ഇതൊക്കെയെന്ത് ; കുത്തിയൊലിച്ചെത്തിയ മലവെള്ളത്തെ അതിജീവിച്ച് കുഞ്ഞൻ ഷെഡ്
ഏറ്റവും മനോഹരമായ വെള്ളച്ചാട്ടം ഏതെന്ന് അറിയാമോ?. ഇതേ ചോദ്യം ഒരു മലയാളിയോട് ചോദിച്ചാല്‍ അതിരപ്പിള്ളി എന്ന് ഒരു സംശയവും കൂടാതെ പറയും.
ആരേയും ആകർഷിക്കാൻ പോന്ന വിധം വശ്യ മനോഹരിയായ് അതിരപ്പിള്ളി വെള്ളച്ചാട്ടം മഴക്കാലത്ത് ഒഴുകുന്നു. വെള്ളച്ചാട്ടത്തിൻ്റെ ഗതിയിലും സ്വഭാവത്തിലും വ്യത്യാസം വന്നാലും യാതൊരു മാറ്റവും ഇല്ലാതെ നില്‍ക്കുന്ന ഒന്നാണ് അതിനിടയിലെ കാവല്‍മാടം. ഏറെ നാളായി എത്രതന്നെ കുത്തൊഴുക്ക് ഉണ്ടെങ്കിലും ഒരു കൂസലും ഇല്ലാതെ കൂളായി നില്‍ക്കുന്ന ഇത്തരം ഒരു നിർമ്മിതി മറ്റെവിടെയും കണ്ടിട്ടുണ്ടാകില്ല.
2018 ലെ വെള്ളപ്പൊക്കത്തിലാണ് ഇത് ഏറെ ശ്രദ്ധ നേടിയത്. അതി ശക്തമായ മഴയും, ഡാമുകളില്‍ നിന്നുള്ള നീരൊഴുക്കും ആ കാവല്‍മാടത്തിന് വെറും തലോടല്‍ മാത്രമായിരുന്നു. ആ സമയത്തെ ധാരാളം വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത് ഏവരിലും ആകാംഷ നിറയ്ക്കുകയുണ്ടായി. എന്തു കൊണ്ടാണ് ഈ കാവല്‍ മാടം വെള്ളത്തിൻ്റെ ഒഴുക്കില്‍ നശിച്ചു പോകാത്തത്?, എന്ത് ഉപയോഗിച്ചാണിത് നിർമ്മിച്ചിരിക്കുന്നത്? ആങ്ങനെ നിരവധി ചോദ്യങ്ങളായിരുന്നു എല്ലാവരുടേയും മനസ്സില്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തവണത്തെ മഴയിലും യാതൊരു വ്യത്യാസവുമില്ലാതെ ആ കാവല്‍മാടം തൻ്റെ സ്ഥാനത്ത് തല ഉയർത്തി നില്‍ക്കുന്നുണ്ട്. ഇതിനു പിന്നിലെ ചരിത്രത്തേക്കുറിച്ചും, നിർമ്മാണത്തെ കുറിച്ചുമുള്ള വിവരങ്ങളടങ്ങിയ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
2017 ലാണ് ഈ ഷെഡ് അവിടെ നിർമ്മിച്ചത് എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. വെള്ളച്ചാട്ടം കാണാൻ എത്തുന്നവർക്ക് വിശ്രമിക്കാനും, കാഴ്ച്ചകള്‍ കാണാനുമാണ് അത് അവിടെ സ്ഥാപിച്ചത് എന്ന് അവർ പറയുന്നു. ഷെഡിൻ്റെ തുണൂകളും മറ്റു ഭാഗങ്ങളും ഈറ്റയും ഓലയും ഉപയോഗിച്ചാണ് പണിതിരിക്കുന്നത്. പാറ തുരന്നാണ് തൂണുകള്‍ നാട്ടിയിരിക്കുന്നത്. അതിനാല്‍ ആവാം അതിശക്തമായി വെള്ളപ്പാച്ചിലില്‍ പോലും അടി പതറാതെ അതിങ്ങനെ നില്‍ക്കുന്നത്.
നിർമ്മാണം നടന്നത് 2017ല്‍ ആണെങ്കിലും ക്രിത്യമായ ഇടവേളകളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥർ ഈ ഷെഡിൻ്റെ അറ്റകുറ്റപ്പണികള്‍ നടത്താറുണ്ട്. ‘ഇതിലും വലിയ പെരുന്നാള്‍ വന്നിട്ട് ബാപ്പ പള്ളീല്‍ പോയിട്ടില്ലെന്ന’ ഡയലോഗ് പോലെ കുത്തിയൊലിക്കുന്ന ചാലക്കുടിപ്പുഴയില്‍ തലയുയർത്തി തന്നെ ആ കൊച്ചു ഷെഡ് നില്‍ക്കുന്നു.