
സ്വന്തം ലേഖിക
ആലപ്പുഴ: ജില്ലയില്‍ മിഴിതുറക്കാനാവാതെ നില്‍ക്കുന്നത് 41 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍.
ആദ്യം ഏപ്രില്‍ ഒന്നിനും പിന്നീട് ഈ മാസം 15നും ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. രണ്ടും നടപ്പായില്ല. കേന്ദ്രാനുമതി ലഭിക്കുന്നതിലെ കാലതാമസമാണ് പ്രശ്നമെന്നാണ് പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്യോഗസ്ഥരില്ലാതെ തന്നെ റോഡ് സുരക്ഷാ നിയമലംഘനങ്ങള്‍ കണ്ടെത്താമെന്നതാണ് എ.ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ക്യാമറകളുടെ പ്രത്യേകത. സംസ്ഥാനത്തുടനീളം സുരക്ഷാ ക്യാമറകളുണ്ടെങ്കിലും, നിയംലംഘനം നടന്നിട്ടുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ സദാ നിരീക്ഷിച്ച്, നിയമലംഘകര്‍ക്ക് നോട്ടീസ് അയക്കുന്നതാണ് പതിവ്.
അതേസമയം എ.ഐ ക്യാമറകള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന്‍ സോഫ്റ്റ് വെയറുമായി ബന്ധിപ്പിക്കുന്നതോടെ, നിയമം ലംഘിച്ചവരെ ക്യാമറ തന്നെ കണ്ടെത്തും. ഹെല്‍മെറ്റ്, സീറ്റ്ബെല്‍റ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗം, വ്യാജനമ്പര്‍, അമിത ലോഡ് തുടങ്ങിയവയെല്ലാം ക്യാമറയില്‍ പതിയുമെന്ന പ്രഖ്യാപനവും, തൊട്ടു പിന്നാലെ ക്യാമറകള്‍ സ്ഥാപിക്കലും നടന്നതോടെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രതയിലായിരുന്നു. എന്നാല്‍ ക്യാമറ ഇനിയും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെന്ന് ബോദ്ധ്യമായതോടെ ലാഘവത്തോടെയുള്ള ഡ്രൈവിംഗ് വീണ്ടും ആരംഭിച്ചവരുണ്ട്.
വാഹനത്തിനുള്ളിലേക്ക് വരെ ക്യാമറ സൂം ചെയ്ത് വിവരങ്ങള്‍ ശേഖരിക്കാനാവുന്ന സംവിധാനം ഉയര്‍ത്തുന്ന സുരക്ഷാ വെല്ലുവിളിയാണ് കേന്ദ്രത്തില്‍ നിന്നുള്ള അനുമതി വൈകാന്‍ കാരണമെന്നാണ് അറിയുന്നത്. ക്യാമറ ശേഖരിക്കുന്ന വിവരങ്ങള്‍ സോഫ്റ്റ് വെയറിലേക്ക് കൈമാറാന്‍ കേന്ദ്രാനുമതി ആവശ്യമാണ്.
സൈറ്റ് കൈകാര്യം ചെയ്യുന്ന നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററില്‍ നിന്നാണ് വിവരങ്ങള്‍ കിട്ടേണ്ടത്. കെല്‍ട്രോണിന്റെ മേല്‍നോട്ടത്തിലാണ് 30 ലക്ഷത്തോളം രൂപവരുന്ന ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നതും മുന്നോട്ടുള്ള സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതും.
സൗരോര്‍ജ്ജത്തിലാണ് ക്യാമറകളുടെ പ്രവര്‍ത്തനം. പോസ്റ്റില്‍ തന്നെ സോളാര്‍ പാനല്‍ സ്ഥാപിച്ചിട്ടുണ്ട്. എ.ഐ ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ നിയമ ലംഘകരെ കണ്ടെത്താന്‍ സമയം ചെലവഴിക്കുന്ന ഉദ്യോഗസ്ഥരെ മറ്റ് ചുമതകലകളിലേക്ക് ഏര്‍പ്പെടുത്താനാവുമെന്ന നേട്ടമുണ്ട്. വ്യക്തമായ ചിത്രങ്ങളോടെയാവും നിയമലംഘകരുടെ വിലാസത്തിലേക്ക് നോട്ടീസെത്തുക.







