
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്രിക സമർപ്പണം ആരംഭിച്ചിരിക്കെ കോണ്‍ഗ്രസിന് മുന്നില്‍ പ്രതിസന്ധി. ആകെ 55 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇതുവരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. 41 സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ ഇനിയും പ്രഖ്യാപിക്കേണ്ടതുണ്ട്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇനി രണ്ട് ദിവസം മാത്രമാണ് മുന്നിലുള്ളത്.
23ാം തീയതി വരെയാണ് പത്രിക സമർപ്പണത്തിന് സമയമുള്ളതെങ്കിലും ഇതിനിടയില്‍ പെരുന്നാള്‍ അവധിയും ഞായറാഴ്ചയും വരും. അതായത് 21, 23 തീയ്യതികളില്‍ മാത്രമാണ് പത്രിക സമർപ്പിക്കാൻ സമയം ലഭിക്കുക. ഇപ്പോഴും കോണ്‍ഗ്രസിന് പല സീറ്റുകളിലും സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ സാധിച്ചിട്ടില്ല. പല സീറ്റുകളിലും സ്ഥാനാർത്ഥികളാരെന്നതില്‍ തർക്കം നിലനില്‍ക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.


