
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെതിരെ ഹേറ്റ് ക്യാമ്പെയിനുമായി സി.പി.എം രംഗത്ത്. സി.പി.എമ്മിന്റെ സൈബർ ആക്രമണത്തിനു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ, 50 ലക്ഷം ലൈക്ക് എന്ന കവർ ഫോട്ടോ ഏഷ്യാനെറ്റിനു പിൻവലിക്കേണ്ടിയും വന്നു.
ഇന്നലെയാണ് സി.പി.എമ്മിന്റെ പ്രതിനിധികൾ ഏഷ്യാനെറ്റിന്റെ ചാനൽ ചർച്ചയിൽ പങ്കെടുക്കിലെന്നു പരസ്യ പ്രസ്താവന നടത്തിയത്. ഇതിനു പിന്നാലെയാണ് സി.പി.എം സൈബർ പോരാളികളുടെ നേതൃത്വത്തിൽ വ്യാപകമായ ആക്രമണം ആരംഭിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏഷ്യാനെറ്റ് ചാനൽ ബഹിഷ്കരിക്കാനും, ഏഷ്യാനെറ്റിന്റെ ഫെയ്സ്ബുക്ക് പേജിലെയും, യു.ട്യൂബിലെയും ലൈക്കുകൾ ഡിസ് ലൈക്ക് ചെയ്യാനുമായിരുന്നു ആഹ്വാനം. ഇത് അനുസരിച്ചു ശക്തമായ സൈബർ ആക്രമണമാണ് ഏഷ്യാനെറ്റിന്റെ ഫെയ്സ്ബുക്ക് പേജിൽ നടക്കുന്നത്.
അഞ്ചു മണിക്കൂർ കൊണ്ട് ഒരു ലക്ഷം ലൈക്കാണ് ഫെയ്സ്ബുക്കിൽ ഇപ്പോൾ ഏഷ്യാനെറ്റിന് കുറഞ്ഞിരിക്കുന്നത്. അൻപത് ലക്ഷം ഫെയ്സ്ബുക്ക് പേജ് ലൈക്കുകൾ ഉണ്ടായിരുന്ന ഏഷ്യാനെറ്റിന്റെ നില ഏതാണ്ട് ഒരു ലക്ഷത്തിനു മുകളിലാണ് കുറഞ്ഞത്. ഏഷ്യാനെറ്റിന്റെ യു.ട്യൂബ് ചാനലിനെതിരെയും സൈബർ ആക്രമണം അതിരൂക്ഷമായി നടക്കുന്നുണ്ട്.
ഇത്ര ശക്തമായ സൈബർ ആക്രമണം ആദ്യമായാണ് ഏഷ്യാനെറ്റിന് കേരളത്തിൽ നേരിടേണ്ടി വരുന്നത്. നേരത്തെ ഏഷ്യാനെറ്റിന്റെ ചർച്ചകളിൽ നിന്നും വിട്ടു നിൽക്കാൻ സംഘപരിവാർ തീരുമാനിച്ചിരുന്നു. എന്നാൽ, അന്ന് സംഘപരിവാർ ഗ്രൂപ്പുകൾ പോലും ഇത്തരത്തിൽ ഹേറ്റ് ക്യാമ്പെയിൻ നടത്തിയിരുന്നില്ല.
വാട്സ്അപ്പിലൂടെയും, ഏഷ്യാനെറ്റിന്റെ വാർത്തകളുടെ കമന്റ് ബോക്സിലുമായാണ് ഓൺലൈൻ സൈബർ ആക്രമണം നടക്കുന്നത്. സ്വർണ്ണക്കടത്ത് വിഷയത്തിൽ സി.പി.എം പ്രതിനിധികൾക്കു ചാനൽ ചർച്ചയിൽ മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നതാണ് ഇപ്പോഴത്തെ സൈബർ ആക്രമണത്തിനു കാരണം.