
നിന്റെ തന്ത കള്ളുകുടിച്ചോ എന്ന് പരിശോധിക്കലല്ല പൊലീസിന്റെ പണി ; പരാതി പറയാനെത്തിയ അച്ഛനെയും മകളെയും ഭീഷണിപ്പെടുത്തിയ എ. എസ്.ഐ മുൻപ് മന്ത്രി അനിൽകുമാറിന്റെ ഗൺമാനായിരുന്നയാൾ : അച്ഛനോടും മകളോടും അപമര്യാദയായി പെരുമാറിയ എ.എസ്.ഐയെ കുട്ടിക്കാനം ക്യാമ്പിലേക്ക് തെറിപ്പിച്ച് മുഖം രക്ഷിച്ച് ഡി. ജി.പി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പരാതി നൽകാൻ എത്തിയ പിതാവിനും മകൾക്കും നേരെ അതിക്രമം നടത്തിയ പൊലീസുകാരനെ കുട്ടിക്കാനം ക്യാമ്പിലേക്ക് തെറിപ്പിച്ച് പൊലീസിന്റെമുഖം രക്ഷിച്ച് ഡി. ജി.പി. തിരുവനന്തപുരം നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകാൻ എത്തിയ അച്ഛനോടും മകളോടും എ. എസ്.ഐ മോശമായി പെരുമാറിയത്.
കള്ളിക്കാട് തേവൻകോട് പള്ളിവേട്ട സ്വദേശി സുദേവനും മകൾക്കുമാണ് സ്റ്റേഷനിൽ ദുരനുഭവം ഉണ്ടായത്.കുടുംബപ്രശ്‌നവുമായി ബന്ധപ്പെട്ട പരാതി നൽകാനാണ് സുദേവനും മകളും നെയ്യാർ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്.എന്നാൽ എഎസ്‌ഐ ഗോപകുമാർ പരാതി സ്വീകരിക്കാതെ പിതാവിനും മകൾക്കും നേരെ പൊട്ടിത്തെറിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂത്ത മകൾ ഒരുയുവാവുമായി പ്രണയത്തിലായിരുന്നു. ഇതിനെ ചോദ്യം ചെയ്ത സുദേവനെ വീട്ടിൽ കയറി യുവാവ് അതിക്രമിക്കുകയായിരുന്നു.എന്നാൽ പരാതിയുമായി നെയ്യാർ സ്റ്റേഷനിലെത്തിയ അച്ഛനോടും മകളോടും പരാതി സ്വീകരിക്കാൻ കഴിയില്ലെന്നും മദ്യപിച്ചാണ് എത്തിയതെന്ന് ആക്രോശിച്ചുമാണ് പൊലീസുകാരൻ ഇവർക്ക് നേരെ പൊട്ടിത്തെറിച്ചത്.
നീ മദ്യപിച്ചിട്ടാണ് ഇവിടെ എത്തിയതെന്ന് ആരോപിച്ചാണ് അതിക്രമം അരങ്ങേറിയത്. പിതാവ് മദ്യപിക്കില്ലെന്ന് ഒപ്പമുണ്ടായിരുന്ന മകൾ പറഞ്ഞെങ്കിലും ഈ വാദം കേൾക്കാൻ പൊലീസ് ഉദ്യോഗസ്ഥൻ തയ്യാറായില്ല.
സാറിന് വേണമെങ്കിൽ ഊതിപ്പിക്കാം എന്ന് പെൺകുട്ടി പറഞ്ഞതോടെ നിന്റെ തന്തയെ ഓതിപ്പിക്കാനല്ല ഞാൻ ഇവിടെ ഇരിക്കുന്നതെന്ന് പൊലീസുകാരന്റെ മറുപടി. പരാതി പറയാൻ എത്തുന്നവരോട് ഇങ്ങനെയണോ പെരുമാറുന്നത് സാറെ എന്ന് ചോദിക്കുമ്പോൾ ഇവിടുത്തെ രീതി ഇങ്ങനെയാണ് എന്ന് എഎസ്‌ഐ ഗോപകുമാർ പറയുന്നതും വീഡിയോയിലുണ്ട്.
സംഭവം വിവാദമായതോടെ ഡി.ജി.പി പ്രശ്‌നത്തിൽ നേരിട്ട് ഇടപെടുകയും പരാതിക്കാരെ അപമാനിച്ച എഎസ്‌ഐ ഗോപകുമാറിനെ കുട്ടിക്കാനത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തു. രണ്ട് ദിവസത്തിനുള്ളിൽ ഹാജരാകനാണ് ഉത്തരവിട്ടിരിക്കുന്നത്. ഗോപകുമാർ മുൻപ് മന്ത്രി കെ പി അനിൽകുമാറിന്റെ ഗൺമാനായിരുന്നു’. 24 നാണ് സംഭവം നടക്കുന്നത്. എൻ.എസ് ജി പരിശീലനം നേടിയ പൊലീസ് ഉദ്യോഗസ്ഥൻ കൂടിയാണ് ഗോപകുമാർ.