
ബെംഗളൂരു: കൂട്ടുകാർക്കൊപ്പം പാർട്ടി ആഘോഷത്തിനെത്തിയ യുവതി നിർമാണത്തിലിരുന്ന കെട്ടിടത്തിനു മുകളിൽനിന്നു വീണ് മരിച്ചു. ആന്ധ്രാപ്രദേശ് ചിറ്റൂർ സ്വദേശിനിയായ 20 വയസുകാരി നന്ദിനിയാണ് മരിച്ചത്. റായസാന്ദ്രയ്ക്കടുത്തുള്ള ഒരു സൂപ്പർമാർക്കറ്റിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്തു വരികയായിരുന്നു നന്ദിനി. തെക്കൻ ബെംഗളൂരുവിലെ രായസാന്ദ്രയിൽ പേയിങ് ഗസ്റ്റായി താമസച്ചിരുന്ന യുവതി സുഹൃത്തുക്കൾക്കൊപ്പം പാർട്ടി ആഘോഷിക്കാനെനെത്തിയപ്പോഴാണ് ദാരുണമായ മരണം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ബെംഗളൂരു പരപ്പന അഗ്രഹാര സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. തന്‍റെ സുഹൃത്തുക്കൾക്കൊപ്പമാണ് രായസാന്ദ്രയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് നന്ദിനി എത്തിയത്. നന്ദിനിക്കൊപ്പം ഒരു വനിതാ സുഹൃത്തും രണ്ട് ആൺസുഹൃത്തുക്കളും ഉണ്ടായിരുന്നു. പാർട്ടി ആഘോഷത്തിനിടെ റീൽസ് എടുക്കുന്നതിനായാണ് നന്ദിനി കെട്ടിടത്തിന്‍റെ പതിമൂന്നാം നിലയിലേക്ക് കയറിയതെന്നാണ് പുറത്ത് വരുന്ന വിവരം. 10 വർഷമായി നിർമാണം മുടങ്ങിക്കിടക്കുന്ന കെട്ടിടത്തിൽ സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നില്ല.
റീൽസ് എടുക്കുന്നതിനിടെ നന്ദിനി അബദ്ധത്തിൽ കാൽ തെന്നി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ലിഫ്റ്റ് ഡക്ടറ്റിലേക്കാണ് യുവതി വീണത്. എന്നാൽ യുവതിയുടെ ഫോണിൽനിന്ന് റീൽസ് എടുത്തതിന്റെ റെക്കോർഡിങ് ലഭിച്ചിട്ടില്ല. യുവതി അബദ്ധത്തിൽ വീണു എന്നാണ് നിഗമനമെങ്കിലും പരപ്പന അഗ്രഹാര പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസ് റജിസ്റ്റർ ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും യുവതിക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരെ ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group