ്ങള്‍” എന്നു ചോദിച്ചായിരുന്നു ഡിവൈ.എസ്.പിയെ എതിരേറ്റത്. ഡിവൈ.എസ്.പിയും ജയകുമാറിനെ കാണാനാണ് എത്തിയതെന്നാണ് കൂടിനിന്നവര്‍ കരുതിയത്. എന്നാല്‍ ജയകുമാറിന്റെ കൈയില്‍ വിലങ്ങുവീഴാന്‍ അധികനേരം വേണ്ടിവന്നില്ല. വിലങ്ങുമായി ജീപ്പില്‍ കയറ്റുമ്പോള്‍ കാര്യമെന്തന്നറിയാതെ അവര്‍ പകച്ചുനിന്നു. പിന്നീടാണ് അറിയുന്നത് ഇയാള്‍ ലോക തട്ടിപ്പുകാരനാണെന്ന്.
തമിഴ്നാട്ടിലെ ചില മന്ത്രിമാരുടെയും ഗവ.സെക്രട്ടറിമാരുടെയും പക്കല്‍ കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് പണമുണ്ടെന്നും ഇത് വെളുപ്പിക്കലാണ് ലക്ഷ്യമെന്നും പറഞ്ഞാണ് ബിസിനസുകാരില്‍ നിന്നും ഐ.ടി മേഖലയിലുള്ളവരില്‍ നിന്നും പണം സ്വീകരിച്ചിരുന്നത്. എറണാകുളം സ്വദേശിനിയില്‍ നിന്ന് 1.30 കോടി രൂപ വാങ്ങിയത് തിരികെ നല്കാമെന്ന വാഗ്ദാനത്തിലാണ്. പണവുമായി സ്ത്രീ പട്ടിത്താനത്തുള്ള വസതിയില്‍ എത്തി. അത് വാങ്ങി വച്ചശേഷം കൊടുക്കാനുള്ള 1.3 കോടി രൂപ എടുത്തുകൊണ്ടു വരാന്‍ അവിടെയുണ്ടായിരുന്ന കിങ്കരനോട് പറഞ്ഞു. അകത്തേക്ക് പോയ ഇയാള്‍ തിരിച്ചെത്തി പണം തികയില്ലെന്നും ഉത്തമപാളയത്തിലെ ഗോഡൗണില്‍ നിന്ന് പണം കൊണ്ടുവരാമെന്നും പറഞ്ഞു. ഇതേതുടര്‍ന്ന് ജയകുമാറും സംഘവും ഒരു കാറിലും സ്ത്രീയും ഒപ്പമുണ്ടായിരുന്നവരും മറ്റൊരു കാറിലും യാത്രപുറപ്പെട്ടു. ഞങ്ങളുടെ വാഹനത്തെ പിന്തുടര്‍ന്നാല്‍ മതിയെന്നായിരുന്നു സ്ത്രീയോട് ജയകുമാര്‍ പറഞ്ഞിരുന്നത്.
ഇതനുസരിച്ച് സംഘം യാത്ര പുറപ്പെട്ടു. ഉത്തമപാളയത്തെത്തിയപ്പോള്‍ വാഹനം നിറുത്തി. സ്ത്രീയെയും കൂട്ടരേയും ഒരു ഹോട്ടല്‍ കാണിച്ചിട്ട് അവിടെ വിശ്രമിക്കാന്‍ പറഞ്ഞു. തുടര്‍ന്ന് ഗോഡൗണില്‍ നിന്നും പണമെടുക്കാന്‍ ജയകുമാറും സംഘവും പോയി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അവര്‍ തിരികെ വന്നില്ല. ഇതേത്തുടര്‍ന്ന് സ്ത്രീയും സംഘവും ഏറ്റുമാനൂരിലെ വീട്ടിലെത്തി കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ ജയകുമാറിന്റെ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തി പറഞ്ഞുവിട്ടു. ജീവനില്‍ ഭയംതോന്നിയ സ്ത്രീ ജില്ലാ പൊലീസ് മേധാവി പി.എസ്. സാബുവിന് പരാതി നല്‍കി. തുടര്‍ന്നാണ് ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി കേസ് അന്വേഷിച്ചതും ജയകുമാറിനെ കൈയോടെ പൊക്കിയതും.
തമിഴ്നാട്ടിലും കേരളത്തിലും ഏജന്റുമാരെ നിയമിച്ചാണ് ജയകുമാര്‍ തട്ടിപ്പിന് കളമൊരുക്കിയത്. പണക്കാരായ ബിസിനസുകാരെയും ബിസിനസ് പൊളിഞ്ഞു നില്‍ക്കുന്നവരെയുമാണ് മോഹന വാഗ്ദാനങ്ങള്‍ നല്‍കി ഏജന്റുമാര്‍ വശത്താക്കിയിരുന്നത്. കമ്ബം, ഉത്തമപാളയം എന്നിവിടങ്ങളിലെ ഗോഡൗണുകളില്‍ കോടിക്കണക്കിന് പണം സ്വരൂപിച്ച് വച്ചിട്ടുണ്ടെന്നും തമിഴ്നാട്ടിലെ ചില മന്ത്രിമാരുടെ കണക്കില്‍പ്പെടാത്ത പണമാണ് ഇങ്ങനെ പെരുപ്പിച്ചുതരുന്നതെന്നുമാണ് അവര്‍ പറഞ്ഞിരുന്നത്. പണവുമായി എത്തുന്നവരെ കാണാന്‍ ആദ്യമൊന്നും ജയകുമാര്‍ കൂട്ടാക്കിയിരുന്നില്ല.
പിന്നീട് വരാന്‍ പറഞ്ഞ് തിരിച്ചയ്ക്കും. ഇതോടെ ഇവരുമായി എത്തുന്ന ഏജന്റുമാര്‍ എങ്ങനെയും പണം വാങ്ങണമെന്നും ഒരാഴ്ച കഴിഞ്ഞ് കൊടുത്താല്‍ മതിയെന്നും ജയകുമാറിനോട് കേണപേക്ഷിക്കും. ഇതോടെ ജയകുമാറിന്റെ മനസ് മാറും പട്ടിത്താനത്തെ വീട്ടില്‍ എത്ര പണമുണ്ടെന്നാവും അടുത്തചോദ്യം. പണം തികയില്ല, ഉള്ളപണം നല്കിയിട്ട് പോ. അടുത്തയാഴ്ച പണം തമിഴ്നാട്ടിലെ ഗോഡൗണില്‍ നിന്ന് കൊണ്ടുവന്ന് തരാം എന്നുപറഞ്ഞ് തിരിച്ചയയ്ക്കും.
ഇത്തരത്തില്‍ പണം നഷ്ടമായ ഏഴു പേരെ ക്രൈം ഡിറ്റാച്ച്‌മെന്റ് സെല്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. വീട്ടുകാരുമായി അത്ര രമ്യതയിലല്ല ജയകുമാറെന്നാണ് അറിയുന്നത്. 42 വയസായെങ്കിലും വിവാഹം കഴിച്ചിട്ടില്ല. യുവതിയായ ഒരു സ്ത്രീ ഇയാളോടൊപ്പം പട്ടിത്താനത്തെ വീട്ടിലുണ്ട്. തമിഴ്നാട്ടിലെ കോളേജ് പ്രൊഫസറാണ് ഈ സ്ത്രീയെന്നാണ് ജയകുമാര്‍ പലരോടും പറഞ്ഞിരിക്കുന്നത്. കൂടാതെ തമിഴ്നാട്ടിലെ മറ്റു ചില സ്ത്രീകളുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. ഇയാളുടെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന കാറുകളെല്ലാം വാടകയ്ക്ക് എടുത്തവയാണെന്നും കഴുത്തിലെ മാല മുക്കുപണ്ടമാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജയകുമാറിനെ റിമാന്‍ഡ് ചെയ്ത് കോട്ടയം സബ് ജയിലിലാക്കി.