ആർട്ടിക്കിൾ 370 മാത്രമല്ല ഭാരത ഭരണഘടന തന്നെ തിരുത്തണം: അഡ്വ: എസ്.ജയസൂര്യൻ
സ്വന്തം ലേഖകൻ
കോട്ടയം: ജമ്മു കശ്മീർ എന്ന ഭൂവിഭാഗം ഭാരതത്തിന്റെ അവിഭാജ്യ ഭൂഭാഗമായി ക്രിസ്തുവിന് മൂവായിരം കൊല്ലങ്ങൾക്ക് മുമ്പ് തന്നെ കരുതപ്പെട്ടിരുന്നു എന്നും അതിന് പ്രത്യേക പദവി നൽകേണ്ട ഒരു സാഹചര്യവും നിലവിലില്ലാ എന്നും അഡ്വ. എസ്. ജയസൂര്യൻ അഭിപ്രായപ്പെട്ടു.
ആർട്ടിക്കിൾ 370 ഭാരത ഭരണ ഘടനയിലെ കരടാണ് എന്നും അത് നീക്കം ചെയ്തതോടെ ഇനിയൊരു ഭൂഭാഗത്തിനും അത്തരം ആനുകൂല്യങ്ങൾ ആവശ്യപ്പെടാനാവാത്ത വിധം ഭരണഘടന സുശക്തമായെന്നും അദ്ദേഹം പറഞ്ഞു. താൽക്കാലികമായ ഒരു സംവിധാനമായിരുന്നു ആർട്ടിക്കിൾ 370 പ്രകാരം കശ്മീരിന് നൽകിയതെന്ന് പറഞ്ഞത് ജവഹർലാൽ നെഹ്റു വായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്നുള്ളവർ അത് സ്ഥിരം പദവിയാക്കുന്നതിന് മൽസരിച്ചത് ഭാരതത്തെ ഭിന്നിപ്പിച്ച് നിലനിർത്തുന്നതിനായിട്ടാണ്. സുശക്തമായ ഭരണഘടനയിലൂടെ ദേശമൊട്ടാകെ ഒരു കുടക്കീഴിൽ എത്തുക എന്ന ലക്ഷ്യത്തോട് ഭാരതം അടുത്തിരിക്കുകയാണ്. അതിനായി ഭാരത ഭരണഘടന തന്നെ മാറ്റിയെഴുതേണ്ട സമയം സമാഗതമായിരിക്കുന്നു.
ഭാരതീയ അഭിഭാഷക പരിഷത്തിന്റെ നേതൃത്വത്തിൽ കോട്ടയത്ത് ദേശീയ നിയമ ദിനം ആചരണത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ധാർമ്മിക ചിന്താഗതിയിൽ അടിത്തറയൂന്നിയുള്ള സാമൂഹിക പുനർനിർമ്മാണത്തിന് ഭരണഘടനയെ ആഴത്തിൽ വിലയിരുത്തുന്നതിന് ഭാരതീയചിന്താധാരകളിലൂന്നിയ പഠനങ്ങൾ ആവശ്യമാണ് എന്ന് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ കാര്യകാരി സദസ്യനും കൂടിയായ അഡ്വ.എൻ.ശങ്കർ റാം അഭിപ്രായപ്പെട്ടു. ഭാരതീയ അഭിഭാഷക പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ദേശീയ നിയമ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ തലത്തിലുള്ള ഭാരതത്തിന്റെ ഉണർവ്വിനനുസൃതമായ മാറ്റങ്ങൾ ഭരണഘടനയിൽ ഉൾക്കൊള്ളണമെന്ന് അഡ്വ.ഡോ.വി.ടി. റജിമോൻ ആവശ്യപ്പെട്ടു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയത് ഭാരതം ചെയ്ത വലിയൊരു തെറ്റായിരുന്നു.അത് തിരുത്തിയതോടെ ഭരണഘടനയുടെ മൂല്യം വർദ്ധിച്ചു.
ദേശീയ നിയമ ദിനാചരണ സമ്മേളനത്തിൽ
ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ അദ്ധ്യക്ഷൻ അഡ്വ. അനിൽ ഐക്കര അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എൻ.ശങ്കർ റാം യോഗം ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ.എസ്.ജയസൂര്യൻ ‘ഭരണ ഘടനയും ദേശീയതയും ആർട്ടിക്കിൾ 370 ന് ശേഷം ” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. അഡ്വ.ഡോ.വി.ടി റെജിമോൻ, അഡ്വ.ശ്രീനിവാസ് വി പൈ, അഡ്വ.അജി ആർ നായർ, അഡ്വ. സേതുലക്ഷ്മി എന്നിവർ സംസാരിച്ചു.