
വ്യാജ രേഖ ഉപയോഗിച്ച് പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത കോട്ടയത്തെ പ്രമുഖ വ്യാപാരിയുടെ ബെൻസ് കാർ ജപ്തി ചെയ്തിട്ട് രണ്ടു മാസം; പിഴ തുക അടയ്ക്കാത്തതിനാൽ പൊതുമരാമത്ത് ഓഫീസിനു മുന്നിൽ വെയിലും മഴയുമേറ്റ് കിടക്കുന്നു
സ്വന്തം ലേഖകൻ
കോട്ടയം: വ്യാജ രേഖ ഉപയോഗിച്ച് പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത് കേരളത്തിൽ ഉപയോഗിച്ചു വന്ന ബെൻസ് കാറാണ് പൊതുമരാമത്ത് റവന്യു റിക്കവറി വിഭാഗം ഓഫിസ് മുറ്റത്ത് പൊടിപിടിച്ചു കിടക്കുന്നത്. പിഴ തുകയായ പന്ത്രണ്ട് ലക്ഷം അടയ്ക്കാത്തതു മൂലം രണ്ടു മാസം മുൻപാണ് കാർ ജപ്തി ചെയ്തത്.കോട്ടയത്തെ പ്രമുഖ ലോട്ടറി വ്യാപാരിയായ തിരുമലൈകുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ.
വ്യാജ രേഖ ഉപയോഗിച്ചു പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത കാറിന്റെ പിഴ തുകയായി പന്ത്രണ്ട് ലക്ഷം രൂപ അടയ്ക്കണമെന്നായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ നിർദേശം. എന്നാൽ, ഇത് ലംഘിച്ച 23 വാഹനങ്ങളാണ് ജില്ലയിലുണ്ടായിരുന്നത്. ലോട്ടറി വ്യാപാരിയായ തിരുമലൈകുമാറിന്റെ കാറും ഇതിൽ ഉൾപ്പെട്ടിരുന്നു. തുടർന്നു മോട്ടോർ വാഹന വകുപ്പ് നൽകിയ നിർദേശം അനുസരിച്ചു റവന്യു റിക്കവറി വിഭാഗം ഈ കാർ പിടിച്ചെടുത്തു. മറ്റു നാല് കാറുകൾ കൂടി പിടിച്ചെടുക്കാൻ നടപടി ആരംഭിച്ചിരുന്നെങ്കിലും അവർ ഹൈക്കോടതിയിൽ നിന്നു സ്റ്റേ നേടിയെടുത്തു. ഇതേ തുടർന്നാണ് കോട്ടയം റവന്യു റിക്കവറി ഡെപ്യൂട്ടി തഹസീിൽദാർ ചന്ദ്രലേഖ ഈ കാർ ജപ്തി ചെയ്തത്.