
ഭഗവാനേ കാത്തോളണമേ, ഉത്രം നക്ഷത്രത്തിൽ ഉദിച്ചുയരട്ടെ’ !!!അരിക്കൊമ്പന്റെ ആരോഗ്യത്തിനായി അർച്ചനയും , ഭാഗ്യസൂക്തവും, മൃത്യുഞ്ജയ പുഷ്പാഞ്ജലിയും ; തൊടുപുഴ സ്വദേശിയായ ആനപ്രേമിയുടെ വഴിപാട് രസീത് സോഷ്യൽ മീഡിയയിൽ വൈറൽ
സ്വന്തം ലേഖകൻ
ഇടുക്കി: അരിക്കൊമ്പന്റെ ആരോഗ്യത്തിനായി വഴിപാടുകൾ വീണ്ടും ചർച്ചയാകുന്നു. കുമളി ശ്രീദുർഗ്ഗ ഗണപതി ഭദ്രകാളീ ക്ഷേത്രത്തിൽ ഒരു മൃഗസ്‌നേഹി അരിക്കൊമ്പന്റെ പേരിൽ നടത്തിയ വഴിപാടുകളുടെ രസീതിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരിക്കുന്നത്. ‘അരിക്കൊമ്പൻ- നക്ഷത്രം ഉത്രം’ എന്നാണ് വഴിപാട് രസീതിൽ നൽകിയിരിക്കുന്നത്. അർച്ചനയും ഭാഗ്യസൂക്ത പുഷ്പാഞ്ജലിയുമാണ് വഴിപാട് ഇനങ്ങൾ. അരിക്കൊമ്പന്റെ ആയുരാരോഗ്യത്തിനായി ക്ഷേത്രങ്ങളിൽ പൂജയും വഴിപാടും നടത്തുന്നത് തുടരുകയാണ്.
ഇതിനിടെ തൊടുപുഴ മണക്കാട് സ്വദേശി സന്തോഷ് സമീപത്തുള്ള മണക്കാട് നരസിംഹ സ്വാമി ക്ഷേത്രത്തിൽ അരിക്കൊമ്പന് വേണ്ടി മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തി. അരിക്കൊമ്പന്റെ ജന്മനാടായ ചിന്നക്കനാലിൽ നിന്ന് നാട് കടത്തിയത് മുതൽ സന്തോഷ് അസ്വസ്ഥനായിരുന്നു. ചെറുപ്പം മുതൽ മൃഗങ്ങളോടുള്ള അകമഴിഞ്ഞ സ്‌നേഹമാണ് അരിക്കൊമ്പന് വേണ്ടി വഴിപാട് കഴിക്കാൻ പ്രേരിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാട്ടാനയ്‌ക്കായി വഴിപാട് കഴിപ്പിക്കണമെന്ന ഭക്തന്റെ ആഗ്രഹത്തിനൊപ്പം മണക്കാട് നരസിംഹസ്വാമി ക്ഷേത്രത്തിലെ അധികൃതരും ഒപ്പം നിക്കുകയായിരുന്നു. അതേസമയം അരിക്കൊമ്പനെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചിന്നക്കനാലിൽ ഗോത്ര ജനത സൂചനാ സമരം നടത്തിയിരുന്നു. മുതുവാൻ വിഭാഗത്തിൽപ്പെട്ട അഞ്ച് കുടികളിലുള്ളവരായിരുന്നു സമരത്തിലുണ്ടായിരുന്നത്.