ദുരിതം മാറി നല്ലകാലം വരാൻ ജ്യോതിഷിയെ സമീപിച്ച വയോധികൻ വീണ്ടും ദുരിതത്തിൽ: തുടക്കം 2000 രൂപയുടെ പൂജ, ഒടുവിൽ പറ്റിക്കപ്പെട്ടത് 67,000 രൂപയ്ക്ക്, പരാതിയുമായി പോലീസിൽ
കോഴിക്കോട്: ജ്യോതിഷിയുടെ നിര്‍ദേശ പ്രകാരം ദുരിതം മാറാന്‍ പണം ചിലവഴിച്ച് പൂജ ചെയ്തിട്ടും ഫലം ലഭിച്ചില്ലെന്ന പരാതിയുമായി വയോധികന്‍. കോഴിക്കോട് ചുങ്കം സ്വദേശി പി വി കൃഷ്ണനാണ് പോലീസിൽ പരാതി നൽകിയത്.
കൊമ്മേരിയിലെ ജ്യോതിഷിക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ജീവിതത്തില്‍ നിരവധി പ്രയാസങ്ങള്‍ നേരിട്ട സമയത്ത് എല്ലാത്തിനും പരിഹാരമുണ്ടാകുമെന്നും പൂജ ചെയ്യാനും ആവശ്യപ്പെട്ട് ഇയാള്‍ തന്നെ സമീപിക്കുകയായിരുന്നുവെന്ന് കൃഷ്ണന്‍ പറഞ്ഞത്. തുച്ഛമായ ചിലവേ ഉണ്ടാകൂ എന്ന് ആദ്യം പറഞ്ഞെങ്കിലും ചടങ്ങുകളെല്ലാം കഴിഞ്ഞപ്പോള്‍ ഭീമമായ തുക ആവശ്യപ്പെടുകയായിരുന്നു.
2000 രൂപയ്ക്ക് പൂജ ചെയ്താൽ ഐശ്വര്യം വരുമെന്നാണ് ജ്യോതിഷി പറഞ്ഞത്. എന്നാൽ, പിന്നീട് 67000 രൂപ വാങ്ങി. 52,000 രൂപ ഗൂഗിൾ പേ വഴിയും 15,000 രൂപ പണമായി കൈയിലുമാണ് നൽകിയത്. എന്നാല്‍ ആവശ്യപ്പെട്ട പണം നല്‍കിയിട്ടും ദുരിതത്തിന് മാറ്റമില്ലാതെ ആയപ്പോൾ പണം തിരികെ ചോദിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ജ്യോതിഷി പണം നല്‍കാന്‍ തയ്യാറായില്ല എന്നാണ് പരാതി. പരാതിയുമായി ബേപ്പൂര്‍ പോലീസിനെ സമീപിച്ചെങ്കിലും സിവില്‍ കേസായതിനാല്‍ പരിമിതികളുണ്ടെന്ന മറുപടിയാണ് ലഭിച്ചതെന്നും കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.