വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹത അന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ പരാതി നൽകി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ കുടുംബം രംഗത്ത്. ഇതുസംബന്ധിച്ച് ബാലഭാസ്‌കറിന്റെ അച്ഛൻ ഡി.ജി.പിയ്ക്ക് പരാതി നൽകി. പാലക്കാട്ടെ ഒരു ആയുർവേദ ആശുപത്രിയുമായി മകന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്ന് സംശയമുണ്ടെന്നും ഇത് അന്വേഷിക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പാലക്കാടുള്ള പൂന്തോട്ടം എന്ന ആയുർവേദ ആശുപത്രിയുമായി ബാലഭാസ്‌കറിന് ചില സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്ന് സംശയമുണ്ട്. ഇതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതാണ്. എന്തിനാണ് തിടുക്കപ്പെട്ട് ബാലഭാസ്‌കർ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചതെന്നും അന്വേഷിക്കണമെന്ന് പരാതിയിൽ പറയുന്നു.
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഇക്കഴിഞ്ഞ ഒക്ടോബർ രണ്ടിനാണ് ബാലഭാസ്‌കർ അന്തരിച്ചത്. ദേശീയ പാതയിൽ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാംപ് ജംക്ഷനു സമീപം സെപ്തംബർ 25ന് പുലർച്ചെ നാലോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ വലതുവശത്തേക്ക് തെന്നിമാറി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. മകൾ തേജസ്വിനി ബാല സംഭവസ്ഥലത്തു തന്നെ മരിച്ചു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്‌കറും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. സാരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മിയും ഡ്രൈവറും ഏറെ നാൾ ആശുപത്രിയിൽ ആയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group