ഭാര്യയുടെ കാമുകനെ വെട്ടിപ്പരിക്കേൽപ്പിച്ച് യുവതിയെ തട്ടിക്കൊണ്ടു പോയ പ്രതിയെ തിരൂരിൽ വച്ച് പോലീസ് പിടികൂടി
ആലപ്പുഴ: അർദ്ധരാത്രി വീട്ടിൽ അതിക്രമിച്ചു കയറി മുൻ ഭാര്യയുടെ ഇപ്പോഴത്തെ പങ്കാളിയെ വെട്ടിപ്പരിക്കേൽപിച്ച ശേഷം യുവതിയെ തട്ടിക്കൊണ്ടുപോയയാളെ തിരുപ്പൂരിൽ നിന്നും പോലീസ് പിടികൂടി. ആലപ്പുഴ ആര്യാട് എഎൻ കോളനിയിൽ സുബിൻ (35) ആണ് അറസ്റ്റിലായത്. ഇയാൾ തട്ടിക്കൊണ്ടുപോയ വേഴപ്ര ഇരുപതിൽചിറ രഞ്ജിനിയെയും (30) പോലീസ് തിരിപ്പൂരിൽനിന്നു കണ്ടെത്തി.
17ന് രാത്രിയാണ് രാമങ്കരി സ്വദേശി ബൈജുവിനെ (37), സുബിൻ വീട്ടിൽ കയറി വടിവാൾ കൊണ്ടു വെട്ടിയത്. ഗുരുതര പരിക്കേൽക്കുകയും കൈവിരൽ അറ്റുപോവുകയും ചെയ്ത ബൈജു ചികിത്സയിലാണ്.
രഞ്ജിനിയെയും കൊണ്ടു ചങ്ങനാശേരിയിൽ നിന്നു ട്രെയിനിലാണു സുബിൻ തിരുപ്പൂരിലേക്കു കടന്നത്. അവിടെ അയാളുടെ സഹോദരിയും അമ്മയും വാടകയ്ക്കു താമസിക്കുന്നുണ്ടെന്നു പോലീസിനു വിവരം ലഭിച്ചു. സുബിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് തിരുപ്പൂരിലെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുബിന്റെ ഉപദ്രവം സഹിക്കാനാകാതെയാണ് ആ ബന്ധം ഉപേക്ഷിച്ചു രഞ്ജിനി സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോയതെന്നു പോലീസ് പറഞ്ഞു. ഈയിടെ ബൈജുവുമായി അടുപ്പത്തിലായി ഒരുമിച്ചു താമസം തുടങ്ങി. അതറിഞ്ഞാണു സുബിൻ അവിടെയെത്തി അക്രമം നടത്തിയത്.
ആക്രമണം നടന്ന സ്ഥലത്ത് ഇന്നലെ സുബിനെ എത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി. രാവിലെ വിരലടയാള വിദഗ്ധർ പരിശോധന നടത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ യുവതിയെ ബന്ധുക്കളോടൊപ്പം വിട്ടയച്ചു. പരുക്കേറ്റ ബൈജു കോട്ടയം ഗവണ്‍മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.