video
play-sharp-fill
സാമ്പത്തിക മാന്ദ്യം വാഹനവിപണിയെ തകർത്തു: ഷിഫ്റ്റുകൾ വെട്ടിക്കുറച്ചു; കൂടുതൽപ്പേർക്ക് തൊഴിൽ നഷ്ടപ്പെടും; കനത്ത പ്രതിസന്ധി

സാമ്പത്തിക മാന്ദ്യം വാഹനവിപണിയെ തകർത്തു: ഷിഫ്റ്റുകൾ വെട്ടിക്കുറച്ചു; കൂടുതൽപ്പേർക്ക് തൊഴിൽ നഷ്ടപ്പെടും; കനത്ത പ്രതിസന്ധി

രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ വൻ പ്രതിസന്ധിയിലായതോടെ ഇന്ത്യൻ വാഹനവിപണിയും തകർച്ചയുടെ വക്കിലേക്ക്. ഇതോടെ തൊഴിൽ നഷ്ടപ്പെടുന്നത് ലക്ഷക്കണക്കിന് തൊഴിലാളികൾക്കാണ്.

ജൂലൈയിലെ കണക്കനുസരിച്ച് വാഹന വില്‍പ്പന മുന്നിലൊന്നായി ചുരുങ്ങി. രാജ്യത്തെ കാര്‍ വില്‍പ്പനയില്‍ 23 ശതമാനത്തിന്റെയും ഇരുചക്ര വാഹനവില്‍പ്പനയില്‍ 14 ശതമാനത്തിന്റെയും ഇടിവ് സംഭവിച്ചിരിക്കുകയാണ്. ഇതോടെ പല പ്രമുഖ വാഹന നിര്‍മാതാക്കളും ഉല്‍പാദനത്തില്‍ കുറവ് വരുത്തി. ചെലവുകള്‍ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് ഈ ഭേദഗതികളെന്നാണ് കമ്പനികള്‍ പറയുന്നത്.

മേഖലയില്‍ ഒട്ടുമിക്ക കമ്പനികളും പ്ലാന്റുകള്‍ അടച്ചു പൂട്ടുകയാണ്. വാഹനവില്‍പ്പന കുറവായതിനാല്‍ പ്രവൃത്തിദിവസങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നതെന്ന് ജീവനക്കാര്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാര്‍ വിപണിയിലുണ്ടായ ഇടിവ് ടയര്‍ നിര്‍മാതാക്കള്‍, സ്റ്റീല്‍ വ്യവസായികള്‍, സ്റ്റീയറിംഗ് നിര്‍മാതാക്കള്‍ തുടങ്ങിയവരെയും വലിയ രീതിയില്‍ ബാധിച്ചു. ഇതിനൊപ്പം വാഹന വായ്പകളുടെ കാര്യത്തിലും ഇടിവുണ്ടായി.

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി വില്‍പനയില്‍ ഓഗസ്റ്റില്‍ മാത്രം നേരിട്ടത് 32.7 ശതമാനത്തിന്റെ ഇടിവാണെന്ന റിപ്പോര്‍ട്ട് മാരുതി പുറത്തുവിട്ടിരുന്നു. മാരുതിയുടെ 1,06,413 കാറുകള്‍ മാത്രമാണ് ഈ ഓഗസ്റ്റില്‍ വിറ്റുപോയത്. 2018 ഓഗസ്റ്റില്‍ മാരുതി സുസുക്കി 1,58,189 കാറുകള്‍ വിറ്റിരുന്നതായി കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഓഗസ്റ്റ് മാസത്തില്‍ മാത്രം വില്‍പനയില്‍ 25 ശതമാനത്തിന്റെ ഇടിവ് ഉണ്ടായെന്നാണ് മഹീന്ദ്ര പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കമ്പനി 2018 ഓഗസ്റ്റില്‍ വിറ്റ കാറുകളുടെ എണ്ണം 48,324 ആണ്. അതേസമയം, ഓഗസ്റ്റില്‍ 36,085 കാറുകള്‍ മാത്രമാണ് വിറ്റുപോയത്. കമ്പനിയുടെ കയറ്റുമതിയിലും 15 ശതമാനത്തിന്റെ ഇടിവ് ഉണ്ടായി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 2,951 കാറുകള്‍ കയറ്റുമതി ചെയ്യാന്‍ കഴിഞ്ഞിരുന്നു. ഇത്തവണയത് 2,521 ആയി കുറഞ്ഞു.

രാജ്യത്ത് ഒരു മേഖലയിലും പുതിയ സംരംഭങ്ങളും വ്യവസായങ്ങളും ആരംഭിക്കുന്നില്ല എന്നു മാത്രമല്ല ഉള്ളവ തന്നെ അടച്ച് പൂട്ടപ്പെടുകയോ തകര്‍ച്ചയിലേക്ക് നീങ്ങുകയോ ചെയ്യുന്നു. വ്യവസായിക ഉല്‍പ്പാദനം കുറയുന്നു. ബാങ്കുകള്‍ വായ്പ നല്‍കാന്‍ തയ്യാറായിട്ടും അവ പ്രയോജനപ്പെടുത്താന്‍ വ്യവസായ ലോകം താല്‍പ്പര്യം കാണിക്കുന്നില്ല. മിക്കവാറും എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ആവശ്യക്കാര്‍ ഇല്ലാത്ത അവസ്ഥയാണ്. ഉപഭോക്താക്കള്‍ വിപണിയെ കൈയൊഴിയുന്നതാണ് പ്രധാന പ്രശ്‌നം.