ആളെ കൊല്ലും ആശുപത്രികൾ: വിശ്വസിച്ച് ഈ ആശുപത്രികളിൽ എങ്ങിനെ കയറും; ജില്ലയിലെ സ്വകാര്യ ആശുപത്രികളുടെ കൊള്ളയും കൊലപാതകവും; കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ മരിച്ചത് ഗർഭിണിയും, എട്ടു വയസുകാരിയും നടുവേദനയ്ക്ക് ചികിത്സ തേടിയ വീട്ടമ്മയും; സാധാരണക്കാരെ കൊള്ളയടിച്ച കൊയ്യുന്നത് ലക്ഷങ്ങൾ
സ്വന്തം ലേഖകൻ
കോട്ടയം: ആരോഗ്യവും ജീവിതവും ആവശ്യമുള്ളവർ വിശ്വസിച്ച് ഈ ആശുപത്രികളിൽ എങ്ങിനെ കയറും. ജില്ലയിലെ സ്വകാര്യ ആശുപത്രികൾക്കെതിരെ നിരന്തരം പരാതി ഉയരുമ്പോൾ നാട്ടുകാർ ചോദിക്കുന്ന ചോദ്യമിതാണ്. കാരിത്താസിനും, മന്ദിരം ആശുപത്രിക്കും, മാതാ ആശുപത്രിയ്ക്കും പിന്നാലെ ഏറ്റവും ഒടുവിൽ നാഗമ്പടം എസ്.എച്ച് ആശുപത്രിക്കെതിരെയും പരാതി ഉയർന്നതോടെയാണ് ആശുപത്രികളുടെ കൊള്ളയും കൊലപാതകവും സാധാരണക്കാർ തിരിച്ചറിഞ്ഞു തുടങ്ങിയത്.
കഴിഞ്ഞ ഒക്ടോബറിലാണ് മാങ്ങാനം മന്ദിരം ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് ഇവിടെ ചികിത്സയിലിരുന്ന കുഴിമറ്റം കണിയാംപറമ്പിൽ കുഴിയാത്ത് വർഗീസിന്റെ മകളും പത്തനംതിട്ട കടപ്ര മാലിയിൽ രഞ്ചി ജോസഫിന്റെ ഭാര്യയുമായ സിനിമോൾ വർഗീസ് (27) സെപ്റ്റംബർ 28 നാണ് മരിച്ചത്. പ്രസവത്തെ തുടർന്ന് അമിത രക്തസ്രാവമുണ്ടായ സിനിമോളെ മാങ്ങാനം മന്ദിരം ആശുപത്രിയിൽ നിന്നു കാരിത്താസ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ഇവിടെയും കൃത്യമായ ചികിത്സ ലഭിക്കാതെ വന്നതോടെ നാലാം ദിവസം ഇവർ മരിക്കുകയായിരുന്നു. മരണം സംഭവിച്ചെങ്കിലും ഇവരുടെ പക്കൽ നിന്നും നാലു ലക്ഷത്തോളം രൂപ ചികിത്സാ ഫീസ് ഇനത്തിൽ ഈടാക്കിയത് തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു വിട്ടിരുന്നു. സംഭവം വിവാദമായതോടെ കാരിത്താസ് ആശുപത്രി തേർഡ് ഐ ന്യൂസ് ലൈവിനെതിരെ ഭീഷണിയുമായി വക്കീൽ നോട്ടീസും അയച്ചിരുന്നു. വാർത്ത പിൻവലിച്ച് പത്ത് ദിവസത്തിനകം മാപ്പ് പറയണമെന്നായിരുന്നു ഭീഷണി. എന്നാൽ, വാർത്ത പിൻവലിക്കാൻ തയ്യാറാകാതെ ഇവരുടെ തട്ടിപ്പ് സംബന്ധിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു വിട്ടതോടെ കാരിത്താസ് ആശുപത്രി പിന്നീട് തുടർ നടപടികൾക്ക് തയ്യാറായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ കാരിത്താസ് ആശുപത്രിയിൽ ചികിത്സയ്ക്കായി ഒരു ദിവസം അഡ്മിറ്റ് ചെയ്തതിന് 13000 രൂപ അമിത ഫീസ് ഈടാക്കിയെന്ന പരാതിയുമായി യുവാവും രംഗത്ത് എത്തി. തുടർന്ന് ഇയാൾ ഫെയ്‌സ്ബുക്ക് പോസ്റ്റും ഇട്ടു. ഇതിനിടെയാണ് കിംസ് ആശുപത്രിയിൽ ചികിത്സ തേടിയ എട്ടു വയസുകാരി മരിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 22 നാണ് ആദ്യ സംഭവം ഉണ്ടായത്. വയറുവേദനയുമായി ചികിത്സ തേടിയെത്തിയ എട്ടു വയസുകാരി അർപ്പൂക്കര പനമ്പാലം കാവിൽ വീട്ടിൽ എ.വി ചാക്കോ മറിയം ദമ്പതികളുടെ മകൾ എയ്ൻ അൽഫോൺസ് ജുമേഷാണ് കിംസ് ആശുപത്രിയിൽ മരിച്ചത്. ആശുപത്രി അധികൃതരുടെ പിഴവിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ മാസം 26 ന് ഇതേ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ കാരാപ്പുഴ ഭീമൻപടിയിൽ പീടിമേക്കൽ പറമ്പിൽ ബിനു മാത്യുവിന്റെ ഭാര്യ ബിന്ദു തോമസ് (49) മരിച്ചതും വിവാദമായി. നടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ ബിന്ദു ആശുപത്രിയിൽ രാത്രിയുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണമടഞ്ഞത്. എന്നാൽ, ബിന്ദുവിന്റെ മരണം കൃത്യ സമയത്ത് ചികിത്സ ലഭിക്കാതെയാണെന്ന് ആരോപിച്ചാണ് ബന്ധുക്കൾ രംഗത്ത് എത്തിയത്.
ഏറ്റവും ഒടുവിലായി നാഗമ്പടം എസ് എച്ച് ആശുപത്രിയിൽ ഹോട്ടൽ ജീവനക്കാരനായ യുവാവിന്റെ ചികിത്സയ്ക്കായി ഒറ്റ മണിക്കൂർ കൊണ്ട് ഈടാക്കിയത് 1700 രൂപയാണ്. കാലിന് ഉളുക്കുമായി എത്തിയ യുവാവ് ഒടുവിൽ കയ്യിലുണ്ടായിരുന്ന പണം മുഴുവൻ നൽകിയ ശേഷമാണ് ആശുപത്രി വിട്ടത്.
ഇത്തരത്തിൽ ആയിരക്കണക്കിന് ചികിത്സാ പിഴവുകളാണ് സ്വകാര്യ ആശുപത്രികൾക്കെതിരെ ഉയരുന്നത്. എന്നാൽ, പലപ്പോഴും പലരും ഈ ആശുപത്രികൾക്കെതിരായി പരാതി പറയാൻ തയ്യാറാകാറില്ല. വൻ പണവും സ്വാധീനവുമുള്ള ഈ ആശുപത്രികളുടെ സ്വാധീനത്തെ ഭയന്നാണ് ഇത്തരത്തിൽ പരാതിപ്പെടാൻ പലരും തയ്യാറാകാത്തത്. ഇത് ഇവർ യഥാർത്ഥത്തിൽ മുതലെടുക്കുകയാണ് ചെയ്യുന്നത്.
ഈ ആശുപത്രികളാകട്ടെ കൊള്ള ഫീസാണ് രോഗികളിൽ നിന്നും ഈടാക്കുന്നത്. 150 രൂപ മുതൽ 300 രൂപ വരെയാണ് സ്വകാര്യ ആശുപത്രികൾ കാർഡ് പുതുക്കുന്നതിനായി ഈടാക്കുന്നത്. ഓരോ ഡോക്ടറെയും കാണുന്നതിനും 200 മുതൽ 500 രൂപ വരെ പ്രത്യേകം ഫീസ് ഈടാക്കുന്നുണ്ട്. കാഷ്യാലിറ്റിയിൽ ഡ്യൂട്ടിയിലുള്ള ഡോക്ടറെ കാണുന്നതിന് 100 രൂപ മുതൽ 250 രൂപ വരെ ഫീസ് ഈടാക്കുന്ന ആശുപത്രികൾ കോട്ടയം നഗരത്തിൽ തന്നെയുണ്ട്. രോഗിയെയുമായി വീൽചെയറിൽ പോകുന്ന ജീവനക്കാർക്ക് പ്രത്യേകമായി പണമോ പാരിദോഷികമോ നൽകരുതെന്ന് പ്രത്യേകം എഴുതി വച്ചിരിക്കുന്ന നഗരത്തിലെ സ്വകാര്യ ആശുപത്രികൾ, ഇത്തരത്തിൽ വീൽചെയറിൽ രോഗി ഇരിക്കുന്നതിനു പോലും പ്രത്യേകം നിരക്ക് ഈടാക്കുന്നുണ്ട്. കൃത്യമായ നിരക്കോ ഏകീകൃത രൂപമോ ഇല്ലാത്തതിനാൽ പല ആശുപത്രികളും സ്വന്തം നിലയിലാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇതാകട്ടെ സാധാരണക്കാരെ കൊ്ള്ളയടിക്കുന്നതിനു തുല്യവും.