video
play-sharp-fill
അയർക്കുന്നത്ത് വീട്ടമ്മയുടെ മാലയും സ്വര്‍ണാഭരണങ്ങളും കവർന്ന പ്രതി പിടിയിൽ: പിടിയിലായത് ഇടുക്കി സ്വദേശി

അയർക്കുന്നത്ത് വീട്ടമ്മയുടെ മാലയും സ്വര്‍ണാഭരണങ്ങളും കവർന്ന പ്രതി പിടിയിൽ: പിടിയിലായത് ഇടുക്കി സ്വദേശി

സ്വന്തം ലേഖകൻ

കോട്ടയം : അയര്‍ക്കുന്നത്ത് വൃദ്ധയായ വീട്ടമ്മയുടെ മാലയും അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും ഉള്‍പ്പടെ ഇരുപത്തഞ്ചോളം പവന്‍ പട്ടാപ്പകല്‍ തോക്കുചൂണ്ടി കവര്‍ന്ന ആള്‍ അറസ്റ്റിൽ.

ഇടുക്കി പീരുമേട്‌ കുമളി വെള്ളാരംകുന്നു പത്തുമുറി കല്യാട്ടു മഠം വീട്ടില്‍ ശ്രീരാജ് നമ്പൂതിരിയെയാ (27) ണ് കോട്ടയം ജില്ലാ പൊലിസ് മേധാവി ഡി. ശില്പയുടെ മേല്‍നോട്ടത്തില്‍ കോട്ടയം ഡി.വൈ.എസ്.പി എം. അനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഒരു മാസത്തോളമായി നടത്തിയ ശാസ്ത്രീയ അന്വേഷണ ത്തിനോടുവിലാണ് ഇയാള്‍ പിടിയിലാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരി മാസം പത്താം തീയതിയാണ് അയര്‍ക്കുന്നത്ത് വൃദ്ധദമ്പതികള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ ഭര്‍ത്താവ് പുറത്തു പോയ സമയം നോക്കി വെള്ളം ചോദിച്ച് ഒരാള്‍ എത്തുന്നത്. കുപ്പിയില്‍ വെള്ളം നല്‍കിയ ശേഷം ഇയാള്‍ തിരികെപ്പോയി സമീപത്ത് ആരും ഇല്ല എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് മോഷണം നടത്തിയത്.

വീട്ടമ്മ ചാരിയിട്ടിരുന്ന വാതില്‍ തുറന്ന് അകത്തു കയറി കയ്യിലിരുന്ന കളിത്തോക്ക്‌ ചൂണ്ടി വൃദ്ധയുടെ വായില്‍ തുണി കുത്തി കയറ്റി കയ്യും കാലും ബന്ധിച്ച് കഴുത്തില്‍ കിടന്നിരുന്ന ആറു പവന്റെ മാല ഊരി എടുക്കുകയും മറ്റൊരു മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പത്തൊന്‍പത് പവനോളം സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു.

ഒറ്റപ്പെട്ടിരിക്കുന്ന വീടായതിനാലും തികച്ചും ഗ്രാമ പ്രദേശം ആയതിനാലും മോഷ്ടാവ് വാഹനങ്ങള്‍ ഒന്നും ഉപയോഗിച്ചിരുന്നില്ല എന്നതിനാലും , മോഷ്ടാവ് മുഖം മുഴുവന്‍ മറയ്ക്കുന്ന രീതിയില്‍ വലിയ മാസ്ക് ഉപയോഗിച്ചിരുന്നതിനാലും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സി സി ടി വി ഇല്ലാതിരുന്നതിനാലും, ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല എന്നതിനാലും മോഷ്ടാവിനെകുറിച്ചുള്ള യാതൊരു സൂചനയും ലഭ്യമായിരുന്നില്ല.

തുടര്‍ന്ന് ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം ഡിവൈ.എസ്.പി എം. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു ഒരു മാസമായി നടത്തിവന്ന ശ്രമകരമായ അന്വേഷണ ത്തിനോടുവിലാണ് ഇയാളെ പിടിക്കാനായത് . സംഭവസ്ഥലത്ത്നിന്നും രണ്ടു കിലോമീറ്റര്‍ അകലെയുള്ള സി സി ടി വി ദൃശ്യത്തില്‍ തുടങ്ങി സംശയം തോന്നിയ ഏകദേശം നാനൂറിലേറെ പേരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ മോഷ്ടാവ് കോട്ടയത്ത് നിന്ന് ബസില്‍ ആണ് അയര്‍ക്കുന്നത്ത് എത്തിയതെന്ന് മനസ്സിലാക്കി.

കോട്ടയം നഗരത്തിലെ നൂറിലേറെ സി സി ടി വി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിക്കുകയും വിവിധ ലോഡ്ജുകളില്‍ താമസിച്ചിരുന്ന ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചും അവരെ പിന്‍തുടര്‍ന്നും സംശയമുള്ള ആളുകളുടെ ഫോണ്‍ നമ്പരുകള്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചു വ്യക്തമായ ധാരണ ലഭിച്ചത്. തുടര്‍ന്ന് പ്രതിയെ പിന്‍തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കേരളാ തമിഴ്നാട് അതിര്‍ത്തിയില്‍ ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ലോഡ്ജില്‍ നിന്നും അയര്‍ക്കുന്നം പൊലിസ് ഇന്‍സ്പെക്ടര്‍ ജസ്റ്റിന്‍ ജോണിന്റെ നേതൃത്വത്തില്‍ അറ്റസ്റ്റ് ചെയ്തത്.

അമയന്നൂര്‍ ക്ഷേത്രത്തില്‍ കുറച്ചുനാളുകള്‍ക്കു മുന്‍പ് പൂജാരി ആയിരുന്നു ഇയാള്‍. അവിടെ വച്ചു പരിചയപ്പെട്ട ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചിട്ടുണ്ട്. ഇതിനാൽ അയര്‍ക്കുന്നത്തെയും പരിസരത്തെയും ഭൂപ്രകൃതിയും നിരവധി ഒറ്റപ്പെട്ട വീടുകളും ഇയാള്‍ ശ്രദ്ധിച്ചിരുന്നു. അങ്ങിനെയാണ് ഒറ്റപ്പെട്ടിരിക്കുന്ന ഈ വീടും വൃദ്ധ ദമ്പതികള്‍ മാത്രമാണ് ഇവിടെ താമസിക്കുന്നതെന്നും ഇയാള്‍ മനസ്സിലാക്കി. ഓണ്‍ലൈനിലൂടെ കളിത്തോക്ക്‌ ഇതിനായി ഇയാള്‍ വാങ്ങി. മുഖം മറയ്ക്കുന്ന രീതിയിലുള്ള മാസ്കും, കയ്യുറയും ധരിച്ച് കോട്ടയത്ത്‌ നിന്നും പുറപ്പെട്ടപ്പോള്‍ തന്നെ മൊബൈല്‍ സ്വിച്ച് ഓഫ്‌ ചെയ്തിട്ടാണ് ഇയാള്‍ അയര്‍ക്കുന്നത്തെയ്ക്ക് പുറപ്പെട്ടത്.

കൃത്യത്തിനു ശേഷം ധരിച്ചിരുന്ന ഷര്‍ട്ടും കയ്യുറയും ദമ്പതികളുടെ വീട്ടില്‍ നിന്നെടുത്ത മൊബൈല്‍ ഫോണും ഇയാള്‍ വഴിയില്‍ ഉപേക്ഷിച്ചു. വിവിധ കടകളിലായി മോഷ്ടിച്ച സ്വര്‍ണ്ണം ഇയാള്‍ വില്‍ക്കുകയും പണയം വയ്ക്കുകയും ചെയ്തു. ആ പണം ഉപയോഗിച്ച് ഒരു സ്കോര്‍പിയോ കാര്‍ സ്വന്തമാക്കി . ഒരു മൊബൈല്‍ ഫോണും വാങ്ങി. തെളിവുകള്‍ ഒന്നും തനിക്കെതിരെ വരാതിരിക്കാനായി വളരെ ശ്രദ്ധിച്ചാണ് ഇയാള്‍ കൃത്യം ചെയ്തതും പിന്നീട്, പഴനി, ചിദംബരം തക്കല തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങി നടന്നതും.

ട്രെയിന്‍ യാത്രക്കാരന്റെ പണവും ക്യാമറയും അടങ്ങിയ ബാഗ് തട്ടിപ്പറിച്ചതി നു കൊല്ലം റെയില്‍വേ പൊലീസും അടുത്ത വീട്ടില്‍ നിന്നും പണം മോഷ്ടിച്ച സംഭവത്തില്‍ കുമളി പൊലിസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇയാള്‍ കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു വരുന്നു.

ഡി.വൈ.എസ്.പി എം.അനില്‍ കുമാര്‍, അയര്‍ക്കുന്നം ഇന്‍സ്പെക്ടര്‍ ജസ്റ്റിന്‍ ജോണ്‍, സ്പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍മാരായ ശ്രീജിത്ത്‌, ടി റെനീഷ് , സബ് ഇന്‍സ്പെക്ടര്‍ നാസര്‍ കെ. എച്ച് , ഷിബുക്കുട്ടന്‍ , അസിസ്റ്റന്റ്‌ സബ് ഇന്‍സ്പെക്ടര്‍ അരുണ്‍ കുമാര്‍ കെ ആര്‍, സിവില്‍ പൊലിസ് ഓഫീസര്‍മാരായ ശ്യാം എസ് നായര്‍ , ബൈജു കെ.ആര്‍ , ഗ്രിഗോറിയോസ് , ശ്രാവണ്‍ രമേഷ് (സൈബര്‍ സെല്‍) , സജീവ്‌ ടി ജെ, തോമസ്‌ സ്റ്റാന്‍ലി, കിരണ്‍, ചിത്രാംബിക എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.