
കൊൽക്കത്ത : ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സ്ഥാപക മമത ബാനർജിക്ക് വീണ്ടും കനത്ത തിരിച്ചടി. തൃണമൂൽ കോൺഗ്രസിന്റെ 3 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. 440 കോടിയാണ് 3 അക്കൗണ്ടുകളിലുമായി ഉള്ളത്. ടിഎംസി നേതാവ് അരൂപ് ബിശ്വാസിന്റെ പരാതിയിലാണ് നടപടി. കൊൽക്കത്തയിലെ എച്ച്ഡിഎഫ്‌സി സെൻട്രൽ പ്ലാസ ശാഖയിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. പൊലീസിന്റെ നിർദേശ പ്രകാരമാണ് നടപടി. അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട ബ്രാഞ്ചിന്റെ മാനേജർക്ക് അരൂപ് ബിശ്വാസ് കത്ത് നൽകുകയായിരുന്നു. തന്റെ ഒപ്പുള്ള ഉപയോഗിക്കാത്തതോ ശൂന്യമായതോ ആയ ചെക്കുകൾ ദുരുപയോഗം ചെയ്യപ്പെടുമെന്ന് അദ്ദേഹം കത്തിൽ ആശങ്ക പ്രകടിപ്പിച്ചു. തുടർന്ന് 10 വിമത എംഎൽഎമാരുടെ കൂട്ടായ്മ ബിധാൻനഗർ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ച പരാതിയെ തുടർന്നാണ് ഇടപെടൽ.
മൂന്ന് സ്വകാര്യ ബാങ്ക് അക്കൗണ്ടുകൾ അവ്യക്തമായ സ്രോതസുകളിൽ നിന്ന് ലഭിച്ച വലിയ തുകകൾ അധികാര ദുർവിനിയോഗത്തിലൂടെ നിക്ഷേപിച്ചിട്ടുണ്ടെന്ന് അവർ ആശങ്ക പ്രകടിപ്പിച്ചു. വേഗത്തിലുള്ള അന്വേഷണം നടത്തിയില്ലെങ്കിൽ ഈ ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കപ്പെടുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്യുമെന്ന് പരാതിയിൽ പറയുന്നു. ബിധാൻനഗർ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ ബ്രാഞ്ച് അധികൃതരിൽ നിന്ന് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ തേടി. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ അക്കൗണ്ടുകളിൽ ഡെബിറ്റ് മരവിപ്പിക്കാൻ തീരുമാനിക്കുകയും ബാങ്ക് അധികൃതരുമായി ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.






