
പ്രണയപ്പക; കോട്ടയം നഗര മധ്യത്തിൽ യുവതിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം
സ്വന്തം ലേഖകൻ
കോട്ടയം: പ്രണയപ്പകയേ തുടർന്ന് യുവതിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം. കോട്ടയം നഗര മധ്യത്തിൽ നാഗമ്പടം പഴയ പാസ്പോർട്ട് ഓഫീസിന് സമീപം ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം.
തെള്ളകം സ്വദേശിനിയായ യുവതിയേയാണ് ഇന്നലെ രാത്രി സ്വകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങും വഴി നാഗമ്പടം ഭാഗത്ത് വെച്ച് യുവാവ് ആക്രമിക്കാൻ ശ്രമിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യം വണ്ടി തടഞ്ഞ് നിർത്തി അസഭ്യം വിളിക്കുകയും, അവിടെ നിന്നും രക്ഷപ്പെട്ട യുവതിയെ പിന്നാലെയെത്തിയ യുവാവ് പഴയ പാസ്പോർട്ട് ഓഫീസിന് മുന്നിൽ വച്ച് തടഞ്ഞ് നിർത്തുകയും ഇയാളുടെ കൈയ്യിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി ഗാന്ധിനഗർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
യുവാവിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച യുവതിയുടെ വണ്ടിയുടെ താക്കോൽ ഇയാൾ ഊരി എടുത്തതായും തുടർന്ന് മുഖത്ത് അടിച്ചതായും ഹെൽമെറ്റ് മാറ്റി മുടികുത്തിന് പിടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പറയുന്നു.
യുവതിയുടെ ബന്ധുകൂടിയായ നിലമ്പൂർ സ്വദേശി റിജിൽ രഞ്ജിയാണ് യുവതിയെ ആക്രമിച്ചത്. ഒരു വർഷം മുൻപ് ബന്ധുവീട്ടിൽ വെച്ച് കണ്ടപ്പോൾ യുവാവ് യുവതിയോട് പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും യുവതി ഒഴിഞ്ഞ് മാറി. ഇതോടെ യുവാവിന് യുവതിയോട് പകയായി.
ഈ പകയാണ് യുവതിയെ തടഞ്ഞ് നിർത്തി ആക്രമിക്കാൻ ഇടയാക്കിയത്. യുവതി തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഗാന്ധിനഗർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്