വോട്ടിംഗ് യന്ത്രങ്ങള്‍ക്കുളള ബാലറ്റുകള്‍ എത്തി

വോട്ടിംഗ് യന്ത്രങ്ങള്‍ക്കുളള ബാലറ്റുകള്‍ എത്തി

സ്വന്തംലേഖകൻ

കോട്ടയം : കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ സജ്ജീകരിക്കുന്നതിനുളള ബാലറ്റുകളും ടെന്‍ഡേഡ് ബാലറ്റുകളും കളക്‌ട്രേറ്റില്‍ എത്തിച്ചു. തിരുവനന്തപുരം ഗവണ്‍മെന്റ് പ്രസില്‍ അച്ചടിച്ച ബാലറ്റുകള്‍ സീല്‍ ചെയ്ത   വാഹനത്തില്‍ പോലീസ് സംരക്ഷണത്തിലാണ്  കളക്‌ട്രേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗം ഓഫീസിലെത്തിച്ചത്.
ജില്ലയിലെ 1564 ബൂത്തുകളിലേക്കുള്ള 30300 ബാലറ്റുകളടങ്ങിയ ആറു പെട്ടികള്‍ ജില്ലാ കളക്ടര്‍ പി. കെ. സുധീര്‍ ബാബു, സബ് കളക്ടര്‍ ഈഷ പ്രിയ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എം.വി സുരേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി.
പാലാ നിയമസഭാ മണ്ഡലത്തിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായ  സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. അനില്‍കുമാറാണ് പ്രസില്‍ നിന്ന് ബാലറ്റുകള്‍ കൈപ്പറ്റിയത്. ഒരു ബൂത്തിലേക്ക് 20 ടെന്‍ഡേഡ് ബാലറ്റുകളും ഒരു ഇവിഎം ബാലറ്റും എന്ന ക്രമത്തില്‍ എആര്‍ഒമാര്‍ക്ക് കൈമാറി. ഇവിഎം ബാലറ്റ് ഏപ്രില്‍ 14ന് വോട്ടിംഗ് യന്ത്രങ്ങളില്‍ സജ്ജീകരിക്കും.
വോട്ടിംഗ് യന്ത്രങ്ങളുടെ റാന്‍ഡമൈസേഷന്‍ ഇന്നലെ  (ഏപ്രില്‍ 12) കളക്‌ട്രേറ്റില്‍ നടത്തി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതുനിരീക്ഷകന്‍ നിതീന്‍ കെ പാട്ടീല്‍, ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എം.വി സുരേഷ്‌കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു റാന്‍ഡമൈസേഷന്‍.