ആയോധ്യ മോഡൽ രഥയാത്രയ്ക്ക് ബിജെപി: ലക്ഷ്യം കേരളഭരണം; തന്ത്രം ശബരിമല ഭക്തി; ഭക്തി വിതച്ച് കേരളത്തിൽ കൊയ്യാൻ തന്ത്രമൊരുക്കിയത് അമിത്ഷാ
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമലയിൽ അയോധ്യാ മോഡൽ കലാപത്തിനു പദ്ധതിയിട്ട് ആർഎസ്എസും ബിജെപിയും. അയോധ്യാ മാതൃകയിൽ കാസർകോട് മുതൽ പത്തനംതിട്ട വരെ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന രഥയാത്ര നടത്തുന്നതിനാണ് ബിജെപി ലക്ഷ്യമിടുന്ന്ത്. അയോധ്യാ മാതൃകയിൽ കേരളം മുഴുവൻ ഭരണം പിടിക്കുന്നതിനുള്ള ലക്ഷ്യമാണ് ബിജെപി ഇതിലൂടെ നടപ്പാക്കുന്നത്. ബിജെപി സംസഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള നടത്തിയ പത്രസമ്മേളനത്തിലാണ് ഇതു സംബന്ധിച്ചുള്ള തീരുമാനം പ്രഖ്യാപിച്ചത്. ശ്രീധരൻപിള്ളയും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും നയിക്കുന്ന ജാഥയിൽ വിവിധ ഘട്ടങ്ങളിലായി മൂന്നു ലക്ഷത്തോളം പ്രവർത്തകരെ പങ്കെടുപ്പിക്കുന്നതിനാണ് ആർഎസ്എസും ബിജെപിയും പദ്ധതിയിട്ടിരിക്കുന്നത്. എൻഡിഎയുടെ സംസ്ഥാന ഘടകത്തിന്റെ നേതൃത്വത്തിലാണ് ബിജെപി നേതൃത്വത്തിൽ ശബരിമല സംരക്ഷണ യാത്ര എന്ന പേരിൽ രഥയാത്ര സംഘടിപ്പിക്കുന്നത്.
ശബരിമല വിഷയം വോട്ടാക്കി മാറ്റാമെന്ന് തിരിച്ചറിഞ്ഞ ബിജെപി അയോധ്യമാതൃകയിൽ കേരളത്തിൽ വർഗീയ കലാപം തന്നെയാണ് ഇവർ ലക്ഷ്യം വയ്ക്കുന്നതെന്നാണ് സൂചന ലഭിക്കുന്നത്. അഞ്ചു ദിവസം കൊണ്ടു നടക്കുന്ന രഥയാത്രയിൽ അയ്യപ്പന്റെ ചിത്രം ആലേഖനം ചെയ്ത വിളക്ക് തെളിയിക്കും. തുടർന്ന് കാസർകോട് മധു ക്ഷേത്രാങ്കണത്തിൽ നിന്നുമാണ് രഥഘോഷയാത്ര ആരംഭിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങൡലെല്ലം പരീക്ഷിച്ച് പരാജയപ്പെട്ട വർഗീയ ധ്രുവീകരണം കേരളത്തിൽ നടപ്പാക്കാനാണ് ഇപ്പോൾ ബിജെപിയുടെ ശ്രമം. മറ്റ് വിഷയങ്ങളൊന്നും ലഭിക്കാതെ വന്നതോടെയാണ് ബിജെപിയ്ക്ക് പിടിവള്ളിയായി മാറിയരിക്കുകയാണ് ശബരിമല. കഴിഞ്ഞ ദിവസം ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെ പിരിച്ച് വിടാൻ പോലും മടിക്കില്ലെന്ന രീതിയിൽ അമിത്ഷാ നടത്തിയ പരാമർശം ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. ഇത്തരത്തിൽ കേരളത്തെ കലാപത്തിലേയ്ക്ക് നയിച്ച് വോട്ട് നേട്ടമാക്കി മാറ്റാനുള്ള ശ്രമമാണ് ആർഎസ്എസ്ും ബിജെപിയും ചേർന്ന് നടത്തുന്നതെന്ന് സംസ്ഥാന ഇന്റലിജൻസ് ബ്യൂറോ ആഭ്യന്തര വകുപ്പിനു നിർദേശം നൽകിയിട്ടുണ്ട്.