
ഒട്ടും പ്രതീക്ഷിക്കാതെ 1977-ൽ ഹോട്ടൽ വ്യവസായത്തിൽ നിന്നും സിനിമാരംഗത്തേയ്ക്ക് ചുവടുവെച്ച ആളാണ് അരോമ മണി, പിന്നീടുള്ള കാലം ദീർഘവീക്ഷണത്തിന്റെ പിൻബലത്തിൽ പിറന്നത് എണ്ണം പറഞ്ഞ ഹിറ്റുകൾ. സിനിമ നിർമാതാവിന്റെ കുപ്പായമണിഞ്ഞ അരോമ മണിയെന്ന എം മണി 62 സിനിമകളാണ് മലയാളത്തിന് സമ്മാനിച്ചത്. അതിൽ ഭൂരിപക്ഷവും വിജയചിത്രങ്ങൾ.
അരോമ മണിയുടെ വിജയഫോർമുല എന്തെന്നുപോലും മറ്റുള്ളവർ ഉറ്റുനോക്കിയ സിനിമ കരിയർ. അരോമ മൂവീസ്, സുനിത പ്രൊഡക്ഷൻസ് എന്നീ ബാനറുകളിലാണ് ഇത്രയും ചിത്രങ്ങൾ അരോമ മണി നിർമിച്ചത്. കഥയെഴുത്തിലും മികവുകാട്ടിയ അരോമ മണി കരിയറിൽ ഏഴ് ചിത്രങ്ങളും സംവിധാനവും ചെയ്തു.
പിന്നീട് കരിയറിൽ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല അരോമ മണിക്ക്. ഇടയ്ക്ക് പരാജയചിത്രങ്ങൾ വന്നപ്പോഴും ഗംഭീര ഹിറ്റുകളുമായി പൂർവാതികം ശക്തിയോടെ മടങ്ങിയെത്തി. തിരക്കഥ പൂർത്തിയായാൽ മാത്രം മതി ചിത്രീകരണം എന്ന വാശിയും അദ്ദേഹത്തിനുണ്ടായിരുന്നു. സംവിധായകനും എഴുത്തുകാരനുമായി തിരക്കഥ ചർച്ച ചെയ്യുന്നതിലും എം മണി പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു. തിരക്കഥ പൂർത്തിയായില്ലെങ്കിൽ ഷൂട്ട് ചെയ്യേണ്ട ദിവസം ഏറുമെന്നും സാമ്പത്തിക നഷ്‌ടം ഉണ്ടാകുമെന്നുള്ള പ്രത്യശാസ്ത്രത്തിൽ വിശ്വസിച്ചിരുന്നയാളാണ് ഈ നിർമാതാവ്, അതാവാം ചിലപ്പോൾ അദ്ദേഹത്തിന്റെ വിജയമന്ത്രവും. നിർമാണത്തിനൊപ്പം എഴുത്തും സംവിധാനവും ഒപ്പം കൂട്ടാനായതും കരിയറിലെ നേട്ടമായിരുന്നു. മലയാളത്തിന് പുറമെ തമിഴ് ചിത്രങ്ങളും അരോമ മണി നിർമിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേശീയ പുരസ്കാരമടക്കം നിരവധി അം ഗീകാരങ്ങൾ അരോമ മണിയെ തേടിയെത്തിയിട്ടുണ്ട്. പത്മരാജൻ സംവിധാനം ചെയ്ത ‘തിങ്കളാഴ്‌ച നല്ലദിവസം’ കേന്ദ്ര- സംസ്ഥാന അവാർഡുകൾ നേടിയിരുന്നു. അരോമയുടെ ബാനറിൽ സിബി മലയിൽ സംവിധാനം ചെയ്‌ത ‘ദൂരെ ദൂരെ ഒരു കൂടുകൂട്ടാം’ എന്ന ചിത്രത്തിന് ദേശീയ പുരസ്കാരവും ലഭിച്ചു.
വിജയങ്ങളിൽ അമിത ആഹ്ളാദമില്ലാത്ത, പരാജയങ്ങളിൽ തളരാത്ത മനോഭാവവും അദ്ദേഹത്തിന് കരുത്തായിട്ടുണ്ട്. എല്ലാത്തരം ചിത്രങ്ങളും ഇഷ്ടമായിരുന്നെങ്കിലും കുടുംബചിത്രങ്ങളോട് പ്രത്യേക ഇഷ്ടം അരോമ മണിക്കുണ്ടായിരുന്നു.
തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, ജനാധിപത്യം, എഫ്.ഐ.ആർ, ബാലേട്ടൻ, കമ്മീഷണർ, ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, ഇരുപതാം നൂറ്റാണ്ട്, മാമ്പഴക്കാലം, ധ്രുവം…. അരോമ മണി നിർമിച്ച മികച്ച ചിത്രങ്ങളുടെ നിര ഇനിയും നീളും. ഫഹദിനെ നായകനാക്കി ശ്യാമപ്രസാദിന്റെ സംവിധാനത്തിൽ 2013-ൽ പുറത്തിറങ്ങിയ ‘ആർട്ടിസ്റ്റ്’ ആണ് അവസാന ചിത്രം.
ആ ദിവസം (1982), കുയിലിനെ തേടി (1983), എങ്ങനെ നീ മറക്കും (1983), എന്റെ കളിത്തോഴൻ (1984), മുത്തോട് മുത്ത് (1984), ആനക്കൊരുമ്മ (1985), പച്ച വെളിച്ചം (1985) എന്നീ ചിത്രങ്ങളാണ് അരോമ മണി സംവിധാനം ചെയ്തത്.