
തൃശൂർ: ജയിക്കാൻ വേണ്ടി തൃശൂർ മണ്ഡലത്തിന് പുറത്തുള്ളവരുടെ വോട്ട് ചേർത്തിട്ടുണ്ടെന്ന് സമ്മതിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ. ഒരു വർഷം മുൻപ് അങ്ങനെ ആളുകളെ കൊണ്ടു വന്ന് വോട്ട് ചേർക്കുന്നതിൽ എന്താണ് തെറ്റ് എന്ന് ഗോപാലകൃഷ്ണൻ ചോദിച്ചു. ജയിക്കാൻ വേണ്ടി ഇനിയും അങ്ങനെ വോട്ട് ചേർക്കുമെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. തൃശൂർ വോട്ടർ പട്ടികയിൽ വ്യാപകമായി ക്രമക്കേട് ആരോപിച്ച് കോൺഗ്രസും സിപിഐയും രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപിക്കും കുടുംബത്തിനും തൃശൂരിൽ വോട്ട് ചേർത്തതായി കണ്ടെത്തിയതും വലിയ വിവാദമായിരുന്നു. ഇതിനിടയിലാണ് വിഷയത്തിൽ പ്രതികരണവുമായി ബി ഗോപാലകൃഷ്ണൻ എത്തുന്നത്.
നേരത്തെ, തൃശൂരിലെ വോട്ടര്‍ പട്ടിക ആരോപണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷനാണ് മറുപടി നൽകേണ്ടതെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. താൻ മന്ത്രിയാണെന്നും ആ ഉത്തരവാദിത്തം കാണിച്ചുവെന്നും കൂടുതൽ ചോദ്യങ്ങളുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കാമെന്നും സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. അതുമല്ലെങ്കിൽ കേസ് സുപ്രീം കോടതിയിലെത്തുമ്പോള്‍ അവിടെ ചോദിക്കാമെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞൊഴിയുകയായിരുന്നു.
കേന്ദ്ര മന്ത്രിയായതിനാലാണ് പ്രതികരിക്കാത്തത്. ചില വാനരന്മാര്‍ ഇവിടെ നിന്ന് ‘ഉന്നയിക്കലുമായി’ ഇറങ്ങിയിട്ടുണ്ടായിരുന്നല്ലോയെന്നും സുരേഷ് ഗോപി പരിഹസിച്ചു. അക്കരെയും ഇക്കരയുമൊക്കെ ഇറങ്ങിയിട്ടുണ്ടല്ലോ. അവര്‍ കോടതിയിൽ പോകട്ടെ. കോടതിയും അവര്‍ക്ക് മറുപടി നൽകും. കോണ്‍ഗ്രസ് നേതാവ് അനിൽ അക്കരെയെ അടക്കം പേര് എടുത്തു പറയാതെ പരിഹസിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആരോപണങ്ങളുമായി ഇറങ്ങിയ വാനരന്മാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കട്ടെയെന്നും ചോദ്യങ്ങൾക്ക് കമ്മീഷനാണ് മറുപടി പറയേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. വിഷയത്തിൽ ദിവസങ്ങളോളം മൗനം പാലിച്ചതിന് ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group