
സ്വന്തംലേഖകൻ
കോട്ടയം : 49 -ാ മത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ തേടിയെത്തിയ ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ. ഇപ്പോഴിതാ റഷ്യയില്‍ നിന്നും സൗബിന്‍ ഷാഹിര്‍ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രത്തെ തേടി പുരസ്‌കാരം എത്തിയിരിക്കുകയാണ്. റഷ്യയില്‍ നടന്ന ഹീറോ ആന്‍ഡ് ടൈം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷക അവാര്‍ഡാണ് ചിത്രം സ്വന്തമാക്കിയത്. നവാഗതനായ സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23 നായിരുന്നു തിയേറ്ററില്‍ എത്തിയത്. മലപ്പുറത്തിന്റെ നന്മയെയും കാല്‍പ്പന്ത് ആവേശത്തെയും ആവോളം പകര്‍ത്തിയ ചിത്രം സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ അഞ്ച് പുരസ്‌കാരങ്ങളാണ് വാരിക്കൂട്ടിയത്. സുഡാനിയിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം സൗബിന്‍ ഷാഹിര്‍ നേടിയപ്പോള്‍ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത് സംവിധായകന്‍ സക്കരിയ്ക്കാണ്.
സുഡാനിയിലെ മജീദിന്റെ ഉമ്മയായി ഹൃദ്യമാര്‍ന്ന അഭിനയം കാഴ്ച വെച്ച സാവിത്രി ശ്രീധരനും ഉമ്മയുടെ കൂട്ടുകാരിയായി തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച സരസ ബാലുശ്ശേരിയും മികച്ച സ്വഭാവ നടിമാര്‍ക്കുമുള്ള പുരസ്‌കാരം നേടിയെടുത്തു.മികച്ച തിരക്കഥാകൃത്തുക്കള്‍ക്കുള്ള അവാര്‍ഡ് സുഡാനിയുടെ തിരക്കഥയെഴുതിയ സക്കരിയക്കും മുഹ്‌സിന്‍ പെരാരിക്കുമാണ്. മികച്ച ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രത്തിനുള്ള പ്രത്യേക പുരസ്‌കാരവും സുഡാനിക്ക് ലഭിച്ചിരുന്നു. 23ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും സുഡാനിക്കായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group