
ജോലി ചെയ്തതിന്റെ കൂലി ചോദിച്ച അംഗപരിമിതനായ തൊഴിലാളിയ്ക്ക് കരാറുകാരന്റെ ക്രൂര മർദനം: കുടമാളൂരിൽ നടുറോഡിൽ തൊഴിലാളിയെ നഗ്നനാക്കി മർദിക്കുകയും വാക്കത്തിയ്ക്ക് ആക്രമിക്കുകയും ചെയ്തത് തമിഴ്‌നാട് സ്വദേശി; കുടമാളൂരിൽ നടന്ന ക്രൂരമായ ആക്രമണ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്
തേർഡ് ഐ ബ്യൂറോ
കോട്ടയം: ജോലി ചെയ്തതിന്റെ കൂലി ചോദിച്ച മലയാളി യുവാവിന് കരാറുകാരന്റെ ക്രൂരമർദനം. നടുറോഡിൽ നഗ്നനാക്കി ഇയാളെ മർദിച്ച കരാറുകാരൻ, വാക്കത്തിക്കൊണ്ട് ആക്രമിക്കുകയും ചെയ്തു. തുടർച്ചയായ രണ്ടു ദിവസമാണ് തമിഴ്‌നാട് സ്വദേശിയായ കരാറുകാരൻ മലയാളിയായ യുവാവിനെ ക്രൂരമായി ആക്രമിച്ചത്. അംഗപരിമിതനായ യുവാവിനെ നഗ്നനാക്കി നടുറോഡിൽ നിർത്തി മർദിക്കുകയും, കേട്ടാൽ അറയ്ക്കുന്ന അസഭ്യം പറയുകയുമായിരുന്നു. ക്രൂരമായ ആക്രമണത്തിൽ സാരമായി പരിക്കേറ്റ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഇയാൾ വെസ്റ്റ് പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
കുടമാളൂർ സ്വദേശിയും സംസാരത്തിൽ വൈകല്യമുള്ളയാളുമായ മനുമോൻ സെബാസ്റ്റിയനെ(28)യാണ് തമിഴ്‌നാട് സ്വദേശിയായ കരാറുകാരൻ ക്രൂരമായി ആക്രമിച്ചത്. കരാറുകാരന്റെ കീഴിൽ ജോലി ചെയ്യുകയായിരുന്നു മനുമോൻ. ദിവസങ്ങളോളം ഇയാൾ ജോലി ചെയ്‌തെങ്കിലും ജോലിയ്ക്ക് അനുസരണമായ കൂലി ഇയാൾക്കു ലഭിച്ചിരുന്നില്ല. വിവിധ സൈറ്റുകളിൽ പണിയെടുപ്പിച്ച ശേഷം കൃത്യമായി ശമ്പളം നൽകിയിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് മനുമോൻ തന്റെ കരാറുകാരനായ ആന്റണി മഹീന്ദ്രനോട് തന്റെ കൂലി ചോദിച്ച് എത്തിയത്. ഇതോടെ ക്ഷുഭിതനായ ആന്റണി മനുവിന്റെ ഷർട്ട് വലിച്ചു കീറി. തുടർന്നു മുണ്ട് അഴിച്ചെടുക്കുകയും നടുറോഡിലിട്ട് മർദിക്കുകയുമായിരുന്നു. മർദനമേറ്റ മനു ഭയന്ന് വിറച്ച് ഓടിപ്പോകുകയും ചെയ്തു. ഞായറാഴ്ച വീണ്ടും മനു കരാറുകാരനെ കാണാൻ എത്തി. മനു കാണാൻ എത്തിയതോടെ കരാറുകാരൻ ഇയാളെ വീണ്ടും ആക്രമിക്കുകയായിരുന്നു. തുടർന്നു, ക്രൂരമായി മർദിച്ചു. മർദനമേറ്റ് വീണ മനുവിനെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മനു മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരാതിയിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.