കനത്ത സാമ്പത്തിക നഷ്ടം; പന്ത്രണ്ടായിരം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ബൈജൂസ്; കേരളത്തില്‍ ജോലി നഷ്ടമാകുന്നത് 170ലേറെ ജീവനക്കാര്‍ക്ക്
സ്വന്തം ലേഖിക
മുംബൈ: നഷ്ടം കനത്തതോടെ പന്ത്രണ്ടായിരം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ എജ്യുക്കേഷണല്‍ ടെക്‌നോളജി കമ്പനി ബൈജൂസ്.
ആറു മാസത്തിനിടെ 2500 ജീവനക്കാരെ തൊഴില്‍ ശേഷിയില്‍ നിന്ന് കുറയ്ക്കുമെന്നാണ് കമ്പനി സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥും ചീഫ് ഓപറേറ്റിങ് ഓഫീസര്‍ മൃണാല്‍ മോഹിതും പ്രത്യേകം വാര്‍ത്താ സമ്മേളനങ്ങളില്‍ നേരത്തെ അറിയിച്ചിരുന്നത്. ലാഭസാധ്യതാ ഘടകം പരിഗണിച്ചാണ് പിരിച്ചുവിടല്‍ എന്നായിരുന്നു വിശദീകരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം ടെക്‌നോ പാര്‍ക്കില്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് പരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചു. കേരളത്തില്‍ 170ലേറെ ജീവനക്കാര്‍ക്കാണ് നോട്ടീസ് കിട്ടിയത്.
2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 4,588 കോടിയാണ് ബൈജൂസിന്റെ നഷ്ടം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19 മടങ്ങ് കൂടുതലാണ് നഷ്ടം. 2021ലെ വരുമാനം 2511 കോടിയില്‍ നിന്ന് 2428 കോടിയായി ചുരുങ്ങുകയും ചെയ്തിരുന്നു.
2022 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം പതിനായിരം കോടിയിലെത്തുമെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ ആ വര്‍ഷത്തെ ലാഭമോ നഷ്ടമോ കമ്പനി പുറത്തുവിട്ടിട്ടില്ല.
ഓഫ് ലൈന്‍ ട്യൂഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായി പതിനായിരം അധ്യാപകരെ റിക്രൂട്ട് ചെയ്യാനും കമ്പനി ആലോചിക്കുന്നുണ്ട്. നിലവില്‍ 20,000 അധ്യാപകര്‍ കമ്പനിക്കു കീഴില്‍ ജോലി ചെയ്യുന്നുണ്ട്.
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള എജ്യു സ്റ്റാര്‍ട്ടപ്പാണ് മലയാളിയായ ബൈജു രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന ബൈജൂസ്. 22 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ ആകെ മൂല്യം. ആകാശ് അടക്കമുള്ള വമ്പന്‍ കമ്പനികളെ ബൈജൂസ് ഏറ്റെടുത്തെങ്കിലും ഓണ്‍ലൈന്‍ ട്യൂഷന്‍ രംഗത്ത് മത്സരം കടുത്തത് ബൈജൂസിന്റെ വളര്‍ച്ചയ്ക്ക് തടസ്സമായി.
രണ്ടു വര്‍ഷത്തിനിടെ മാത്രം ഏറ്റെടുക്കലുകള്‍ക്ക് മാത്രമായി 2.5 ബില്യണ്‍ യുഎസ് ഡോളറാണ് ബംഗളൂരു ആസ്ഥാനമായ കമ്പനി ചെലവഴിച്ചിരുന്നത്.