
കോച്ചില്‍ യുവതി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കി വാതിലുകളെല്ലാം ഓടിനടന്ന് അടച്ചു; കവര്‍ച്ചയ്ക്ക് ശേഷം പീഡിപ്പിക്കാനായി മുടിയില്‍ പിടിച്ചു ശുചിമുറിയുടെ ഭാഗത്തേക്കു വലിച്ചുകൊണ്ടു പോകാന്‍ ശ്രമം; യുവതി വാതില്‍ കമ്പിയില്‍ തൂങ്ങിനിന്ന് അലറിക്കരഞ്ഞപ്പോള്‍ വായില്‍ ഷാള്‍ തിരുകി; താഴെ വീണെന്ന് കണ്ടപ്പോള്‍ തിരികെ വന്ന് യുവതിയുടെ ബാഗിലുണ്ടായിരുന്ന പാത്രത്തിലെ ഭക്ഷണം ആസ്വദിച്ച് കഴിച്ചു; ബാബുക്കുട്ടനെന്ന രണ്ടാം ഗോവിന്ദച്ചാമിയില്‍ നിന്നും മുളന്തുരുത്തി സ്വദേശിനിക്ക് ഏല്‍ക്കേണ്ടി വന്നത് സൗമ്യ നേരിട്ടതിനേക്കാള്‍ ഭീകരമായ പീഡനങ്ങള്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ട്രയിനുകളില്‍ മോഷണം നടത്തുന്ന ബാബുക്കുട്ടന്റെ കയ്യില്‍ നിന്നും ഭാഗ്യവും മനോധൈര്യവും കൊണ്ട് മാത്രമാണ് ഗുരുവായൂര്‍-പുനലൂര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്തിരുന്ന മുളന്തുരുത്തി സ്വദേശിനി രക്ഷപ്പെട്ടത്. അറസ്റ്റിലായ ശേഷം ബാബുക്കുട്ടന്‍ ആക്രമണ വിവരങ്ങള്‍ പറഞ്ഞപ്പോളാണ് ഇയാള്‍ രണ്ടാം ഗോവിന്ദച്ചാമിയാണെന്ന് പൊലീസ് ഉറപ്പിച്ച് പറയുന്നത്. എന്നാല്‍ അന്ന് ആയുസ്സ് നഷ്ടപ്പെട്ട സൗമ്യ ഏല്‍ക്കേണ്ടി വന്നതിനേക്കാള്‍ ഭീകരമായ അനുഭവമാണ് മുളന്തുരുത്തി സ്വദേശിനിക്കുണ്ടായത്.
ഡി9 കോച്ചില്‍ യുവതി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ, ഡി10 കോച്ചില്‍ യാത്ര ചെയ്തിരുന്ന പ്രതി ബാബുക്കുട്ടന്‍ മുളന്തുരുത്തി സ്റ്റേഷനില്‍ ഇറങ്ങി ഡി9 കോച്ചിലേക്കു മാറിക്കയറുകയായിരുന്നു. 6 വാതിലുകളുള്ള കോച്ചിന്റെ മുന്‍വശത്തെ വാതിലിലൂടെ കയറിയ ബാബുക്കുട്ടന്‍ ബാക്കി എല്ലാ വാതിലുകളും ഓടിനടന്ന് അടച്ചു. ഇത് കണ്ട യുവതി മധ്യഭാഗത്തുള്ള വാതില്‍ തുറന്നു. എന്നാല്‍ ഭാവമാറ്റം പോലും ഇല്ലാതെ യുവതിയുടെ അടുത്തേക്കു വന്ന ഇയാള്‍ ആദ്യം തന്നെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് പുറത്തേക്കെറിഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌ക്രൂഡ്രൈവര്‍ കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം മുടിയില്‍ പിടിച്ചു മാലപൊട്ടിച്ചെടുത്തു. പിന്നീട് വളയും ബാഗും കൈവശപ്പെടുത്തി. കവര്‍ച്ചയ്ക്ക് ശേഷം മുടിയില്‍ വലിച്ചിഴച്ച് ശുചിമുറിയുടെ ഭാഗത്തേക്കു വലിച്ചുകൊണ്ടു പോകാന്‍ ശ്രമിച്ചപ്പോള്‍ യുവതി കുതറിമാറി രക്ഷപ്പെടാനായി വാതിലിലെ പടിയില്‍ ഇറങ്ങി കമ്പിയില്‍ തൂങ്ങി നിന്ന് അലറിവിളിച്ചു. ഈ സമയം വായില്‍ ഷാള്‍ തിരുകി. തുടര്‍ന്നുള്ള ചെറുത്തു നില്‍പ്പിനിടെയാണു യുവതി ട്രെയിനില്‍ നിന്നു വീണു.
ഇതോടെ പ്രതി തിരികെ വന്ന് യുവതിയുടെ ബാഗിലുണ്ടായിരുന്ന പാത്രത്തിലെ ഭക്ഷണം കഴിക്കുകയാണ് ആദ്യം ചെയ്തത്. ബാഗില്‍ നിന്നു കണ്ണടയും പണവും എടുത്തു.
ഈ കണ്ണട വച്ച് പുതിയ ലുക്കില്‍ യാത്ര തുടര്‍ന്ന ബാബുക്കുട്ടന്‍ ചെങ്ങന്നൂരിലെത്തിയപ്പോള്‍ പൊലീസ് പരിശോധിക്കുന്നതു കണ്ടു തൊട്ടടുത്ത സ്റ്റേഷനായ മാവേലിക്കരയില്‍ ഇറങ്ങി കടന്നുകളയുകയായിരുന്നു. കരുനാഗപ്പള്ളിയിലെത്തി സ്വര്‍ണം പണയം വയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ തിരിച്ചറിയല്‍ രേഖ ഇല്ലാത്തതിനാല്‍ കഴിഞ്ഞില്ല. സ്വര്‍ണം പണയം വയ്ക്കാന്‍ ബാബുക്കുട്ടനെ മറ്റാരോ സഹായിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
ട്രെയിനിലെ ഡി9 കോച്ചിലും സ്വര്‍ണം പണയം വയ്ക്കാന്‍ ശ്രമിച്ച കരുനാഗപ്പള്ളിയിലെ സ്ഥാപനത്തിലും അന്വേഷണ സംഘം തെളിവെടുപ്പു നടത്തി. സൗമ്യക്കേസില്‍ ഗോവിന്ദചാമി ചെയ്തതിന് സമാനമാണ് ഇവിടേയും സംഭവിച്ചത്.
നൂറനാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 4 ക്ഷേത്രങ്ങളിലെ കാണിക്ക വഞ്ചി കുത്തിപ്പൊളിച്ച് ലക്ഷങ്ങള്‍ കവര്‍ന്ന കേസും, അയല്‍വാസിയായ യുവതിയെ കടന്നു പിടിച്ച് പീഡന ശ്രമം നടത്തിയതുമായ കേസും ബാബുക്കുട്ടനെതിരെ ഉണ്ട്. ഇത് കൂടാതെ ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും മോഷണം നടത്തിയ കേസുകള്‍ വേറെയും. മോഷണക്കേസില്‍ ഒന്നര വര്‍ഷത്തോളം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചിറങ്ങി 3 മാസം കഴിഞ്ഞപ്പോഴാണ് ഗുരുവായൂര്‍ – പുനലൂര്‍ പാസഞ്ചറില്‍ മുളംതുരുത്തി സ്വദേശിനിയെ ആക്രമിച്ചത്.
ബാബുക്കുട്ടന്റെ മാതാവ് രണ്ടാം വിവാഹം കഴിച്ച് ഭര്‍ത്താവിനൊപ്പം താമസമാണ്. സഹോദരി വടകരയില്‍ താമസിക്കുകയാണ്. പഴുതടച്ചുള്ള അന്വേഷണമാണ് ബാബുകുട്ടനെ പിടികൂടാന്‍ കാരണമായത്.