ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍ തുണച്ചു; ഹസ്സന് ഇത് രണ്ടാം ജന്മം

ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍ തുണച്ചു; ഹസ്സന് ഇത് രണ്ടാം ജന്മം

സ്വന്തം ലേഖകൻ

കൊച്ചി: ഹൃദയത്തിന്റെ പമ്പിങ് ശേഷി നന്നെ കുറഞ്ഞ് അതീവ ഗുരുതരാവസ്ഥയിലായ ഹസ്സന് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ അപൂര്‍വ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍

കൊച്ചി: പമ്പിങ് ശേഷി പതിനഞ്ച് ശതമാനത്തിലേക്ക് താഴ്ന്ന് ഹൃദയത്തിന്റെ താളം തെറ്റി ഏറ്റവും അപകടകരമായ അവസ്ഥയില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവേശിപ്പിച്ച 50 കാരനായ രോഗിക്ക് അപൂര്‍വ ബൈപ്പാസ് ശസ്ത്രക്രിയയിലൂടെ പുതുജീവന്‍ ലഭിച്ചു. ആലപ്പുഴ ജില്ലയിലെ അരൂര്‍ സ്വദേശി ഹസ്സനെയാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയാക് തൊറാസിക് സര്‍ജന്‍ ഡോ. എം.കെ. മൂസക്കുഞ്ഞിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ബൈപ്പാസ് ശസ്ത്രക്രിയയിലൂടെ ജീവന്‍ രക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പമ്പിങ് ശേഷി തീരെ കുറവും ഹൃദയധമനികളില്‍ 4 ബ്ലോക്കുകളുമുണ്ടായിരുന്ന ഹസ്സന്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ഇതിന് ബൈപ്പാസ് ശസ്ത്രക്രിയ അല്ലാതെ മറ്റ് പോംവഴികളില്ലെന്ന് പറഞ്ഞ ഡോക്ടര്‍മാര്‍ ഈയവസ്ഥയില്‍ ശസ്ത്രക്രിയ ചെയ്യുന്നത് അപകടകരമാണെന്നും പറഞ്ഞ് കൈയ്യൊഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഹസ്സന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഡോ: എം.കെ.മൂസക്കുഞ്ഞിയുടെ അടുക്കലെത്തുന്നത്.

ആന്‍ജിയോഗ്രാം അടക്കമുള്ള വിശദമായ രോഗനിര്‍ണയ പരിശോധനകള്‍ക്ക് ശേഷം ഹസ്സനെ ‘ഹൈറിസ്‌ക്ക് ബൈപ്പാസ് സര്‍ജറിക്ക് വിധേയമാക്കുകയായിരുന്നു. ഹസ്സന് സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് വന്നാണ് ഹൃദയത്തിന്റെ പമ്പിങ് ശേഷി സാധാരണ നിലയിലെ 60 ശതമാനത്തില്‍ നിന്നും 15 ശതമാനമായി താഴ്ന്നതെന്ന് ഡോ. മൂസക്കുഞ്ഞി പറഞ്ഞു. ഇത് 12 ശതമാനത്തിനും താഴെ ആയിരുന്നെങ്കില്‍ ജീവഹാനി വരെ സംഭവിക്കുമായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച ഹസ്സന്റെ പമ്പിങ് ശേഷി വരും മാസങ്ങളില്‍ ഏറെ കൂടാന്‍ സാദ്ധ്യതയുണ്ടെന്നും ഡോക്ടര്‍ വിശദീകരിച്ചു.

സങ്കീര്‍ണ്ണമായ ഇത്തരം ഹൃദ്രോഗത്തെ നേരിടുന്നതിനുള്ള അവബോധവും ജാഗ്രതയും സമൂഹത്തില്‍ വളര്‍ത്തിയെടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഡോ. മുസക്കുഞ്ഞി പറയുന്നു. ഹൃദയത്തിന്റെ പമ്പിങ് ശേഷി കുറയുന്ന അവസ്ഥയുള്ളവരില്‍ നെഞ്ചുവേദന, ശ്വാസതടസ്സം, കിടന്നുറങ്ങാന്‍ കഴിയാത്ത അവസ്ഥ, കാലുകളിലെ അസാധാരണമായ നീര് എന്നിവയാണ് രോഗലക്ഷണങ്ങള്‍.

ഭക്ഷണക്രമമില്ലായ്മ, ഹൃദയാഘാതം, സൈലന്റ് അറ്റാക്ക്, പ്രമേഹം, രക്താതിമര്‍ദ്ദം, പുകവലി എന്നീ കാരണങ്ങളാണ് ഹൃദയത്തിന്റെ പമ്പിങ് ശേഷി കുറയാന്‍ ഇടയാക്കുന്നത്. എന്നാല്‍, ഭൂരിഭാഗം രോഗികളിലും ഹാര്‍ട്ട് അറ്റാക്ക് മുഖേന ഹൃദയപേശികള്‍ക്കുണ്ടാക്കുന്ന നാശമാണ് പ്രധാനകാരണം. ഇതുമൂലം രക്തചംക്രമണം കുറയുന്നതിനാല്‍ ഇത്തരം രോഗികളുടെ വൃക്ക, കരള്‍, ശ്വാസകോശം, മസ്തിഷ്‌കം എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കാറുണ്ട്.

ഇന്ത്യയില്‍ ഏകദേശം ഒരു കോടിയിലധികം ജനങ്ങള്‍ ഗുരുതരമായ ഹൃദ്രോഗങ്ങളുമായി ജീവിക്കുന്നു. പൊതുവെ ഇത്തരക്കാരുടെ ആയുസ്സ് 3 മുതല്‍ 6 വരെ മാസക്കാലയളവ് മാത്രമാണെന്നും 80% പേരും ഇക്കാലയളവിനുള്ളില്‍ മരണപ്പെടുന്ന ദുരനുഭവമാണുള്ളതെന്നും ഡോ. മൂസക്കുഞ്ഞി വ്യക്തമാക്കി. ഇത്തരമൊരു സാഹചര്യത്തിലാണ് ഹസ്സനില്‍ നടത്തിയ ശസ്ത്രക്രിയയുടെ വിജയം സംതൃപ്തി പകരുന്നത്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ഹൃദയ ശസ്ത്രക്രിയ നടക്കുന്ന ബെര്‍ലിനിലെ ജര്‍മ്മന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാര്‍ഡിയാക് തൊറാസിക് ഗസ്റ്റ് സര്‍ജന്‍ കൂടിയാണ് ഡോ. മൂസക്കുഞ്ഞി.