‘കിട്ടാത്ത മുന്തിരി പുളിക്കും, സുനിൽ കുമാറിന് തോല്‍വിയില്‍ ഉണ്ടായ മാനസിക വിഭ്രാന്തി മാറിയില്ല’; വിമര്‍ശനവുമായി ബി ഗോപാലകൃഷ്ണൻ

Spread the love

തൃശൂര്‍: ജനാധിപത്യത്തെ അട്ടിമറിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുരേഷ് ഗോപിക്കെതിരെയുള്ള ആരോപണങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. സുരേഷ് ഗോപിയെ വേട്ടയാടുകയാണ്, സുരേഷ് ഗോപിയെ വിജയിപ്പിച്ച തൃശ്ശൂരിലെ വോട്ടർമാരെ അധിക്ഷേപിക്കുകയാണ് കോൺഗ്രസ്സും ഇടതുപക്ഷവും ചെയ്യുന്നത്. കള്ളവോട്ടിനാണോ സുരേഷ് ഗോപി വിജയിച്ചത്? സുരേഷ് ഗോപി ജയിച്ചതിലെ അസൂയ കൊണ്ട് കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഓരോ ദിവസവും ഓരോ അധിഷേപം നടത്തുന്നു എന്നാണ് ബി ഗോപാലകൃഷ്ണന്‍ പറയുന്നത്.

ഇവരുടെ അസൂയക്ക് ബിജെപിയുടെ മറുപടി സുനിശ്ചിതമായ വിജയം മാത്രമാണ്. തൃശൂർ മാത്രമല്ല കേരളം മുഴുവൻ വിജയിക്കും. സുരേഷ് ഗോപി രാജി വെച്ചാൽ കേരളത്തിലെ 19 എംപിമാരും രാജിവെക്കണം. പ്രതാപന് എതിരെ ബിജെപി കേസ് നൽകും.സുരേഷ് ഗോപിയെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് പ്രതാപൻ കേസ് നൽകിയത്. പ്രതാപനെതിരെ ബിജെപി മാനനഷ്ട കേസ് ഫയൽ ചെയ്യും. കെ മുരളീധരൻ മാന്യത ഉണ്ടെങ്കിൽ മിണ്ടാതിരിക്കണം. അധിക്ഷേപം തുടർന്നാൽ അതിശക്തമായി തിരിച്ചടിക്കും എന്നാണ് ബി ഗോപാലകൃഷ്ണ പറയുന്നത്.

പഴയ ഉഴുന്നുവട മറന്നിട്ടില്ല. ഒറ്റ ചുംബനം കൊണ്ട് ഉഴുന്നുവടയുടെ അടപ്പിളക്കിയ ആളാണ് പ്രതാപൻ. പ്രതാപന്റെ ചുംബനം കെപിസിസി ഓഫീസിൽ മതി. വേഷംകെട്ടു വേണ്ട, കള്ളവോട്ട് നടന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ്. വിഡി സതീശനും രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ട് ഉണ്ട്. ഇത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഏതെങ്കിലും മണ്ഡലത്തിൽ ഇരട്ട വോട്ടില്ലാത്ത, പാർട്ടി ഓഫീസിൽ വോട്ട് ഇല്ലാത്ത ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ ഉണ്ടോ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏതു കാര്യത്തിനും ഒരു സമയമുണ്ടായിരുന്നു. വോട്ട് ചേർക്കുന്നതിന് ഒരു സമയം ഉണ്ടായിരുന്നു. വോട്ട് വെട്ടേണ്ട സമയമുണ്ടായിരുന്നു, പിൻവലിക്കുന്നതിന് സമയമുണ്ടായിരുന്നു. പരാതി അന്വേഷിക്കുന്നതിന് സമയമുണ്ടായിരുന്നു, ഈ സമയം കൂർക്കം വലിച്ച് കിടന്നുറങ്ങുകയായിരുന്നു പ്രതാപൻ എന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

കൂടാതെ, ഇത്തവണ പൂരത്തിന്റെ പേര് പറഞ്ഞ് വോട്ട് നേടാൻ ശ്രമിച്ചപ്പോൾ ഞങ്ങൾ തടഞ്ഞു. ആദ്യം പൂരമാണ് അട്ടിമറിച്ചതെന്ന് പറഞ്ഞു, പിന്നീട് ഇപ്പോൾ വോട്ട് ചേർക്കൽ പറയുന്നു. സുനിൽ കുമാറിന് കിട്ടാത്ത മുന്തിരി പുളിക്കും. സുനിൽകുമാറിന് തോൽവിയിൽ നിന്നുണ്ടായ മാനസിക വിഭ്രാന്തി മാറിയില്ല എന്നും ഗോപാല കൃഷ്ണന്‍ പറഞ്ഞു.