നമ്മുടെ സ്‌പെഷ്യല്‍ കുഞ്ഞുങ്ങള്‍ കോവിഡ് കാലത്ത് ഹാപ്പിയാണോ?; നേടിയെടുത്ത കഴിവുകള്‍ പലര്‍ക്കും നഷ്ടമാകുന്നു; അക്രമാസക്തമായ പെരുമാറ്റങ്ങളും അമിതമായ ദേഷ്യവും അവരെ കീഴ്‌പ്പെടുത്തുന്നു; സ്‌കൂളുകള്‍ അടച്ചതോടെ ഓട്ടിസ്റ്റിക് കുഞ്ഞുങ്ങളും മാതാപിതാക്കളും നേരിടുന്ന വെല്ലുവിളികള്‍ കാണാതെ പോകരുത്
സ്വന്തം ലേഖകന്‍
കോട്ടയം: കോവിഡ് എന്ന മഹാമാരികാലത്തിലൂടെ കടന്ന് പോകുകയാണ് നമ്മള്‍. വീട്ടിനുള്ളില്‍ ഇരുന്ന് ജോലി ചെയ്ത് സ്‌ട്രെസ്ഫുള്‍ ജീവിതം നയിക്കുന്നവര്‍ മുതല്‍ കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ കാലം എന്‍ജോയ് ചെയ്യുന്നവര്‍ വരെ നമുക്കിടയിലുണ്ട്. കുറച്ചുനാള്‍ പുറത്തിറങ്ങാതെ ഇരുന്നപ്പോള്‍ തന്നെ നിരാശരാണ് നമ്മളില്‍ പലരും.
സാമൂഹിക ജീവിതം എത്ര പ്രാധാന്യമുള്ളതാണെന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ കോവിഡ് കാലം. ഇതിനിടയില്‍ ഒന്നിച്ചിരിക്കലും ഒത്തുകൂടലുകളുും ഒഴിച്ചുകൂടാനാകാത്ത ചിലര്‍ നമുക്കിടയിലുണ്ട്. ഓട്ടിസ്റ്റിക് ആയവര്‍ക്ക് ഈ കൂട്ടിലടച്ച ജീവിതം സമ്മാനിക്കുന്ന സ്‌ട്രെസ് നിസ്സാരമല്ല.
ഓട്ടിസം ഒരു രോഗമല്ല, മറിച്ച് കുട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട് കാണുന്ന ഒരു മാനസിക വ്യതിയാനമാണ്. പുതിയകാലത്ത് ഇതൊക്കെ മിക്കവര്‍ക്കും അറിയാമെങ്കിലും സ്‌പെഷ്യലി ഏബിള്‍ഡ് ആയ കുട്ടികളെ ഡിസ്ഏബിള്‍ഡ് എന്ന ഗണത്തില്‍പ്പെടുത്തി മാറ്റി നിര്‍ത്താനാണ് പലര്‍ക്കും താത്പര്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒറ്റപ്പെടലില്‍ നിന്നും ഒറ്റപ്പെടുത്തലിലേക്ക്
ഓട്ടിസ്റ്റിക് ആയ കുഞ്ഞുങ്ങള്‍ നേരിടുന്ന പ്രാധാന വെല്ലുവിളികളില്‍ ഒന്നാണ് ആശയവിനിമയത്തിലെ ബുദ്ധിമുട്ടുകള്‍. മനസ്സിലുള്ളത് പറഞ്ഞോ പ്രവര്‍ത്തിച്ചോ പ്രതിഫലിപ്പിക്കാന്‍ മിക്കവര്‍ക്കും കഴിയാറില്ല. ഇത് കുട്ടികളുടെ ആശയവിനിമയത്തെയും സഹവര്‍ത്തിത്വത്തെയും കാര്യമായി ബാധിക്കും. കോവിഡിനെ തുടര്‍ന്ന് ഓട്ടിസം സ്‌കൂളുകള്‍ അടച്ചപ്പോള്‍ അതുവരെയും വിദ്യാര്‍ത്ഥികള്‍ തെറാപ്പികളിലുടെയും പരിശീലനത്തിലൂടെയും ആര്‍ജിച്ചെടുത്ത ആശയവിനിമയവും സഹവര്‍ത്തിത്വവും ഇല്ലാതാകാനുള്ള സാധ്യതകൂടി.
സ്‌കൂളുകള്‍ അടച്ചപ്പോള്‍ മാതാപിതാക്കള്‍ക്ക് ഇവരെ കൂടുതലായി ശ്രദ്ധിക്കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറി. പല കമ്പനികളും വര്‍ക്കം ഫ്രം ഹോമുകള്‍ നടപ്പിലാക്കിയപ്പോള്‍ ഓട്ടിസം ബാധിച്ച കുട്ടികളുടെ ജോലിയുള്ള മാതാപിതാക്കളാണ് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പലപ്പോഴും ഇവരുടെ കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കേണ്ടി വരുന്നതിനാല്‍ ജോലികാര്യങ്ങളില്‍ മാതാപിതാക്കള്‍ പിന്നോട്ട് പോകുന്ന സങ്കീര്‍ണ്ണമായ സ്ഥിതിയാണ് ഇപ്പോഴുള്ളത്.
നേടിയെടുത്ത കഴിവുകള്‍ നഷ്ടമാകുന്നു
ഒരോ കുട്ടിയുടെയും കഴിവുകള്‍ പ്രത്യേകമായി നിര്‍ണയം നടത്തി എന്തൊക്കെ കഴിവുകള്‍ കുട്ടികളില്‍ പരിശീലിപ്പിക്കണമെന്ന് തീരുമാനിച്ച് ഓട്ടിസം സ്‌കൂളുകളില്‍ വിദഗ്ധര്‍ പരിശീലിപ്പിക്കുന്നു. മന:ശാസ്ത്രവിദഗ്ധര്‍ പെരുമാറ്റ വൈകല്യങ്ങള്‍ കണ്ടെത്തി ആവശ്യമായ പരിശീലന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു. മന:ശാസ്ത്രജ്ഞന്‍, സംസാരഭാഷാ വിദഗ്ധന്‍, ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്, സ്‌പെഷ്യല്‍ എജുക്കേറ്റര്‍ എന്നീ വിദഗ്ധ പരിശീലകര്‍ അടങ്ങുന്ന സമിതി, കുട്ടിയുടെ കഴിവിന്റെയും വയസ്സിന്റെയും അടിസ്ഥാനത്തില്‍ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ച് അവര്‍ക്കാവശ്യമായ കഴിവുകള്‍ പരിശീലപ്പിക്കുന്നു.
ഇതിലൂടെ വ്യക്തിഗത കഴിവുകള്‍ വര്‍ധിക്കുന്നതിലുപരി സാമൂഹീകരണവും സാധിക്കുന്നു. ഇത്തരം പരിശീലനങ്ങളാണ് ഓട്ടിസം സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. (ചില ഓട്ടിസം സ്‌കൂളുകളില്‍ ലോക്ക്ഡൗണ്‍ കാലത്ത് ഓണ്‍ലൈനായി ക്ലാസ്സുകള്‍ നടക്കുന്നുണ്ട്) കോവിഡ് പടര്‍ന്ന് പിടിച്ചതോടെ ഈ പരിശീലനങ്ങളെല്ലാം ഇല്ലാതായി.
വീടിനുള്ളില്‍ തന്നെ തുടരാനുള്ള നിയന്ത്രണങ്ങള്‍ ഓട്ടിസ്റ്റിക് കുഞ്ഞുങ്ങള്‍ക്ക് പെരുമാറ്റ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ചില കുഞ്ഞുങ്ങള്‍ക്ക് ഇത് അക്രമാസക്തമായ വിനാശകരമായ പെരുമാറ്റങ്ങള്‍, അമിതമായ ദേഷ്യം, സ്വയം ദോഷകരമായ പെരുമാറ്റം, ഉറക്കത്തിലെ അസ്വസ്ഥത, മൊബൈല്‍ ഫോണിന്റെയും ടി വിയുടെയും അധിക ഉപയോഗം, പുറത്തുപോകാനുള്ള അധിക ആവശ്യങ്ങള്‍ എന്നിവ ഉണ്ടാകാം. ഇതിന് പരിഹാരമായി വീട്ടില്‍ ഇരുന്ന് ഓട്ടിസ്റ്റിക് കുഞ്ഞുങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെപ്പറ്റി ഡോക്ടറോട് ചോദിച്ച് മനസിലാക്കണം. കുഞ്ഞുങ്ങളെ നോക്കേണ്ട ജോലി കുടുംബത്തിലെ എല്ലാ ആളുകളും ഏറ്റെടുക്കണം. വീട്ടിലെ ജോലികള്‍ ചെയ്യാന്‍ കുട്ടികളെയും ഒപ്പം കൂട്ടണം. കുട്ടികള്‍ക്ക് നല്‍കുന്ന വസ്തുക്കള്‍ അണുവിമുക്തമാക്കണം. ഇടക്കിടെ കൈകഴുകാന്‍ അവരെ ഓര്‍മിപ്പിക്കണം. വീടിന് ഉള്ളില്‍ വെച്ച് കളിയ്ക്കാന്‍ പറ്റിയ ഗെയിമുകള്‍ കണ്ടെത്തണം. അവരുടെ നല്ല പ്രവൃത്തികള്‍ പ്രശംസിക്കണം.
പല കഴിവുകളുളളവര്‍
ഓട്ടിസം ബാധിച്ച കുട്ടികള്‍ കുട്ടികാലം മുതല്‍ക്കേ തന്നെ കടുത്ത സംഗീത വാസന പ്രകടിപ്പിക്കാറുണ്ട്. സംഗീതമടക്കമുള്ള പല മേഖലകളില്‍ ഓട്ടിസ്റ്റിക്കായ വ്യക്തികള്‍ ശോഭിക്കാറുണ്ട്. ചാള്‍സ് ഡാര്‍വിന്‍ പോലുള്ള പല പ്രമുഖര്‍ക്കും ഓട്ടിസമുണ്ടായിരുന്നു. അസാമാന്യമായ ബുദ്ധിശക്തിയും ചില കുട്ടികളില്‍ കാണാറുണ്ട്. ചിത്രരചന, സംഗീതം, ചെസ്, കംപ്യൂട്ടര്‍ പഠനം തുടങ്ങിയ മേഖലകളില്‍ ഇവര്‍ക്ക് അസാമാന്യ പാടവമുള്ളതായി കാണാറുണ്ട്. ഇത്തരം കഴിവുകള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അവ വളര്‍ത്താന്‍ പരമാവധി അവസരങ്ങള്‍ ഒരുക്കിക്കൊടുക്കണം.
അനുയോജ്യമായ ജീവിതാന്തരീക്ഷം ഒരുക്കണം
മരുന്നുനല്‍കിയുള്ള ഫലപ്രദമായചികിത്സ ഓട്ടിസത്തിന് നിലവിലില്ല. സാമൂഹീകരണം, ആശയവിനിമയം, പെരുമാറ്റരീതി എന്നിവ മികച്ചതാക്കിയെടുക്കുകയാണ് പ്രധാനം. അതിനാല്‍ സൗഹൃദപരവും അനുയോജ്യവുമായ ജീവിതാന്തരീക്ഷം സൃഷ്ടിച്ച് നിരന്തരമായ പരിശീലനത്തിലൂടെ ഈ മൂന്നുമേഖലകളില്‍ പരിശീലനം നല്‍കുകയാണ് ഓട്ടിസത്തിന്റെ പ്രധാനചികിത്സ. ഓട്ടിസത്തിന്റെ അനുബന്ധ പ്രശ്നങ്ങളായ അക്രമവാസന, അമിതബഹളം, ഉറക്കപ്രശ്നങ്ങള്‍, അപസ്മാരം എന്നിവ മരുന്ന് ഉപയോഗിച്ച് നിയന്ത്രിക്കാം.