കരടിയുടേത് മുങ്ങിമരണം; പത്ത് വയസിനോടടുത്ത് പ്രായം; ശരീരത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ല; കിണറ്റില്‍ വീണ് മരിച്ച കരടിയുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലെ കണ്ടെത്തല്‍ ഇങ്ങനെ…!
സ്വന്തം ലേഖിക
തിരുവനന്തപുരം: വെള്ളനാട് കിണറ്റില്‍ വീണ കരടിക്ക് പത്ത് വയസിനോട് അടുത്ത് പ്രായമുണ്ടായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി.
കരടിയുടെ മരണ കാരണം വെള്ളത്തില്‍ മുങ്ങിയതാണെന്ന് വ്യക്തമായി. വന്യമൃഗത്തിന്റെ ശരീരത്തില്‍ മറ്റ് പരിക്കുകള്‍ കണ്ടെത്തിയില്ല. ആന്തരിക അവയവങ്ങള്‍ക്കും പരിക്കുണ്ടായിട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തല്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ മൃഗസ്നേഹികളുടെ സംഘടനയായ പീപ്പിള്‍ ഫോര്‍ ആനിമല്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കിണറ്റിന് പുറത്തെത്തിക്കാനുള്ള വനം വകുപ്പ് ദൗത്യം പാളിയതോടെ വെള്ളത്തില്‍ മുങ്ങിയാണ് കരടി ചത്തത്. മയക്കുവെടിയേറ്റ കരടിയെ വലയില്‍ മുകളിലേയ്ക്ക് ഉയര്‍ത്തുന്നതിനിടെ വെള്ളത്തിലേയ്ക്ക് വീണു.
പുറത്തെത്തിക്കാന്‍ ഒന്നര മണിക്കൂറോളം പരിശ്രമിച്ചു. ഗുരുതര പിഴവാണ് വനം വകുപ്പിനുണ്ടായത്. മയക്കുവെടിയേറ്റ കരടി മുങ്ങാനുള്ള സാധ്യത ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂട്ടി കാണാനായില്ല.
കിണറിന്റെ ആഴവും വെള്ളത്തിന്റെ അളവും കണക്കാക്കുന്നതിലും പിഴവുണ്ടായി. കിണറ്റിന്റെ വക്കില്‍ അള്ളിപ്പിടിച്ചിരുന്ന കരടിക്ക് താഴെയായി വനം വകുപ്പ് ആദ്യം വല വരിച്ചു.
വലയില്‍ കരടി സുരക്ഷിതമായിരിക്കുമെന്ന പ്രതീക്ഷയിലാണ് മയക്ക് വെടി വയ്ക്കാന്‍ തീരുമാനിച്ചത്. പക്ഷെ മയക്കുവെടിയേറ്റ ശേഷം കരടി കൂടുതല്‍ പരിഭ്രാന്തനായി. ഇത് കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. കിണറിന്റെ ആഴം കണക്കാക്കുന്നതിലും വെള്ളം അളക്കുന്നതിലും പാളിച്ചയുണ്ടായി. ഇതെല്ലാം കരടിയുടെ മരണത്തിലേക്ക് നയിച്ചു.