
പാലക്കാട്: അട്ടപ്പാടി മധു കേസില്‍ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷിയുടെ കാഴിചശക്തി പരിശോധിക്കാന്‍ ഉത്തരവിട്ട് കോടതി. ഇരുപത്തിയൊമ്പതാം സാക്ഷി സുനില്‍കുമാറിന്റെ കാഴ്ച ശക്തി പരിശോധിക്കാനാണ് കോടതി നിര്‍ദേശിച്ചത്. ‘മധുവിനെ പ്രതികള്‍ പിടിച്ചു കൊണ്ട് വരുന്നത് കണ്ടു’, ‘പ്രതികള്‍ കള്ളന് എന്നു പറഞ്ഞ് മധുവിന്റെ ദൃശ്യങ്ങള്‍ എടുക്കുന്നത് കണ്ടു’… ഇതായിരുന്നു സുനില്‍കുമാര്‍ പൊലീസിന് നല്കിയ മൊഴി. പിന്നീട് സുനില്‍ ഉള്‍പ്പെടുന്ന വീഡിയോ കോടതിയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ വീഡിയോയിലെ ദ്യശ്യങ്ങള്‍ കാണുന്നില്ലെന്നായിരുന്നു കോടതിയില്‍ സുനില്‍കുമാര്‍ പറഞ്ഞത്.
മധുവിനെ പ്രതികള്‍ പിടിച്ചു കൊണ്ടുവരുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. കാഴ്ചക്കാരനായി നില്ക്കുന്ന സുനില്‍കുമാറും വീഡിയോയിലുണ്ട്. ഇതേ കുറിച്ച് ചോദിച്ചപ്പോഴാണ് ദൃശ്യങ്ങള്‍ കാണുന്നില്ലെന്ന് സുനില്‍കുമാര്‍ പറഞ്ഞത്. തുടര്‍ന്നാണ് ഇയാളുടെ കാഴ്ചശക്തി പരിശോധിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്. സുനില്‍കുമാറിന് പിന്നാലെ മുപ്പത്തിയൊന്നാം സാക്ഷി ദീപുവും ഇന്ന് കൂറുമാറി.
പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചതിലൂടെ ഹൈക്കോടതി അനുവദിച്ച ജാമ്യ ഉപാധി ലംഘിച്ചെന്ന് കാട്ടി പ്രോസിക്യൂഷന് നേരത്തെ മണ്ണാര്‍ക്കാട് എസ്സി – എസ്ടി കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കി. പിന്നീട് ഹൈക്കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group






