
നടിയെ ആക്രമിച്ച കേസ് ഒതുക്കാൻ ശ്രമിക്കുന്നത് ഉന്നതന്മാർ: ഗണേഷിൻ്റെ പി.എ വെറും റബർ സ്റ്റാമ്പ്; കൊമ്പന്മാരെ തൊടാനാവാതെ കേരള പൊലീസും
സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിൻ്റെ വിചാരണ അട്ടിമറിക്കാൻ ശ്രമിക്കുന്നത് മലയാള സിനിമയിലെ ഉന്നതന്മാർ അടങ്ങുന്ന സംഘം ആണെന്നതിന് വ്യക്തമായ തെളിവ് പുറത്ത് വന്നിട്ടും അന്വേഷണം ഗണേഷ് കുമാറിൻ്റെ പി.എയിൽ ഒതുക്കാനൊരുങ്ങി പൊലീസ്.
നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് പത്തനാപുരത്തെ ഗണേഷ് കുമാര്‍ എം എല്‍ എയുടെ മടയില്‍ നിന്നുമാണ് പൊലീസ് പൊക്കിയത്. പ്രദീപ് കോട്ടക്കൽ ഒറ്റയ്ക്ക് ഇത് ചെയ്യില്ലന്നും ഉന്നതരിലേക്കുള്ളത് കൈയ്യത്തും ദൂരമാണെന്നിരിക്കെ വെറും കൂലിക്കാരനായ പ്രദീപില്‍ കേസ് ഒതുങ്ങുമോ എന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ യഥാര്‍ത്ഥ ആസൂത്രകരെ തൊടാന്‍ കേരള പൊലീസിന്റെ മുട്ടുവിറക്കുമോ എന്ന ചോദ്യമാണ് പ്രദീപിന്റെ അറസ്റ്റോടെ ഉയരുന്നത്. അറസ്റ്റിലായ പ്രദീപ് കുമാര്‍ എന്ന പ്രദീപ് കോട്ടാത്തല വെറും കൂലിക്കാരനാണെന്ന് മാപ്പുസാക്ഷി വിപിന്‍ലാല്‍ തന്നെ പറയുന്നു. ഇയാളുടെ യജമാനനായ കെ ബി ഗണേഷ് കുമാറിന് ഈ കേസിലുള്ള പങ്കാളിത്തം അടക്കം ചികഞ്ഞ് നോക്കേണ്ടതുണ്ട്.
വെറും ഓഫീസ് സെക്രട്ടറി കൂടിയായ പ്രദീപിന് പിന്നില്‍ വന്‍ സംഘമുണ്ട്. ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ശ്രമിച്ചതിന് പിന്നില്‍ ഉന്നത തല ഗൂഢാലോചനയുണ്ടെന്നും വിപിന്‍ലാല്‍ പറയുന്നു. യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണ് പ്രദീപ് കോട്ടാത്തല പൊലീസിന് മുന്നില്‍ നിരത്തുന്നത്.
പത്തനാപുരത്ത് നിന്നും വാച്ച് വാങ്ങാനാണ് കാസര്‍കോട്ടെ ജ്വല്ലറിയില്‍ പോയതെന്നാണ് സി സി ടി വി ദൃശ്യത്തില്‍ കൈയ്യോടെ കുടുങ്ങിയ പ്രദീപ് കുമാറിന്റെ വാദം. ക്ഷേത്ര ദര്‍ശനം നടത്താന്‍ കോവിഡ് കാലത്ത് കാസര്‍കോട്ടെത്തിയെന്ന ആശ്ചര്യപ്പെടുത്തുന്ന വാദവും ഇയാള്‍ തട്ടിവിടുന്നു.
പ്രദീപ് യഥാര്‍ത്ഥത്തില്‍ കാസര്‍കോട് വന്നത് ദിലീപിന്റെ വക്കീല്‍ ഗുമസ്തന്‍ എന്ന പേരിലാണെന്നും ആരാണ് ഇതിന്റെ ഗുണഭോക്താവ്, തന്നെ സ്വാധീനിച്ചാല്‍ ആര്‍ക്കാണ് നേട്ടം എന്ന് കണ്ടെത്തേണ്ടതുണ്ടെന്നും വിപിന്‍ലാല്‍ പറയുന്നു.
പ്രദീപ് ഈ കേസിലെ പ്രതിയോ, ഈ കേസുമായി ബന്ധമുള്ള ആളോ അല്ല. പ്രദീപ് തന്നെ വന്നു കണ്ടതുകൊണ്ട് ആര്‍ക്കാണ് ഗുണം എന്നാണ് തെളിയിക്കേണ്ടതെന്ന് വിപിന്‍ലാല്‍ ആവശ്യപ്പെടുന്നു.
വിപിന്‍ലാലിനെ കാണാന്‍ കഴിയാതെ വന്നപ്പോള്‍ അമ്മാവനെ കണ്ട്, പണവും വീടുവെച്ചു നല്‍കാമെന്നും ചികിത്സാ ചെലവ് വഹിക്കാമെന്നും വാഗ്ദാനം നല്‍കി. പണം നല്‍കി സ്വാധീനിക്കാനും ശ്രമിച്ചു. വഴങ്ങാത്തതിനെ തുടര്‍ന്ന് 2020 സെപ്തംബര്‍ 24, 25, 26 തീയതികളില്‍ മൂന്നു ഭീഷണിക്കത്തുകള്‍ വിപിന്‍ലാലിന് ലഭിച്ചത്. ദിലീപിന് അനുകൂലമായി മൊഴി നല്‍കിയില്ലെങ്കില്‍ ജീവഹാനി ഉണ്ടാകുമെന്നായിരുന്നു കത്തിലെ ഉള്ളടക്കം.
ജീവന് ഭീഷണി ഉയര്‍ന്നതോടെയാണ് വിപിന്‍ലാല്‍ ബേക്കല്‍ പൊലീസിനെ പരാതിയുമായി സമീപിക്കുന്നത്.
വിപിന്‍ലാലിനെ കാണുന്നതിനായി പ്രദീപ് കോട്ടാത്തല വിമാനത്തിലാണ് കാസര്‍കോട് വന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാസര്‍കോട് യാത്രക്കായി കാല്‍ ലക്ഷം രൂപ പ്രദീപ് ചെലവാക്കിയതായാണ് അന്വേഷണസംഘം കണ്ടെത്തിയത്.
അതിനിടെ തന്നെയും സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് പള്‍സര്‍ സുനിക്കൊപ്പം ജയിലില്‍ ഉണ്ടായിരുന്ന മറ്റൊരു തടവുകാരനായിരുന്ന ചാലക്കുടി സ്വദേശി ജിന്‍സണും വെളിപ്പെടുത്തിയതോടെ പൊലീസ് സൂചിപ്പിച്ച കൊച്ചിയിലെ നക്ഷത്ര ഹോട്ടലിലെ ഗൂഡാലോചനയുടെ ചുരുളുകള്‍ ഒന്നൊന്നായി അഴിയുകയാണ്.
പ്രതിഭാഗം അഭിഭാഷകന്റെ പേരു പറഞ്ഞ് കൊല്ലം സ്വദേശി നാസറാണ് ജിന്‍സണെ വിളിച്ചത്. നടിയെ ആക്രമിച്ച കേസില്‍ പ്രതികളെ സഹായിക്കുന്ന മൊഴി നല്‍കിയാല്‍ അഞ്ചുസെന്റ് ഭൂമി നല്‍കാമെന്നും 25 ലക്ഷം രൂപ നല്‍കാമെന്നുമായിരുന്നു വാഗ്ദാനം. ഇതിന്റെ ഓഡിയോ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ജിന്‍സണ്‍ വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ടു തവണയാണ് വിളിച്ചത്. തൃശൂര്‍ പീച്ചി പൊലീസില്‍ പരാതി നല്‍കിയെന്നും ജിന്‍സണ്‍ പറയുന്നു.
ദിലീപിന്റെ അടുത്ത സുഹൃത്തായ ഗണേഷ് കുമാര്‍ എം എല്‍ എയുടെ പങ്ക് തന്റെ പ്രൈവറ്റ് സെക്രട്ടറിയായ പ്രദീപ് കോട്ടത്തലയിലൂടെ പുറത്ത് വന്നാല്‍ അത് വലിയ ചര്‍ച്ചകള്‍ക്കായിരിക്കും തിരികൊളുത്തുക.
ഭരണ ക്ഷിയില്‍പ്പെട്ട എം എല്‍ എ കൂടി കേസില്‍ പങ്കാളിയാണെങ്കില്‍ അത് രാഷ്ട്രീയ രംഗത്തും കോളിളക്കമുണ്ടാക്കും. കേസിന്റെ തുടക്കത്തില്‍ മെല്ലെപ്പോക്ക് നയം സ്വീകരിച്ച പൊലീസും പ്രോസിക്യൂഷനും ഇപ്പോള്‍ ശക്തമായ നിലപാട് സ്വീകരിച്ചത് പ്രശംസനീയമാണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.