അധികൃതരുടെ അശ്രദ്ധയിൽ ട്രാക്കിൽ ചോര വീണു: തലയിൽ ഹാമർ വീണ് വിദ്യാർത്ഥി ഗുരുതരാവസ്ഥയിലായ സംഭവം: പാലായിലെ സംസ്ഥാന അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് നിർത്തി വച്ചു
സ്വന്തം ലേഖകൻ
പാലാ: അധികൃതരുടെ അശ്രദ്ധയിൽ കായിക മേളയ്ക്കിടെ തലയിൽ ഹാമർ വീണ് വിദ്യാർത്ഥിയ്ക്ക് പരിക്കേൽക്കാൻ ഇടയായ സംഭവത്തിൽ അധികൃതരുടെ വീഴ്ച വ്യക്തം. സംഭവത്തിൽ അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഭാരവാഹികൾക്കെതിരെ പാലാ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇത് കൂടാതെ പാലായിൽ നടന്ന അത്‌ലറ്റിക്‌സ് മീറ്റ് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിർത്തി വയ്ക്കാനും ഫെഡറേഷൻ തീരുമാനിച്ചിട്ടുണ്ട്.
പാലാ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥി അഫീൽ ജോൺസനാണ് പരിക്കേറ്റത്. തലയിൽ മൂന്നു കിലോയുള്ള ഹാമർ വീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥിതി അതീവ ഗുരുതമാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മത്സരത്തിന്റെ വളണ്ടിയറായ അഫീലിന്റെ തലയിൽ മറ്റൊരു വിദ്യാർഥി എറിഞ്ഞ ഹാമർ പതിച്ചായിരുന്നു അപകടം. ജൂനിയർ അത്ലറ്റിക് മീറ്റിനിടെ മറ്റൊരു മത്സരാർഥി എറിഞ്ഞ ജാവലിൻ മാറ്റുന്നതിനിടെയായിരുന്നു അപകടം.
അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ജാവലിൻ, ഹാമർ ത്രോ മത്സരങ്ങൾക്ക് ഒരേ ഫിനിഷിങ് പോയിന്റ് നിശ്ചയിച്ചതും ഒരേ സമയം മത്സരം സംഘടിപ്പിച്ചതുമാണ് അപകടത്തിനിടയാക്കിയതെന്നാണ് ആരോപണം.
എന്നാൽ സംസ്ഥാന അത് ലറ്റിക് അസോസിയേഷൻ ട്രഷറർ ആർ രാമചന്ദ്രൻ ഇക്കാര്യം നിഷേധിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഒരുവിഭാഗം കായികാധ്യാപകര്‍ സംസ്ഥാന വ്യാപകമായി നിസഹകരണം നടത്തുന്നതിനിടെയാണു പാലായില്‍ ജൂണിയര്‍ അത്ലറ്റിക് മീറ്റ് നടക്കുന്നത്. അധ്യാപകരുടെ കുറവിനെത്തുടര്‍ന്നു വിദ്യാര്‍ഥികളെ ഡ്യൂട്ടിക്കു നിയോഗിക്കുകയായിരുന്നു.
ജാവലിന്‍ മത്സര വോളണ്ടിയറായിരുന്ന അഫീല്‍ ജാവലിന്‍ എടുക്കാനായി ഗ്രൗണ്ടിലേക്കു നീങ്ങവേ മൂന്നു കിലോ തൂക്കമുള്ള ഹാമര്‍ തലയില്‍ വന്നു പതിക്കുകയായിരുന്നു. അടുത്തടുത്താണ് ഇരു മത്സരവും നടന്നിരുന്നത്.
മത്സരങ്ങളുടെ അപകടസാധ്യതകള്ക്കനുസരിച്ചു ക്രമീകരണം ഏര്‍പ്പെടുത്താത്തതാണ് ദുരന്തത്തില്‍ കലാശിച്ചതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിദ്യാര്‍ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്കെതിരേ പാലാ പോലീസ് കേസെടുത്തു. കുറ്റകരമായ അനാസ്ഥയും അശ്രദ്ധയുംമൂലം അപകടമുണ്ടായതിന് 338-ാം വകുപ്പ് പ്രകാരമാണ് കേസ്.