
ഷിരൂർ: മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുനടക്കം 3 പേർക്കായുള്ള തെരച്ചിലിൽ നിർണായക കണ്ടെത്തൽ. അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ലോഹഭാഗം കണ്ടെത്തി. ലോറിയുടെ പിന്നിലെ ഡോറിന് താഴെയുള്ള ഇരുമ്പ് കമ്പിയാണ് തെരച്ചിലിൽ കിട്ടിയത്.
ലോറിയുടെ ആർ സി ഉടമ മുബീൻ ലോഹഭാഗം തിരിച്ചറിഞ്ഞു. മാസങ്ങളായി നടത്തുന്ന തെരച്ചലിൽ അർജുന്‍റെ ലോറിയുടെ ലോഹഭാഗം കിട്ടുന്നത് ഇതാദ്യമാണ്. ലോറിയുടെ പിന്നിലെ ഡോറിന് താഴെയുള്ള ചുവപ്പും വെള്ളയും പെയിന്‍റ് അടിച്ച ഭാഗമാണ് ഇത്.
ലോറി ഉടമ മുബീൻ ഡ്രഡ്ജറിൽ പോയാണ് ഈ ലോഹഭാഗം തിരിച്ചറിഞ്ഞത്. നാവികസേന മാർക്ക് ചെയ്ത ഇടത്തിന് സമീപം ആണ് ഈ ഭാഗം കിട്ടിയിരിക്കുന്നത്. അർജുന്റെ ലോറിയുടേത് എന്ന് സ്ഥിരീകരിക്കുന്ന ഒരു ലോഹഭാഗം ഈ ഘട്ടത്തിലെ തെരച്ചിലിൽ ഇത് ആദ്യമായാണ് കിട്ടുന്നത്. നേരത്തെ ലോറിയിലുണ്ടായിരുന്ന അക്യേഷ്യ മരത്തടികളും, ലോഡ് കെട്ടുന്ന കയറും കിട്ടിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് ഗംഗാവലി പുഴയിൽ നടത്തിയ തെരച്ചിലിൽ മറ്റൊരു ലോറിയുടെ ഭാഗം കണ്ടെത്തിയിരുന്നു. ലോറിയുടെ പിൻഭാഗത്തെ ടയറുകൾ ആണ് കണ്ടെത്തിയത്. നാവികസേന മാർക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് 4 ടയറുകളോട് കൂടിയ ലോറിയുടെ പിൻഭാഗം കണ്ടെത്തിയത്.
അർജുന്‍റെ ലോറിയുടേതാണെന്ന് കരുതിയെങ്കിലും പിന്നീട് ഇത് മറ്റൊരു ലോറിയുടേതാണെന്ന് സ്ഥിരീകരിച്ചു. അർജുന്‍റെ ലോറി കണ്ടെത്താനായുള്ള തെരച്ചിൽ നാളെയും തുടരുമെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ പറഞ്ഞു.