ഒടുവിൽ ബാർ ഉമടകൾക്കു വേണ്ടി സർക്കാർ വഴങ്ങുന്നു; രാവിലെ ഒൻപത് മുതൽ വൈകിട്ട് ഒൻപതു വരെ ബാറുകൾ പ്രവർത്തിക്കും; ഒരു മേശയിൽ രണ്ടു പേർ മാത്രം; കസേരകൾക്കു നിശ്ചിത അകലം വേണം; ഇതൊക്കെ നടക്കുമോ എന്ന് കണ്ടറിയണം

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: രണ്ടെണ്ണമടിച്ചാൽ കൊലകൊല്ലിയാകുന്ന കേരളത്തിലെ മദ്യപാനികൾക്കു മുന്നിൽ കൊവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ബാറുകൾ തുറക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ബാർ ഉടമകളുടെ നിവേദനത്തിനു മുന്നിൽ മുട്ടുമടക്കിയാണ് സംസ്ഥാന സർക്കാർ ഇപ്പോൾ ബാറുകൾ തുറക്കുന്നതിനു തയ്യാറെടുക്കുന്നത്. ഒരു മേശയിൽ രണ്ടു പേർ മാത്രം, നിശ്ചിത അകലം വേണം, സാനിറ്റൈസർ വേണം , മാസ്‌ക് വേണം തുടങ്ങിയ നിർദേശങ്ങളുമായാണ് സർക്കാർ ബാർ തുറക്കാൻ ഒരുങ്ങുന്നത്. എന്നാൽ, അടിച്ചു ഫിറ്റാകുന്ന കുടിയന്മാർക്കു മുന്നിൽ ഇത് എത്രത്തോളം വിലപ്പോകുമെന്നു സർക്കാരെ കണ്ടറിയണം..!

സംസ്ഥാനത്തെ ബാറുകൾ തുറക്കാൻ എക്സൈസ് വകുപ്പ് ശുപാർശ ചെയ്തത് കർശന നിയന്ത്രണങ്ങളോടെയാണ്. അൺലോക്കിന്റെ ഭാഗമായി പല സംസ്ഥാനങ്ങളിലും ബാറുകൾ തുറന്ന സാഹചര്യത്തിലാണ് എക്സൈസ് വകുപ്പ് കേരളത്തിലും ഈ നിർദ്ദേശം മുന്നോട്ടുവെയ്ക്കുന്നത്.
ബാറുകൾ തുറന്നാൽ രാവിലെ 9 മുതൽ രാത്രി 9 വരെയാകും പ്രവർത്തന സമയം.

തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്നതായി എക്സൈസ് കമ്മീഷണർ റിപ്പോർട്ട് നൽകി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തുറക്കാൻ അനുമതി നൽകണം.

ഒരു മേശയിൽ രണ്ട് പെരെന്ന നിലയിൽ ക്രമീകരിക്കണം, പാഴ്സൽ മദ്യവിൽപ്പന അവസാനിപ്പിച്ച് ബിവറേജ് കോർപ്പേറഷനിലുണ്ടാവുന്ന സാമ്ബത്തിക നഷ്ടം പരിഹരിക്കാം തുടങ്ങിയ ശുപാർശകളാണ് എക്സൈസ് കമ്മീഷണർ എക്സൈസ് വകുപ്പ് മന്ത്രിക്ക് നൽകിയത്. എക്സൈസ് കമ്മീഷണറുടെ ശുപാർശ എക്സൈസ് മന്ത്രി ടിപി രാമകൃഷ്ൺ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. എക്സൈസ് വകുപ്പിന്റെ ശുപാർശയിൽ ഈ ആഴ്ച തന്നെ തീരുമാനമുണ്ടാകും.

നിലവിൽ ബാറുകളിലും ബീയർ പാർലറുകളിലും പ്രത്യേക കൗണ്ടർ വഴി പാഴ്സൽ വിൽപന മാത്രമാണുള്ളത്. അതിനായി ബവ്കോ ആപ്പിൽ ബുക്ക് ചെയ്യണം.
ലൈസൻസ് ഫീസ് ഇനത്തിൽ വൻ തുക നൽകുന്ന തങ്ങൾക്ക് ഇതു വൻ സാമ്ബത്തിക ബാധ്യത വരുത്തുന്നതായി ബാർ ഹോട്ടൽ ഉടമകളുടെ സംഘടന അറിയിച്ചിരുന്നു.
മറ്റു സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്നതു പോലെ കേരളത്തിലും തുറക്കണം എന്നാവശ്യപ്പെട്ടു സംഘടന നിവേദനം നൽകി.

വിഷയം വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്ത് അനുകൂല നിലപാടെടുത്തു. പഞ്ചാബ്, ബംഗാൾ, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്ന പശ്ചാത്തലത്തിൽ കേരളത്തിലും തുറക്കാമെന്നാണ് എക്സൈസ് കമ്മിഷണറുടെ ശുപാർശ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള നിർദേശമാവും പുറപ്പെടുവിക്കുകയെന്നാണു സൂചന. സംസ്ഥാനത്ത് 596 ബാറുകളും 350 ബീയർവൈൻ പാർലറുകളുമാണുള്ളത്. മാർച്ചിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ ഇവ അടഞ്ഞു കിടക്കുകയാണ്.