മേയര്‍ ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദമായതോടെ സര്‍ക്കാര്‍ ഇടപെടല്‍; 295 തസ്തികകളില്‍ നിയമനം എംപ്ലോയ്മെന്റ് എക്ചേഞ്ച് വഴി; ഒഴിവുകള്‍ വേഗത്തില്‍ നികത്തുമെന്ന് മന്ത്രി എം ബി രാജേഷ്; മേയര്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കി പ്രതിപക്ഷം
സ്വന്തം ലേഖിക
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ താല്‍ക്കാലിക നിയമനം സംബന്ധിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്റെ കത്ത് പുറത്തായതിന് പിന്നാലെ സര്‍ക്കാരിൻ്റെ ഇടപെടൽ.
295 താല്‍ക്കാലിക തസ്തികകളില്‍ നിയമനം എംപ്ലോയ്മെന്റ് എക്ചേഞ്ച് വഴിയാക്കും. താല്‍ക്കാലിക ഒഴിവുകള്‍ വേഗത്തില്‍ നികത്തുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മേയറുടെ കത്ത് പുറത്ത് വന്നത് വലിയ വിവാദമായ സാഹചര്യത്തിലാണ് ഇടപെടല്‍. കരാര്‍ നിയമനത്തിന് പാര്‍ട്ടി മുന്‍ഗണന ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അയച്ച കത്ത് പുറത്തുവന്നതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്.
ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്. കത്തയച്ചില്ലെന്ന് മേയറും കത്ത് കിട്ടിയില്ലെന്ന് ആനാവൂര്‍ നാഗപ്പനും വിശദീകരിച്ചപ്പോള്‍, സ്വജന പക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും ആരോപിച്ച് മേയര്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കുകയാണ് പ്രതിപക്ഷം.
കോര്‍പറേഷന് കീഴിലെ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്ക് 295 ഒഴിവുണ്ട്. ഡോക്ടര്‍മാര്‍ അടക്കം ഒൻപത് തസ്തികകളില്‍ ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
ഉദ്യോഗാര്‍ത്ഥികളുടെ മുന്‍ഗണന പട്ടിക ലഭ്യമാക്കാന്‍ നടപടി ആവശ്യപ്പെട്ടാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ സഖാവേ എന്ന അഭിസംബോധന ചെയ്ത് അയച്ച കത്ത് ഒരു വാര്‍ഡിലെ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് സമൂഹമാധ്യമത്തില്‍ വൈറലായത്. കത്തിനെ കുറിച്ച് അറിയില്ലെന്നാണ് മേയര്‍ പ്രതികരിച്ചത്.